വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മംഗലപുരം തോന്നയ്ക്കൽ വെയിലൂർ സ്വദേശിനിയായ 33 കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന വന്നതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിവരം അറിഞ്ഞ സമീപ വാസികൾ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് സുബിൻ എസ്.എസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനു ബാബു എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനു ബാബു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് സുബിൻ ഇരുവരെയും ഉടൻ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Also Read: കാലിക്കറ്റ് സര്‍വകലാശാലയില്‍ എംഎസ്എഫ് സെനറ്റ് അംഗത്തെ അയോഗ്യനാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here