കാലാവസ്ഥാവ്യതിയാനം മൂലം ഓണക്കാലത്തും പൂവിട്ട് കണിക്കൊന്ന. ഓണം പൂക്കളുടെ കാലമാണെങ്കിലും കണിക്കൊന്ന സാധാരണഗതിയിൽ ഓണക്കാലത്ത് പൂക്കാറില്ല. എന്നാൽ ഇത്തവണ ആലപ്പുഴയിൽ പൂത്ത കണിക്കൊന്ന കാലാവസ്ഥാവ്യതിയാനത്തെ സൂചിപ്പിക്കുന്നതാണെന്ന് കാലാവസ്ഥ വിദഗ്ധർ പറഞ്ഞു. ഉയർന്ന ചൂടും പകലിന്റെ ദൈർഖ്യക്കൂടുതലുമാണ് ചിങ്ങമാസത്തിൽ കണി പൂക്കാൻ കാരണം. മണ്ണിൽ വെള്ളത്തിന്റെ അംശം കുറയുമ്പോഴും അന്തരീക്ഷത്തിൽ ചൂട് ക്രമാതീതമായി വർധിക്കുമ്പോഴും കൊന്നച്ചെടിയിൽ ‘ഫ്ലോറിജെൻ’ എന്ന ഹോർമോൺ കൂടുതലായി ഉത്തേജിക്കപ്പെടും.
മഴ പെയ്തിട്ടും മണ്ണിന്റെ മുകൾഭാഗങ്ങളിൽ ഈർപ്പം തങ്ങിനിൽക്കുന്നില്ല എന്നതും ഇതിലൊരു ഘടകമാണ്. മഴപെയ്തശേഷം ഏതാനും ദിവസം വെയിൽ നിന്നാൽ മണ്ണിന്റെ പ്രതലം പൂർണമായും വരണ്ട് പോകുന്ന സ്ഥിതിയുമുണ്ട്. ഇതൊക്കെയാണ് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പൂക്കേണ്ട കണിക്കൊന്ന ഇപ്പോൾ പൂക്കാൻ കാരണം. വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഉഷ്ണമേഖലസസ്യം കൂടിയാണ് കണിക്കൊന്ന എന്നതും ഇത് കാലാവസ്ഥാവ്യതിയാനം മൂലമാണെന്ന് വിലയിരുത്തലിനെ സാധൂകരിക്കുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here