മൂന്നാം മോദി സര്‍ക്കാരിന്‍റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. ”എന്‍ഡിഎ ബജറ്റിന് അഭിനന്ദനം, ‘ഇന്ത്യ ബജറ്റ്’ വൈകാതെ പ്രതീക്ഷിക്കുന്നു” – എന്ന കുറിപ്പോടെയാണ് ഉലകനായകന്‍റെ പരിഹാസം. ബിഹാറിനും ആന്ധ്രയ്‌ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ബജറ്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനമാണ് മോദി സര്‍ക്കാരിനെതിരെ ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതാണ് കമല്‍ഹാസന്‍റെ വിമര്‍ശനം.
”താങ്കള്‍ നന്നായി പറഞ്ഞു. മാസ് ഡയലോഗ്” – എന്നിങ്ങനെ നിരവധി കമന്‍റുകളാണ് താരത്തിന്‍റെ കുറിപ്പിന് താഴെ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ കുറിയ്‌ക്കുന്നത്. ആന്ധ്രയ്‌ക്ക് 15,000 കോടിയുടെ പാക്കേജും ബിഹാറിലെ റോഡ് വികസനത്തിന് 26,000 കോടിയുടെ പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. പുറമെ ബിഹാര്‍, അസം, ഹിമാചല്‍, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രളയപ്രതിരോധത്തിനായും പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ഡിഎ മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ചുള്ള ബജറ്റില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ പാടെ തിരസ്‌കരിച്ച സാഹചര്യമാണുള്ളത്.
അതേസമയം, ബജറ്റിനെ വിമര്‍ശിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ രംഗത്തെത്തി. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും മാത്രം ഉപകരിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് പിബി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വരുമാനത്തില്‍ 14.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടും ചെലവ് കാര്യമായി ചുരുക്കിയ കേന്ദ്ര ബജറ്റ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here