കുടുംബ ജീവിതത്തെക്കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചുമുള്ള തന്റെ നിലപാടുകൾ പങ്കുവെക്കുകയാണ് നടി കനി കുസൃതി. ഒരു കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തന്റെ 28 വയസ്സുവരെയും തോന്നിയിട്ടില്ല. പക്ഷേ ഇനി എന്നെങ്കിലും തോന്നിയാലോ എന്ന ചിന്ത വന്നതുകൊണ്ട് അണ്ഡം ശീതീകരിച്ചു വച്ചുവെന്ന് കനി കുസൃതി പറഞ്ഞു. ഇപ്പോൾ തനിക്ക് 38 വയസ്സായി, സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കിൽ അത് ഇപ്പോഴൊക്കെ അല്ലേ പറ്റുകയുള്ളു. അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനി സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ പോലും ആവശ്യക്കാർക്കു ഡൊണേറ്റ് ചെയ്യാമല്ലോ എന്നാണ് അഭിപ്രായമെന്നും ആർക്കു കൊടുക്കാനും താൻ തയാറാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞു.
ALSO READ: ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ? ഒടുവിൽ കേരളത്തിൽ തന്നെ തുടക്കമിട്ട് സുപ്രീം ഡെകോർ
‘പണ്ടുമുതൽക്കേ എനിക്കു കുട്ടികൾ വേണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. പ്രേമിക്കാം, പക്ഷേ ഒരുമിച്ചു ജീവിക്കാനോ കുട്ടികളുണ്ടാക്കാനോ പ്ലാൻ ഇല്ലെന്ന് ആദ്യമേ തന്നെ ആ വ്യക്തിയോട് പറയുമായിരുന്നു. സുഹൃത്തുക്കൾ ആരെങ്കിലും തങ്ങൾക്ക് ഹാർട് ബ്രേക്ക് ഉണ്ടായെന്നു പറയുമ്പോൾ അത് നല്ലതല്ലേ, പുതിയൊരാളെ സ്നേഹിക്കാമല്ലോ എന്നാണ് തോന്നിയിരുന്നത്’, കനി കുസൃതി പറഞ്ഞു.
‘മാനസികമായും സാമ്പത്തികമായും തയാറാണെങ്കിൽ ഒരു കുഞ്ഞിനെ വളർത്താമെന്നു ഭാവിയിൽ എനിക്കു തോന്നാം. അതുപോലെ കുട്ടിക്കു വേണ്ടി സമയവും മറ്റു കാര്യങ്ങളും ചിലവഴിക്കാൻ ഞാൻ തയാറെങ്കിൽ ഒരു കുട്ടിയെ ദത്തെടുക്കാം എന്നുപോലും എനിക്ക് തോന്നിയേക്കാം’. എന്നാൽ മുൻ പങ്കാളിയോടൊപ്പമല്ലാതെ വേറെ ആരുടെയൊപ്പവും ഒരു കുഞ്ഞിനെ വളർത്താൻ കഴിയുമെന്ന് തനിക്കു തോന്നിയിട്ടില്ലെന്നും കനി പറയുന്നു. ഒരു കുട്ടിയെ വളർത്തുകയാണെങ്കിൽ തന്നെ സിംഗിൾ മദറായി മുന്നോട്ടുപോകാനാണ് താൽപര്യം.
‘കുട്ടികൾക്കു മുന്നിൽ അച്ഛനമ്മമാർ വഴക്കുണ്ടാക്കുന്നതൊന്നും ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. എന്റെ കുട്ടിക്കാലം വളരെ നല്ലതായിരുന്നു. മൈത്രേയനും ജയശ്രീയും അഭിപ്രായ വ്യത്യാസങ്ങളുള്ള രണ്ടുപേരായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിയുന്നതുപോലും എന്റെ 19–ാം വയസ്സിലാണ്. ആ രീതിയിലാണ് എനിക്കു മുന്നിൽ അവർ പെരുമാറിയിരുന്നത്’. കുട്ടിക്ക് സമാധാനത്തോടെ വളരണമെങ്കിൽ പരസ്പര ബഹുമാനത്തോടെ പെരുമാറണം’, കനി കുസൃതി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here