കണ്മുന്നിൽ നിന്നും നഷ്ടപ്പെടുമായിരുന്ന ജീവൻ തിരിച്ചു നൽകി റെയിൽവേ പൊലീസ്. കണ്ണൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എറണാകുളത്തേക്ക് പോകാനായി ട്രെയിൻ കാത്തു നിന്ന യുവതി ട്രെയിൻ മാറിക്കയറിയതിനെ തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ദൃതിയിൽ തിരികെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ കാൽ വഴുതി യുവതി വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. എന്നാൽ റെയിൽവേ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ യുവതിക്ക് ജീവൻ തിരിച്ചു കിട്ടി. വെള്ളിയാഴ്ച വൈകീട്ട് 6.40-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
എറണാകുളത്തേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന യുവതി ട്രെയിൻ മാറി മംഗളൂരുഭാഗത്തേക്കുള്ള പരശുറാം എക്‌സപ്രസിൽ കയറുകയായിരുന്നു. ട്രെയിൻ മുന്നോട്ടെടുത്തപ്പോഴാണ് താൻ വണ്ടി മാറിയാണ് കയറിയിരിക്കുന്നതെന്ന കാര്യം യുവതി മനസിലാക്കിയത്. ഉടൻ തന്നെ ട്രെയിനിൽ നിന്നും ചാടി ഇറങ്ങുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പിടിവിട്ട് വണ്ടിക്കടിയിലേക്ക് വീഴാൻ പോകുമ്പോഴായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ കണ്ടതും രക്ഷിച്ചതും. സ്റ്റേഷനിലെ സി.സി.ടി.വി.യിൽ നിന്നുള്ള വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി.റെയിൽവേ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. സുധീഷ്‌കുമാറും സിവിൽ പൊലീസ് ഓഫീസർ പി.വി. റെനീഷുമാണ് രക്ഷകരായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here