ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ. ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽഹാസൻ ഇന്ത്യൻ ഭരണഘടനയോടുള്ള തൻ്റെ പ്രതിപത്തി വ്യക്തമാക്കിയത്.
ALSO READ: ആരാധകരേ, നിങ്ങൾ ‘ലക്കി’യാണ്; ലക്കി ഭാസ്കർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
ഫേസ്ബുക്കിൽ പങ്കുവെച്ച അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെയാണ്.
‘75 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുറേ മനുഷ്യരുടെ 2 വർഷവും 11 മാസവും 17 ദിവസവും നീണ്ട കഠിനാധ്വാനമാണ് നമ്മൾ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഒരു ഭരണഘടനയെ നമുക്ക് സമ്മാനിച്ചത്. ഭരണഘടന തയാറാക്കാനായി പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ ഈ ധിഷണാശാലികൾ ഒത്ത് ചേർന്നപ്പോൾ രാജ്യം വലിയ പ്രതിസന്ധികളാണ് നേരിട്ടിരുന്നത്.
നമുക്കന്ന് സ്വാതന്ത്ര്യം കിട്ടി അധികനാളായിരുന്നില്ല. വിഭജനം സൃഷ്ടിച്ച സംഘർഷങ്ങളും മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പലായനവുമെല്ലാം ജനജീവിതത്തെ താറുമാറാക്കി കൊണ്ടിരുന്നു. പലതരം സംസ്കാരങ്ങളും വിശ്വാസങ്ങളും ഭാഷകളുമുള്ള ഒരു വലിയ ജനതയെ ഒരു രാജ്യമാക്കി മാറ്റുക എന്നതായിരുന്നു വലിയ വെല്ലുവിളി. അക്കാലത്ത് വിദേശ നിരീക്ഷകർ ഒരു ജനാധിപത്യ രാജ്യമായി മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിക്കുമോ എന്ന് പോലും സംശയിച്ചിരുന്നു.
പക്ഷെ, പ്രതിസന്ധികളെ അവസരങ്ങളായാണ് ആ ദേശസ്നേഹികൾ കണ്ടത്. ഇന്ത്യൻ ജനതയ്ക്ക് ചരിത്രത്തിലാദ്യമായി അവരെങ്ങെനെ ഭരിക്കപ്പെടണം എന്ന് തീരുമാനിക്കപ്പെടാനുള്ള അവസരമുണ്ടായി. അവർ തയാറാക്കിയിരുന്നത് ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന ഒരു രേഖയായിരുന്നു.
ലോകത്തിന് തന്നെ മാതൃകയായ ഒരു ജനാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റിയത് ആ ഭരണഘടനയാണ്. ഭരണഘടന വായിക്കാനും അതിൻ്റെ മൂല്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യൻ എന്ന പദത്തിൻ്റെ അർഥം ഉൾക്കൊള്ളാനും രാജ്യ സ്നേഹികളായ നമ്മളോരോ ഇന്ത്യക്കാരനും തയാറാവണം.’- കമൽ ഹാസൻ കുറിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here