കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും; പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നഷ്ടപരിഹാരം നൽകും

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നടക്കം ആകെ 4 ലക്ഷം രൂപ നൽകും. ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകും. ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പരമാവധി 4 ലക്ഷവും പെട്ടിമുടി ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് അനുവദിച്ചതുപോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1 ലക്ഷം രൂപയും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഉരുൾപൊട്ടലിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ സാധിക്കാതിരുന്ന 59 കുടുംബങ്ങളിലെ 170 മുതിർന്ന വ്യക്തികൾക്ക് 100 രൂപ വീതവും 33 കുട്ടികൾക്ക് 60 രൂപ വീതവും ക്യാമ്പിന് പുറത്ത് താമസിച്ച ദിവസം കണക്കാക്കി ധനസഹായം നൽകും.

റോഡുകൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ, കലുങ്കുകൾ, വൈദ്യുതി പോസ്റ്റുകൾ, കൃഷി, മൃ​ഗസംരക്ഷണം, കുടിവെള്ള സ്രോതസുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന് നഷ്ടം ക്ലെയിം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകാനും മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തു.

തൊഴിൽ നഷ്ട ദുരിതാശ്വാസ സഹായം എന്ന നിലയിൽ ദുരന്തബാധിതർക്ക് തുക അനുവദിക്കുന്നതിനും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും മറ്റും അടിയന്തര ധനസഹായം നൽകുന്നതിനും കണ്ണൂർ ജില്ലാ കളക്ടർക്ക് 20 ലക്ഷം രൂപ അഡ്വാൻസ് ആയി അനുവദിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

താലൂക്കുതല അദാലത്തിൽ മാറ്റിവെക്കപ്പെട്ട പരാതികൾ തീർപ്പാക്കാൻ ഉദ്യോ​ഗസ്ഥ യോ​ഗങ്ങൾ

താലൂക്കുതല അദാലത്തിൽ ലഭിച്ചതും, ജില്ലാ തലത്തിൽ തീർപ്പാക്കുന്നതിനായി മാറ്റി വെച്ചതുമായ പരാതികൾ പരിഹരിക്കുന്നതിന്
മന്ത്രിമാർ പങ്കെടുത്ത് ജില്ലകളിൽ ഉദ്യോഗസ്ഥ യോഗങ്ങൾ ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ യോഗം ജൂലൈ 10നും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജൂലൈ 13നും വയനാട്, കാസർഗോഡ്, ആലപ്പുഴ ജൂലൈ 24നും നടക്കും. പരാതികൾ സമയബന്ധിതമായി തീർപ്പാക്കും.

കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ വർധിപ്പിച്ചു

കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ വർധിപ്പിച്ചു. 11,000 രൂപയിൽ നിന്ന് 14,080 രൂപയായാണ് വർധിപ്പിച്ചത്. 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും. സംസ്ഥാന സർവ്വീസ് പെൻഷൻകാർക്ക് 2019 പെൻഷൻ പരിഷ്ക്കരണ ഉത്തരവ് പ്രകാരം അനുവദിക്കുന്ന ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.

ജില്ലാ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ

പത്തനംതിട്ട ജില്ലാ ഗവ. പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറായി റ്റി. ഹരികൃഷ്ണനെ നിയമിക്കാൻ തീരുമാനിച്ചു.

തസ്തിക

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ 6 അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയും ഒരു ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയും ഒരു വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ സൃഷ്ടിക്കും.

നിയമനം

ഐസിഫോസ് (ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ) ഡയറക്ടറായി ഡോ. ടി. ടി. സുനിലിനെ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കും. നിലവിൽ ആറ്റിങ്ങലിൽ ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനിയറിംഗ് കോളേജിലെ പ്രൊഫസറാണ് അദ്ദേഹം.

അതിവേ​ഗ പ്രത്യേക കോടതികളുടെ കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാനത്ത് അനുവദിച്ച 56 അതിവേ​ഗ പ്രത്യേക കോടതികളുടെ കാലാവധിയും ഇവിടെ താൽക്കാലികമായി സൃഷ്ടിച്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയുടെ കാലാവധിയും 31.03.2026 വരെ ദീർഘിപ്പിച്ച് നൽകും. 01.04.2023 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണിത്. അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി കേന്ദ്ര ഗവൺമെന്റ് മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച സാഹചര്യത്തിലാണിത്.

ഡോ. അജയകുമാർ കിഫ്ബി സ്വതന്ത്ര അം​ഗം

മുൻ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡോ. അജയകുമാറിനെ കിഫ്ബിയിലെ സ്വതന്ത്ര അം​ഗമായി ഉൾപ്പെടുത്താൻ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News