കവർച്ചക്ക് പിറ്റേന്നും സംഘം അതെ വീട്ടിലെത്തി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂരിലെ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ

കണ്ണൂർ വളപട്ടണത്തെ വീട്ടിൽ നടന്ന വൻ കവർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷണം നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ എത്തിയിരുന്നു. മോഷണം നടന്ന വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് ഈ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തലേദിവസം വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതേ രീതിയില്‍ വീട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആളുകളുടെ നിഴല്‍ രൂപം സിസിടിവിയിൽ പതിയുകയായിരുന്നു.

തുടർച്ചയായി വീട്ടിൽ ആളുണ്ടാവില്ലെന്ന് അറിയാവുന്ന ആളുകളാണ് കവർച്ച നടത്തിയതെന്ന സംശയമാണ് ഇതോടെ ശക്തിപ്പെടുന്നത്. അതിനാൽ തന്നെ വീട്ടുകാരെ നേരിട്ടറിയുന്നവര്‍ തന്നെയാണ് കവർച്ച നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്.

ചുറ്റുമതിലിൽ നിന്ന് വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കവർച്ചക്കാർ തകർത്ത ജനലരികിൽ പതിഞ്ഞ ഏതാനും വിരലടയാളങ്ങൾ ഫോറൻസിക് ശേഖരിച്ചു. കവർച്ചക്കാർ മറന്നുവെച്ചതെന്ന് കരുതുന്ന ഒരു ഉളിയും വീടിനുള്ളിൽ നിന്ന് ലഭിച്ചിരുന്നു. ഇതിൽനിന്നും ചില വിരലടയാളങ്ങൾ ലഭിച്ചു.

ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും സംഭവത്തിൽ നടക്കുന്നുണ്ട്. വീട്ടുടമയായ അഷറഫുമായി അടുപ്പമുള്ളവർ, ജീവനക്കാർ, അയൽവാസികൾ എന്നിവരുടെയൊക്കെ ഫോൺ കോളുകൾ പ്രാഥമികമായി പരിശോധിക്കും. പ്രതികൾ സംസ്ഥാനം വിട്ടേക്കുമെന്നുള്ള സംശയവും പോലീസിനുണ്ട്. അതിനാൽതന്നെ, അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്.

അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍ പ്രകാരം, ഇത് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയുള്ള ആസൂത്രിത കവര്‍ച്ചയാണ്. പ്രധാനമായും അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്. 300 പവന്റെ ആഭരണങ്ങളും ഒരുകോടി രൂപയുമാണ് അഷറഫിന്റെ വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News