ദ കേരള സ്റ്റോറി സിനിമാ വിവാദം ഇന്നും സുപ്രീംകോടതിക്ക് മുൻപിൽ വന്നേക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാകും വിഷയം സുപ്രീംകോടതിയിൽ ഉന്നയിച്ചേക്കുക.
കഴിഞ്ഞ ദിവസം നിസാം പാഷ എന്ന അഭിഭാഷകൻ ദ കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ കെ.എം ജോസഫ്, നാഗരത്ന എന്നിവരടങ്ങിയ ബഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചെങ്കിലും ഇടപെടാൻ കോടതി തയ്യാറായിരുന്നില്ല. തുടർന്നാണ് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മുന്നിൽ വിഷയം ഉന്നയിക്കുമെന്ന് വ്യക്തമാക്കിയത്. സിനിമയുടെ ഉള്ളടക്കം വിദ്വേഷ പ്രചരണം ആണ് എന്ന ആരോപണമാണ് അഭിഭാഷകർ ഉയർത്തിയിട്ടുള്ളത്. അതേസമയം ഹൈക്കോടതിയെ സമീപിക്കാൻ കഴിഞ്ഞ ദിവസം കെ എം ജോസഫ് ഉൾപ്പെട്ട രണ്ടംഗ ബഞ്ച് നിർദേശം നൽകിയിരുന്നു.
അതേസമയം ദ കേരള സ്റ്റോറിക്കെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് സിപിഐഎം തീരുമാനം. യഥാർത്ഥ കേരള സ്റ്റോറി ഇതല്ലെന്നും ഇന്ത്യയിലെ തന്നെ ഏറ്റവും മികവുറ്റ സാങ്കേതിക സംവിധാനങ്ങളും ഇൻഫ്രാസ്ട്രക്ചറും ഉള്ളതാണ് കേരളത്തിന്‍റെ യഥാർത്ഥ കഥയെന്നും കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി പറഞ്ഞു.
32000ല്‍ നിന്ന് മൂന്ന് എന്ന സംഖ്യയിലേക്ക് തിരുത്തിയപ്പോള്‍ തന്നെ ഇതിന് പിന്നിൽ കളിച്ചവരുടെ ബുദ്ധി മനസ്സിലാക്കണം. ഇത്തരത്തിൽ മുൻപും സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും കാശ്മീർ ഫയൽസ് അതിന് ഉദാഹരണമാണെന്നും യച്ചൂരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here