കുഞ്ഞിക്കൂനൻ സിനിമയിൽ സായികുമാറിന്റെ വാസു എന്ന വില്ലൻ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ വാസു അണ്ണൻ എന്ന കഥാപത്രം വളരെയധികം ട്രെൻഡാണ്. വാസു അണ്ണന്റെ ഇമോജിയും വീഡിയോയുമൊക്കെ ട്രോളന്മാർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാറുണ്ട്.
ഇപ്പോഴിതാ വാസു എന്ന കഥാപാത്രത്തെ കുറിച്ച് കലാഭവൻ ഷാജോൺ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ കഥാപാത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത് തന്നെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാജോൺ.
നമ്മൾ പ്ലാൻ ചെയ്ത് മാറിപ്പോയ സിനിമകളുണ്ട്. കുഞ്ഞിക്കൂനൻ സിനിമയിൽ സായിച്ചേട്ടൻ ചെയ്ത വാസു എന്ന കഥാപാത്രം ആദ്യം വന്നത് എനിക്കാണ്. ഞാൻ ചെന്ന് മേക്കപ്പ് ടെസ്റ്റ് വരെ കഴിഞ്ഞതാണ്. പട്ടണം റഷീദിക്കയായിരുന്നു മേക്കപ്പ്. ദിലീപേട്ടൻ പറഞ്ഞിട്ടാണ് സംവിധായകനെ ചെന്ന് കാണുന്നത്. സംവിധായകൻ ഓക്കേ പറഞ്ഞപ്പോൾ റഷീദിക്ക വന്ന് മേക്കപ്പ് നോക്കുന്നു, കോസ്റ്റ്യൂമർ ഡ്രസിന്റെ അളവൊക്കെ എടുത്തു. ഞാൻ ഭയങ്കര സന്തോഷത്തോടെയാണ് അന്ന് വീട്ടിൽ പോയത്.പക്ഷേ അതിനുശേഷം വിളിയൊന്നും വന്നില്ല. ഞാൻ ദിലീപേട്ടനെ വിളിച്ചു ചോദിച്ചപ്പോഴാണ് ഒരു ചെയ്ഞ്ച് വന്നെന്ന് അദ്ദേഹം പറയുന്നത്. കുഴപ്പമില്ലടാ, നമുക്ക് അടുത്ത തവണ പിടിക്കാമെന്നും ദിലീപേട്ടൻ പറഞ്ഞു.
എന്നാൽ സായികുമാർ ആ വേഷം അതി ഗംഭീരമാക്കിയെന്നും ഷാജോൺ പറഞ്ഞു.
ഞാൻ അങ്ങനെ ഒരുപാട് സങ്കടപ്പെടുന്ന ഒരാളൊന്നുമല്ല. അത് ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുകയുമില്ല. കുറച്ച് ദിവസം ഒരു സങ്കടമുണ്ടായിരുന്നു. അതുകഴിഞ്ഞ് റഷീദിക്ക വന്ന് ആ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള സായിച്ചേട്ടന്റെ ഒരു ഫോട്ടോ കാണിച്ചു. അപ്പോൾ എനിക്കു തോന്നി ഇത് സായിച്ചേട്ടൻ തന്നെ ചെയ്യേണ്ട കഥാപാത്രമാണെന്ന്. പടം കണ്ടപ്പോൾ അത് ഒന്നുകൂടി ഉറപ്പിച്ചു. ഞാൻ ചെയ്തിരുന്നെങ്കിൽ അത് വേറൊരു തരത്തിലാകുമായിരുന്നു. പക്ഷേ സായിച്ചേട്ടൻ ചെയ്യുന്നതു കണ്ടപ്പോൾ എനിക്ക് തോന്നി, ഇത് അദ്ദേഹം തന്നെ ചെയ്യേണ്ട വേഷമായിരുന്നുവെന്ന്.’’എന്നാണ് കലാഭവൻ ഷാജോൺ പറഞ്ഞത്. ‘ആട്ടം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ALSO READ: കുറച്ച് ഓവറായാലല്ലേ എല്ലാവരും ശ്രദ്ധിക്കൂ ; കാറിലെ സിംഹം വൈറലായപ്പോള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here