മാർക്സ്; പുതിയൊരു ലോകം സാധ്യമാണെന്ന് പ്രചോദിപ്പിക്കുന്ന ആശയപ്രപഞ്ചം

ദിപിൻ മാനന്തവാടി

ചൂഷിതനും ചൂഷകനും ഇല്ലാത്ത കാലത്തേക്ക് ലോകത്തെ മാറ്റിമറിക്കാൻ തൊഴിലാളിവർഗ്ഗത്തിന് കരുത്തുപകർന്ന ആശയപ്രപഞ്ചം രൂപപ്പെടുത്തിയ മഹാനായ കാൾ മാർക്സിന്റെ ജന്മദിനം. ലോക മുതലാളിത്തം അതിന്റെ അഭ്യന്തരമായ വൈരുദ്ധ്യങ്ങളിലും സംഘർഷങ്ങളിലും പെട്ട് പ്രതിസന്ധിയിലായിരിക്കുന്ന കാലത്താണ് മാർക്സിന്റെ 205-ാം ജന്മദിനം കടന്നു വരുന്നത്.

സാധാരണക്കാരായ ജനത ലോകവ്യാപകമായി സാമ്പത്തികവും അതുവഴി സാമൂഹികവുമായ കൊടിയ അസമത്വങ്ങളിലൂടെ കടന്ന് പോകുകയാണ്. സമ്പത്ത് ലോകത്തെ ഏതാനും കുത്തകകളുടെ കൈയിൽ മാത്രം കുമിഞ്ഞു കൂടുകയും അവർ ആഗോള ഫിനാന്‍സ്-കുത്തക മൂലധനത്തിന്റെ സംയുക്ത വക്താക്കളായി തൊഴിലാളികൾ ഉൾപ്പെടുന്ന സാധാരണ ജനതയെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ലോകസാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചൂഷണത്തിന്റെ നയസമീപനങ്ങളുമായി ലോകം മുഴുവൻ പറന്നെത്താൽ ഫിനാന്‍സ്-കുത്തക മൂലധന സംയുക്ത ശക്തികൾക്ക് നവലിബറൽ നയങ്ങൾ തുണയാകുന്നുമുണ്ട്.

ഇന്ത്യയും ഈ നിലയിൽ ഫിനാന്‍സ്-കുത്തക മൂലധന സംയുക്ത ശക്തികളുടെയും അവരുടെ കൈയ്യാളുകളായ ഭരണകൂടത്തിന്റെയും ചങ്ങാത്ത ഭരണം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. ഫിനാന്‍സ്-കുത്തക മൂലധന സംയുക്ത ശക്തികൾക്ക് ലാഭം കുന്നുകൂട്ടാനായി ആവിഷ്കരിക്കുന്ന നവലിബറൽ നയങ്ങൾ രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും അതിന്റെ പരകോടിയിൽ എത്തിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല. ഈ നിലയിൽ ഫിനാന്‍സ്-കുത്തക മൂലധന സംയുക്ത ശക്തികൾ അവരുടെ നിലനിൽപ്പിനായി മുതലാളിത്തത്തിന്റെ പുതിയ സമവാക്യങ്ങൾ രൂപപ്പെടുത്തുന്ന ഘട്ടത്തിലാണ് ചൂഷിതനും ചൂഷകനും ഇല്ലാത്ത ഒരു പുതിയലോകം സാധ്യമാണ് എന്ന് പ്രചോദിപ്പിച്ച മാർക്സിന്റെ ജന്മദിനം കടന്ന് വരുന്നത്.

പത്രപ്രവർത്തകനും വിപ്ലവകാരിയും സാമൂഹ്യശാസ്ത്രജ്ഞനും ചരിത്രകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മാർക്സിന്റെ ചിന്തകൾ ലോകത്തിന് അമ്യൂലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനം സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും സാമൂഹികക്രമത്തിലേയ്ക്ക് സമൂഹത്തെ നയിക്കാൻ കഴിയുമെന്ന് ശാസ്ത്രീയ സമീപനത്തോടെ വരച്ചിട്ട മാർക്സിയൻ ദർശനങ്ങൾ തന്നെയാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളമായി അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ചുഴിയിൽ നിന്ന് കരകയറാനുള്ള ബദലിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ സോഷ്യലിസവും കമ്യൂണിസവും പരമപ്രധാനമായി ഉയർന്ന് വരുന്നു എന്നത് തന്നെയാണ്. മാർക്സും മാർക്സിന്റെ ഓർമ്മകളും വർത്തമാന കാലത്തും വരാനിരിക്കുന്ന കാലത്തും ലോകത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്യും എന്നതിന്റെ ദൃഷ്ടാന്തമാകുന്നത്.

ലോകമെങ്ങുമുള്ള തൊഴിലാളി വർഗ്ഗ വിപ്ലവ പ്രസ്ഥാനങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മാർക്സിയൻ ആശയങ്ങളും ചർച്ച ചെയ്യപ്പെടുകയും ആവർത്തിച്ച് വായിക്കപ്പെടുകയും സോഷ്യലിസ്റ്റ് സമൂഹ നിർമ്മിതിക്കായി സൈദ്ധാന്തികമായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് കാൾ മാർക്സിന്റെ ജന്മദിനത്തിന്റെ കാലികപ്രസക്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News