ദുരന്തത്തിൽ നിന്ന് റിട്ടേൺ ട്രിപ്പ്‌ ; ഇല്ലാതായ നാട്ടിൽ നിന്ന് കൽപ്പറ്റ മുണ്ടക്കൈ ബസ്‌ മടങ്ങി

Kapetta - Mundakkai Bus

അനൂപ് കെ ആർ

കെഎൽ 15 8047, ഒരു ബസ്‌ മാത്രമായിരുന്നില്ല അത്‌. ഈ നാട്ടിലെ ഏതൊരു ഗ്രാമീണ ചിത്രത്തിന്റേയും ജീവിതത്തിന്റേയും ഭാഗമായിരുന്നു. കൽപ്പറ്റയേയും അട്ടമലയേയും ബന്ധിപ്പിച്ച്‌ ദിവസവും 27 തവണ അത്‌ സഞ്ചരിച്ചുകൊണ്ടിരുന്നു. മലഞ്ചെരിവുകളിലൂടെ അതിദൂരെ ഒരു വെളുത്തപൊട്ട്‌ പൊലെ കടന്നുവരുന്ന ആ ബസ്‌ ഈ ഗ്രാമങ്ങളുടെ ഒരു സമയസൂചിക കൂടിയായിരുന്നു. അതിന്റെ സമയ ക്രമമനുസരിച്ചാണ്‌ ഈ നാട്‌ അതിന്റെ ജീവിതം ക്രമീകരിച്ചിരുന്നത്. തോട്ടം തൊഴിലാളികളുൾപ്പെടുന്ന അതിസാധാരണ ജനതയുടെ ജീവിതവുമായി ഒരിക്കലും മുടങ്ങാതെ അത്‌ തുടർന്നുപോന്നു.

Also Read; വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

അവസാന സർവ്വീസ്‌ കഴിഞ്ഞ്‌ ചൂരൽ മലയിലാണ്‌ ബസ്‌ നിർത്തിയിടാറ്‌‌. അരികിലുള്ള ഹെൽത്ത്‌ സെന്ററിൽ ജീവനക്കാർ ഉറങ്ങും. അതിരാവിലെ പുറപ്പെടും. ദുരന്ത ദിവസത്തിന്റെ തലേന്ന് ആളെയിറക്കി പതിവ്‌ പോലെ ഡ്രൈവർ സജിതും കണ്ടക്ടർ മുഹമ്മദ്‌ കുഞ്ഞിയും ഉറങ്ങാൻ കിടന്നു. വലിയ ശബ്ദം കേട്ട്‌ ഞെട്ടിയുണർന്ന അവർ പിന്നീട്‌ കണ്ടത്‌ ചുറ്റും വെള്ളമാണ്‌. രാവിലെയാണ്‌ ദുരന്തത്തിന്റെ വ്യാപ്തി കാണുന്നത്‌.

അപ്പോഴേക്കും അവർ വന്ന വഴിയും പാലവും അവർ ആളെക്കയറ്റുകയും ഇറക്കുകയും ചെയ്ത നാടും ഉരുൾപ്പൊട്ടൽ നാമാവശേഷമാക്കിയിരുന്നു. അതിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും ‌ വിശ്വസിക്കാനായിട്ടില്ല ഇവർക്ക്. തേയിലതോട്ടത്തിന്റെ ഓരത്തേക്ക്‌ ബസിനെ നീക്കിയെങ്കിലും മഹാ ജലപ്രവാഹം ആഴങ്ങളിലേക്കെടുക്കാതെ ദുരന്തത്തിന്റെ മൂകസാക്ഷിയാക്കി ബസിനെ ഇവിടെ ശേഷിപ്പിച്ചു. സൈന്യം ബെയ്‌ലി പാലം പൂർത്തീകരിച്ചതോടെയാണ്‌ ഈ മടക്കം.

Also Read; വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും; ക്യാമ്പുകളുള്ള സ്‌കൂളുകൾക്ക് അവധി തുടരും

ഇങ്ങനൊരു മടക്കം ഒരു ബസിനും ജീവനക്കാർക്കുമുണ്ടായിട്ടുണ്ടാവില്ല. അന്ന് ബസ്സിറങ്ങിയ മനുഷ്യരിൽ ആരെല്ലാം ഇന്നുണ്ടെന്ന് പോലും ആർക്കുമറിയില്ല. ഇനി ദുരന്തഭൂമികൾ കടന്ന് ജീവിതങ്ങൾ തളിർക്കുന്ന മുണ്ടക്കൈയിലേക്ക്‌ എത്താൻ എത്രനാൾ എടുക്കുമെന്നുമറിയില്ല. പുത്തുമലയും മുണ്ടക്കൈയും കടന്ന് അതിജീവനത്തിന്റെ മുദ്രയായി പുഴമുറിച്ചുകടന്ന് ഈ ബസ്‌ വീണ്ടുമെത്തുമെന്നുറപ്പുണ്ട്‌ ഈ ഗ്രാമത്തിൽ ശേഷിച്ചവർക്ക്‌. അതില്ലാതെ പൂർത്തിയാവില്ല, പഴയ ജീവിതത്തിന്റെ തുടർച്ചകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News