കോഴിക്കോടുള്ള സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാങ്കിനെതിരായ പരാതിയില്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദീഖ് എം എല്‍ എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. സംഭവത്തില്‍ നടക്കാവ് പൊലീസാണ് കേസെടുത്തത്.
കോഴിക്കോട് സ്വദേശിയായ സബീനയില്‍ നിന്ന് 13.5% പലിശ വാഗ്ദാനം ചെയ്ത് 5.65 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ഷറഫുന്നീസ ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്കെതിരെയും സ്ഥാപനത്തിന്റെ സി ഇ ഒ വസീമിനെതിരെയും പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നേരത്തെ നടക്കാവ് സ്റ്റേഷനില്‍ മാത്രം നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സിസ് ബാങ്ക് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം കോഴിക്കോടും മലപ്പുറവും കേന്ദ്രീകരിച്ച് 20 കോടിയോളം രൂപ തട്ടിയതായാണ് നിക്ഷേപകരുടെ പരാതി. ഷറഫുന്നീസയെ കൂടാതെ ബാങ്ക് സി ഇ ഒ വസീം, മാനേജരായ ഷംന കെ ടി, ഡയറക്ടര്‍മാരായ റാഹില ബാനു, മൊയ്തീന്‍കുട്ടി തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.
കോഴിക്കോട്ടും മലപ്പുറത്തുമായി ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആറ് ബ്രാഞ്ചുകളാണുള്ളത്. മൂന്നുവര്‍ഷം മുമ്പ് നടക്കാവ് കേന്ദ്രീകരിച്ച് നിധി ലിമിറ്റഡിന് കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി രൂപീകരിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം 3000 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് വിവരം. ഡയറക്ടര്‍മാര്‍ നേരിട്ടും ജീവനക്കാര്‍ മുഖേനയുമാണ് ബാങ്കിലേക്ക് നിക്ഷേപം വാങ്ങിയത്.
നിധിബാങ്ക് ശാഖകളില്‍ നിക്ഷേപമായെത്തുന്ന പണം ബാങ്ക് ഓഫ് ബറോഡയിലെ കറന്റ് അക്കൗണ്ടിലേക്കാണ് മാറേണ്ടത്. ഇതിന് പകരം മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു. കഴിഞ്ഞ മാസം ശമ്പളം മുടങ്ങിയതോടെയാണ് തട്ടിപ്പ് ജീവനക്കാര്‍ അറിഞ്ഞത്. നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ സ്ഥാപനത്തിന്റെ സി ഇ ഒ ആയ കടലുണ്ടി സ്വദേശി വസീം പണവുമായി സ്ഥലം വിട്ടതായും തട്ടിപ്പിനിരയായതായും മനസ്സിലായതെന്നും നിക്ഷേപകര്‍ പറയുന്നു. ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തും ഡെയ്‌ലി ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നീ പേരുകളില്‍ പണം സ്വീകരിച്ചെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകരും ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.
ALSO READ:കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സമരം; സഹകരിക്കില്ലെന്ന് യു ഡി എഫ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here