കലൂരിലെ നൃത്ത പരിപാടി: ‘വിവാദങ്ങളിലേക്ക് സ്ഥാപനത്തിന്‍റെ പേര് വലിച്ചിഴയ്ക്കരുത്’; സംഘാടകരെ അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്

kaloor stadium dance

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ സംഘാടകരെ അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്. പരിപാടിക്കായി 12,500 സാരികൾ നിർമ്മിച്ചു നൽകി. ഒരു സാരിക്ക് സ്ഥാപനം ഈടാക്കിയത് 390 രൂപ മാത്രമാണെന്നും എന്നാൽ സംഘാടകർ, പങ്കെടുത്തവരിൽ നിന്ന് ഓരോ സാരിയ്ക്കും 1600 രൂപ വീതം വാങ്ങിയതായും കല്യാൺ സിൽക്സ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്.

ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്‌ഥാപനം എന്ന നിലയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിച്ചതിൽ തങ്ങൾക്ക് കടുത്ത അതൃപ്‌തി ഉണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. കല്യാൺ സിൽക്സും സംഘാടകരും തമ്മിൽ നടന്നത് തികച്ചും വാണിജ്യപരമായ ഇടപാട് മാത്രമാണ്. അതിനാൽ ഇത്തരം വിവാദങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

ALSO READ; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതി

വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം:

ഡിസംബർ 29, 2024 കലൂർ ഇന്‍റർനാഷണൽ ‌സ്റ്റേഡിയത്തിൽ മൃദംഗ വിഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മൃദംഗ നാദം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളിൽ വ്യക്തത വരുത്തുവാനാണ് കല്യാൺ സിൽക്സ് ഈ അറിയിപ്പിലൂടെ ഉദ്ദേശിക്കുന്നത്. കലാരംഗത്തുള്ള പുത്തൻ ചലനങ്ങളെ ലാഭേച്ഛ കൂടാതെ പ്രോത്സാഹിപ്പിക്കുന്നത് കാലാകാലങ്ങളായി കല്യാൺ സിൽക്സിന്റെ രീതിയാണ്. കല്യാൺ സിൽക്സ് കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിന്‍റെ സംഘാടകർ 12,500 സാരികൾ നിർമ്മിച്ചു നൽകുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്.

ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്ത‌ിരുന്നു. എന്നാൽ പരിപാടിയുടെ വേദിയിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ശേഷം ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്. ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്‌ഥാപനം എന്ന നിലയിൽ ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് കടുത്ത അതൃപ്‌തി ഉണ്ട്. കല്യാൺ സിൽക്സും സംഘാടകരും തമ്മിൽ നടന്നത് തികച്ചും വാണിജ്യപരമായ ഇടപാട് മാത്രമാണ്. അതിനാൽ ഇത്തരം വിവാദങ്ങളിലേക്ക് ഞങ്ങളുടെ പേര് വലിച്ചിഴക്കരുത് എന്ന് താഴ്‌മയായി അപേക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News