‘കഴുത്തറപ്പന്‍ മനോഭാവമില്ലാത്ത ആശുപത്രി, ഒരു കല്ല് പണിക്കാരന്‍ കണ്ട സ്വപ്നം’, കൈരളി ചെയര്‍മാന്റെ പ്രത്യേകപുരസ്‌കാരം കണ്ണങ്കൈ കുഞ്ഞിരാമന്

കൈരളി ചെയര്‍മാന്റെ പ്രത്യേകപുരസ്‌കാരം ചെറുവത്തൂരിന്റെ സ്വന്തം കണ്ണങ്കൈ കുഞ്ഞിരാമന്. സാധാരണ മനുഷ്യര്‍ക്ക് വേണ്ടി തന്റെ സമയങ്ങള്‍ മാറ്റി വച്ച് സദാ ആതുരസേവനങ്ങളില്‍ മുഴുകിയതിനാണ് പുരസ്‌കാരം. പദ്മശ്രീ ഭരത് മമ്മൂട്ടിയാണ് വാര്‍ത്തകളില്‍ നിന്ന് കുഞ്ഞിരാമന്‍ എന്ന മനുഷ്യനെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തത്.

Also Read- ‘മനസുകൊണ്ട് സേവനം ചെയ്യുന്നവരാകണം ഡോക്ടര്‍മാര്‍’; കൈരളി ടിവിയുടെ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മമ്മൂട്ടി

പത്രവളപ്പില്‍ രാമന്റെയും കൊട്ടമ്പത്ത് പാറുവിന്റെയും ഏഴു മക്കളില്‍ അഞ്ചാമനായി ജനിച്ച കണ്ണങ്കൈ കുഞ്ഞിരാമന്‍ ഒരു സാധാരണ ജീവിതമാണ് ചെറുപ്പം മുതല്‍ക്കേ കണ്ടു വളര്‍ന്നത്. പശു വളര്‍ത്തിയാണ് കുഞ്ഞിരാമന്റെ കുടുംബം അന്ന് ജീവിച്ചിരുന്നത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസില്‍ കുഞ്ഞിരാമന്റെ പഠനം നിലച്ചു. പിന്നെ, കല്ലു ചെത്തു തൊഴിലാളിയായി അദ്ദേഹം ജീവിതം തുടര്‍ന്നു. ഇപ്പോള്‍, അമ്പത്തിമൂന്ന് വയസ്സുള്ള അദ്ദേഹം കല്ലു കെട്ടു തൊഴിലാളിയായി ജീവിതം തള്ളി നീക്കുകയാണ്.

എന്നാല്‍ വെറുമൊരു കല്ല് പണിക്കാരന്‍ മാത്രമായി ഒതുങ്ങാന്‍ ജീവിതത്തിന്റെ ലക്ഷ്യബോധം കുഞ്ഞിരാമനെ അനുവദിച്ചില്ല. കാസര്‍കോട്ട് തന്റെ അമ്മ ആശുപത്രിയിലായത് മുതലാണ് കുഞ്ഞിരാമന്റെ ജീവിതത്തില്‍ മാറ്റത്തിന്റെ വെളിച്ചം വന്നു തുടങ്ങിയത്. ഒരാഴ്ചയേ അവര്‍ ജീവിക്കൂ എന്ന് സ്വകാര്യ ആശുപത്രി അന്ന് വിധിയെഴുതി. അവര്‍ക്ക് ചെലവേറിയ ഒരു ഓപ്പറേഷനും നടത്തി. പക്ഷേ, രോഗം മാറിയില്ല. പിന്നീട് അവരെ രക്ഷിച്ചത് മംഗലാപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയായിരുന്നു.

