‘ഉലകനായകന്’ ഇന്ന് പിറന്നാള്‍ ദിനം

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് പിറന്നാള്‍. ആറരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും അഭിനയസപര്യയുടെ അല്‍ഭുതമാണ് ഇപ്പോഴും കമല്‍ ഹാസന്‍. അഭിനയ വേഷങ്ങള്‍ക്കപ്പുറം സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളിലും ധീരമായി അഭിപ്രായം പറയുന്ന കലാകാരനാണ് കമല്‍ഹാസന്‍.

1960ല്‍ ജമിനി ഗണേശന്റെ തോളിലിരുന്ന് തമിഴ് സിനിമയിലെത്തിയ ആറു വയസ്സുകാരന്റെ തോളിലാണ് ഇന്ന് ദക്ഷിണേന്ത്യന്‍ സനിമയുടെ മഹാസൗന്ദര്യങ്ങള്‍ ഒന്നാകെ. തമിഴിലെ കളത്തൂര്‍ കണ്ണമ്മയും മലയാളത്തിലെ കണ്ണും കരളും കടന്ന്, ശിവാജിയുടെയും എംജിആറിന്റെയും കണ്‍മണിയായും, 150 രൂപ ശമ്പളത്തിന് ഡാന്‍സ് അസിസ്റ്റന്റായും, ഒടുവില്‍ അഭിനയ വൈവിധ്യങ്ങളുടെ ഹിമാലയം കയറിയ മഹാനടന്‍. ഇന്ത്യന്‍ സിനിമയിലെ അത്യപൂര്‍വ രാഗാഭിനയങ്ങളെല്ലാം പിറന്നുവീണത് അക്ഷരാര്‍ത്ഥത്തില്‍ ഈ നടനേതിഹാസത്തിലൂടെയാണ്.

Also Read:   ആട്ടോറിക്ഷകൾക്കെതിരെയുള്ള പരാതികൾ അറിയിക്കാം; വാട്സാപ്പിൽ പ്രചരിച്ച നമ്പർ വ്യാജമെന്ന് എംവിഡി

1970ലാണ് കമലിന്റെ രണ്ടാംവരവ്. 74ല്‍ മലയാളത്തില്‍ കന്യാകുമാരിയില്‍ നായകന്‍. 75ല്‍ അപൂര്‍വരാഗങ്ങളിലും നായകനായപ്പോള്‍ മറ്റൊരു അപൂര്‍വ താരപ്പിറവിക്ക് കൂടി അത് നിമിത്തമായി- രജനീകാന്ത്. 81ല്‍ ഏക് ദൂജേ കേലിയേ കമലിനെ തമിഴകത്തിനും കേരളത്തിനും പുറത്തെത്തിച്ച് ബോളിവുഡിനും പ്രിയങ്കരനാക്കി. വിശ്വനാഥിന്റെ സാഗര സംഗമം തെലുങ്കിലും, പുഷ്പക് കന്നടയിലും ഹിറ്റായി. 83ല്‍ ബാലുമഹേന്ദ്രയുടെ മൂണ്ട്രാം പിറൈയിലൂടെ കമല്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് നേടി. കമല്‍ചിത്രങ്ങളുടെ വേലിയേറ്റങ്ങളായിരുന്ന എഴുപതുകളും എണ്‍പതുകളും ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമയെന്ന വാദത്തെ തകര്‍ത്തെറിഞ്ഞു. 87ല്‍ മണിരത്‌നം സവിധാനം ചെയ്ത നായകന്‍ കമലിനെ ഇന്ത്യന്‍ സിനിമയുടെ മഹാനായകനാക്കി.

കലയിലും സാങ്കേതിക വൈഭവങ്ങളിലും ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്നതായിരുന്നു കമല്‍ ചിത്രങ്ങള്‍. കമല്‍ ഇരട്ടവേഷങ്ങളിലഭിനയിച്ച് ഹിറ്റാക്കിയ പുന്നഗൈമന്നനായിരുന്നു തുടക്കം. 89ല്‍ അപൂര്‍വ സഹോദരങ്ങള്‍ എന്ന സിനിമയില്‍ കമല്‍ മൂന്നു വേഷങ്ങളിലാണ് അഭിനയിച്ചത്. മൈക്കിള്‍ മദന്‍ കാമരാജനില്‍ പത്തു വേഷങ്ങളിലും.

Also Read: വിവാഹം എന്നാണ്? ഗേൾ ഫ്രണ്ടുമായി ഷൈൻ ടോം ഡാന്‍സ് പാര്‍ട്ടി ഓഡിയോ ലോഞ്ചിൽ

അവ്വൈ ഷണ്‍മുഖി, ആളവന്താന്‍, ഗുണ, കുരുതിപ്പുനല്‍, ഇന്ത്യന്‍, മഹാനദി, ഉന്നൈപോലൊരുവന്‍, അന്‍പേ ശിവം, ഹേ റാം, ദശാവതാരം, വിരുമാണ്ടി- തൊണ്ണൂറുകള്‍ക്ക് ശേഷം തെന്നിന്ത്യ കീഴടക്കിയ കമല്‍ സിനിമകള്‍ക്ക് കൈയ്യും കണക്കുമില്ല. ഇന്ത്യന്‍ സിനിമയില്‍ ഇനി കമല്‍ഹാസന് കീഴടക്കാന്‍ വേഷങ്ങളൊന്നുമില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് 2022ല്‍ വിക്രം അവതരിച്ചത്. ഇപ്പോഴിതാ വീണ്ടും മണിരത്‌നത്തിന്റെ മഹാനായകനാവാന്‍ ഒരുങ്ങുന്നു.

ഹിന്ദു-ബ്രാഹ്‌മണനായാണ് ജനിച്ചതെങ്കിലും തനിക്ക് ജാതിയും മതവുമില്ലെന്ന് കമല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്‍പേ ശിവം- അതായത് സ്‌നേഹമാണ് ദൈവം- രാജ്യം വിദ്വേഷ രാഷ്ട്രീയത്തില്‍ പുകയുമ്പോഴെല്ലാം ഇന്ത്യയുടെ മതനിരപേക്ഷ മനസ്സിനൊപ്പം നിന്ന് കമല്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസപ്രമാണം അതാണ്. 2021ല്‍ മക്കള്‍ നീതി മയ്യം രൂപീകരിച്ചപ്പോഴും ഇപ്പോള്‍ കേരളീയത്തിന് അതിഥിയായി എത്തിയപ്പോഴും കമല്‍ ഒന്നുകൂടി ഉറക്കെ പറഞ്ഞു- കേരളമാണ് തനിക്ക് മാതൃക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News