മക്കൾ നീതി മയ്യം സ്ഥാപകൻ കമൽഹാസൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ച പാർട്ടി പ്രവർത്തകരുമായി ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കാൻ കോയമ്പത്തൂരിലെത്തിയ കമൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലായെന്നായിരുന്നു ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി.
2021ൽ കോയമ്പത്തൂർ സൗത്ത് അസംബ്ലി മണ്ഡലത്തിൽ മത്സരിച്ച കമൽഹാസൻ ബിജെപിയുടെ വാനതി ശ്രീനിവാസനോട് പരാജയപ്പെട്ടിരുന്നു. കോയമ്പത്തൂർ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ പോലും അന്ന് എംഎൻഎം ഗണ്യമായ വോട്ടുകൾ നേടിയിരുന്നു.
ജനാധിപത്യം അപകടത്തിലാണ്, മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കണോ അതോ ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടണോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സഖ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി കമൽ പറഞ്ഞു. ഇത്തരം കാര്യങ്ങൾ തീരുമാനിക്കാനാണ് ഈ യോഗം ചേർന്നതെന്നും തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി തന്നോട് അഭ്യർഥിച്ചതായി കമൽ പറഞ്ഞു. അതിനാൽ, കർണാടകയിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പിന്തുണ അഭ്യർത്ഥിച്ച് രാഹുൽ ഫോണിൽ തന്നോട് സംസാരിച്ചിരുന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.
2018-ൽ മധുരയിലാണ് കമൽ, മക്കൾ നീതിമയ്യം പാർട്ടി ആരംഭിച്ചത്. ഇതിനകം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തനിച്ചുമത്സരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here