അന്ന് ആ ആശുപത്രി വരാന്തയും വച്ച് കുഞ്ഞിരാമന്‍ ജീവിതത്തില്‍ ഒരു ശപഥമെടുത്തു. എന്റെ നാട്ടില്‍ കഴുത്തറപ്പന്‍ മനോഭാവമില്ലാത്ത ഒരാശുപത്രി വേണം. ആ ശപഥം ഒരു കല്ലുപണി തൊഴിലാളിയുടേതായിരുന്നു എന്ന് നമ്മള്‍ പ്രത്യേകം ഓര്‍ക്കണം. എന്നാല്‍ പതിനൊന്നു വര്‍ഷത്തിനിപ്പുറം കുഞ്ഞിരാമന്‍ തന്റെ ശപഥം നിറവേറ്റി. ചെറുവത്തൂര്‍ കണ്ണങ്കൈയിലെ കുഞ്ഞിരാമന്‍ ‘കെ കെ ആര്‍ മെഡിക്കല്‍ ക്ലിനിക്ക്’ എന്ന പേരില്‍ ഒരാശുപത്രി 2023 ജൂണ്‍ 25-ന് തുറന്നു.

Also Read- ‘അറിയപ്പെടുന്ന മമ്മൂട്ടി സിനിമാക്കാരന്‍; അറിയപ്പെടാത്ത മമ്മൂട്ടി ഒരുപാട് പേര്‍ക്ക് സാന്ത്വനം നല്‍കുന്ന മഹാവ്യക്തിത്വത്തിന് ഉടമ’: കെ ബാബു

മൂന്നു ഡോക്ടര്‍മാര്‍. പതിനഞ്ചോളം ജീവനക്കാര്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗവും അത്യാധുനിക ലാബും മെഡിക്കല്‍ സ്റ്റോറും. ‘സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക്’ എന്നത് മുദ്രാവാക്യം. ഇതൊരു മുതലാളിയുടെ ആശുപത്രിയല്ല. കല്‍പ്പണിക്കാരനായ കുഞ്ഞിരാമന്‍കൂടി തൊഴിലാളികള്‍ക്കൊപ്പം ഇറങ്ങി കല്ലു കെട്ടി ഉയര്‍ത്തിയതാണ് ഈ ആശുപത്രി. അതിനെ ചുറ്റിപ്പറ്റി ഇന്ന് ജീവിക്കുന്നത് ധാരാളം സാധാരണക്കാരായ മനുഷ്യരാണ്.

കല്ലു ചെത്തുമ്പോഴും കല്ലു കെട്ടുമ്പോഴും ജനങ്ങള്‍ക്ക് വേണ്ടി ഒരാശുപത്രി നിര്‍മ്മിക്കുമ്പോഴും കലാകാരനും കലാസംഘടകനും കൂടിയായിരുന്നു കുഞ്ഞിരാമന്‍. ഒപ്പമുള്ള തൊഴിലാളികളെയും സാധാരണ മനുഷ്യരെയും ചേര്‍ത്ത് ‘കണ്ണങ്കൈ നാടക വേദി’ക്കു രൂപംകൊടുത്തതും, ഏഴു സംസ്ഥാന തല നാടകോത്സവങ്ങള്‍ സംഘടിപ്പിച്ചതും കുഞ്ഞിരാമന്റെ കുഞ്ഞു ജീവിതത്തിലെ വലിയ നേട്ടങ്ങളാണ്. മുപ്പതിലധികം അമേച്വര്‍ നാടകങ്ങളൊരുക്കിയ കുഞ്ഞിരാമന്‍ മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരം വരെ സ്വന്തമാക്കിയിട്ടുണ്ട്. കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ അരയാക്കടവ് എന്ന സിനിമ നിര്‍മിച്ചതും, അതില്‍ 90 വയസ്സുള്ള ചമിണിയന്‍ എന്ന കഥാപാത്രമായി അഭിനയിച്ചതും കുഞ്ഞിരാമനായിരുന്നു. ‘പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍ക്കൂടി’ എന്ന ഹ്രസ്വ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News