സ്വകാര്യമേഖലയിലെ മികച്ച ഡോക്ടർക്കുള്ള 2023-ലെ കൈരളി ടി വി ഡോക്ടേഴ്സ് പുരസ്കാരത്തിന് കോഴിക്കോട് മൈത്ര ആശുപത്രിയിലെ ഡോ. മുരളി പി വെട്ടത്ത് അര്‍ഹനായി. എണ്ണായിരത്തിലേറെ ഓപ്പൺ ഹാർട്ട് സർജറികളും അയ്യായിരത്തിൽപ്പരം ബൈപ്പാസ് സർജറികളും ചെയ്ത വൈദഗ്ധ്യം. രണ്ട് ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പേറ്റന്‍റ് സ്വന്തമായുള്ള ലോകത്തിലെ തന്നെ ഏക ഹൃദയ ഡോക്ടർ കൂടിയാണ് മുരളി പി വെട്ടത്ത്.
ഓസ്ട്രേലിയയിൽ പഠിച്ച് ദീർഘകാലം വിദേശത്തു ജോലി ചെയ്ത് കോഴിക്കോട്ടെത്തിയ ഡോക്ടർ ഇന്ന് പാവങ്ങളുടെ ഡോക്ടറുമാണ്. നിർധനർക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തുന്ന ‘സേവ് എ ഹാർട്ട്, സേവ് എ ലൈഫ്’ പദ്ധതിയുടെ പ്രയോക്താവ്.
ലോകം അംഗീകരിച്ച രണ്ട് ജനാരോഗ്യ ഉപകരണങ്ങൾ കണ്ടുപിടിച്ചു എന്നതിനൊപ്പം കുറഞ്ഞ ചെലവില്‍ അത് രോഗികളിലേക്ക് എത്തിക്കികയും ചെയ്തിട്ടുണ്ട് അദ്ദേഹം. വലിയ ചിലവേറിയതും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങള്‍ സാധാരണ രോഗികള്‍ക്ക് താങ്ങാതെ വന്നപ്പോഴാണ് സ്വന്തം കണ്ടുപിടിത്തവുമായി ഡോ.മുരളി പി വെട്ടത്ത് രംഗത്തെത്തുന്നത്.
ഹൃദയശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ‘അനസ്റ്റമോട്ടിക് ഒബ്റ്റുറേറ്റർ’ എന്ന ഉപകരണത്തിനാണ് അദ്ദേഹം ആദ്യ ബദല്‍ കണ്ടെത്തുന്നത്. 2004-ൽ ഫ്ലോറിഡയിൽ ചേർന്ന ഒമ്പതാം ‘കാർഡിയോ ടെക്നിക്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് സമ്മേളനം’ അദ്ദേഹത്തിന്‍റെ കണ്ടെത്തലിന് അംഗീകാരം നല്കി. പിന്നാലെ ഈ കണ്ടുപിടിത്തത്തിന് പേറ്റന്‍റും ലഭിച്ചു.
ഹൃദയമിടിപ്പ് നിർത്താതെയുള്ള ശസ്ത്രക്രിയയ്ക്ക് ഒരു ‘സ്റ്റെബിലൈസർ’ ഉപയോഗിക്കാറുണ്ട്. അതിനുള്ള ബദല്‍ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. 2015-ൽ അതും അദ്ദേഹം വികസിപ്പിച്ചു. ഈ കണ്ടുപിടിത്തത്തിന് 2022-ൽ പേറ്റന്‍റ് ലഭിച്ചു.
ഡോ. മുരളിയുടേത് ജനകീയാരോഗ്യ സങ്കല്പത്തിന്‍റെ മികച്ച പ്രയോഗവുമാണ്. വിദേശ നിർമ്മിത ഒബ്റ്റുറേറ്ററിന് 500 ഡോളർ വിലയുണ്ട്. അത് ഒരു ഓപ്പറേഷനു മാത്രമേ ഉപയോഗിക്കാനാവൂ. ഡോക്ടർ മുരളിയുടെ ഒബ്റ്റുറേറ്ററിന് 500 രൂപയ്ക്കടുത്തേ വിലയുള്ളൂ. വീണ്ടും ഉപയോഗിക്കാം. വിദേശ സ്റ്റെബിലൈസറിന് 1500 ഡോളറാണ് വില. ഡോക്റുടെ ബദലിനും അതേ വില വരും. പക്ഷേ, ഉപകരണം കേടാവുന്നതുവരെ വീണ്ടും വീണ്ടും ഉപയോഗിക്കാം.
“ഒറ്റത്തവണമാത്രം ഉപയോഗിച്ചു വലിച്ചെറിയേണ്ട വിലയേറിയ ഉപകരണങ്ങൾ” എന്നത് ബഹുരാഷ്ട്ര കമ്പനികളുടെ വ്യാപാര ഗൂഢാലോചനയാണ്. എന്നാല്‍ ഡോ. മുരളിയുടേത് അതിനെതിരായ മനുഷ്യസ്നേഹത്തിന്‍റെ നിശ്ശബ്ദവിപ്ലവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here