കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ പോര് മുറുകുന്നു. ദേശീയ നേതാക്കളെ പ്രചാരണ രംഗത്ത് സജീവമായെത്തിച്ച് വര്‍ഗ്ഗീയ കാര്‍ഡിറക്കിയാണ് ബി ജെ പി യുടെ നീക്കങ്ങള്‍. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റി മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ. പ്രതീക്ഷ.

പരസ്യ പ്രചാരണത്തിന് മൂന്ന് ദിവസം മാത്രമവശേഷിക്കുമ്പോള്‍ ആരോപണ – പ്രത്യാരോപണങ്ങളുമായി കര്‍ണാടക തിരഞ്ഞെടുപ്പ് രാഷ്ട്രീയം തിളച്ചു മറിയുകയാണ്. ആദ്യ ഘട്ടം മുതല്‍ ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ മുസ്ലീം സംവരണം ഒഴിവാക്കും, ഹിജാബ് നിരോധനം തുടങ്ങിയ അതി വൈകാരിക വിഷയങ്ങളാണ് ബി ജെ പി പ്രചാരണ ആയുധമാക്കുന്നത്.

ബജ്‌റംഗദളിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പരാമര്‍ശം പ്രചാരണത്തില്‍ ഏറെ പിന്നിലായ ബി ജെ പി പിടിവള്ളിയാക്കി. ഹനുമാനെതിരായ നീക്കം എന്ന നിലയിലാണ് ബജ്രംഗദള്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ അവതരിപ്പിച്ചത്. വിവാദമായതോടെ കോണ്‍ഗ്രസിന് വിഷയം മയപ്പെടുത്തേണ്ടി വന്നു. വിദ്വേഷവും സദാചാര പൊലീസിങ്ങും നടത്തുന്ന സംഘടനകള്‍ക്കെതിരെ ജാഗ്രത പാലിക്കാനാണ് പറഞ്ഞതെന്നും ഒരു സംഘടനയെയും നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നും വിശദീകരിച്ചു.

ഒരു പടി കൂടി കടന്ന് അധികാരത്തിലെത്തിയാല്‍ പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം നല്‍കി പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അവസാന ഘട്ടത്തിലും വിഷയം സജീവമായി നിലനിര്‍ത്താനാണ് ബി ജെ പി ശ്രമം. അതേ സമയം അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും കാര്‍ഷികവിരുദ്ധ നയങ്ങളുമെല്ലാം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസ്. സംവരണ വിഷയം ഇരു പാര്‍ട്ടികളും ഒരു പോലെ പ്രചാരത്തിനു പയോഗിക്കുന്നുണ്ട്. ഹാസ്സന്‍, മൈസൂര്‍ ഉള്‍പ്പെടെയുള്ള സ്വാധീന മേഖലകളില്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് ജെ ഡി എസ് ശ്രമം.

കര്‍ണാട തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ലിങ്കായത്ത് – വൊക്കലിംഗ വോട്ടുകള്‍ അനുകൂലമാക്കാനുള്ള നീക്കവും പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. ബി ജെ പി ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രചാരണ രംഗത്ത് സജീവമാണ്. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ കോണ്‍ഗ്രസിനായി രംഗത്തുണ്ട്. പ്രധാന നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ റോഡ് ഷോയിലുള്‍പ്പെടെ പങ്കെടുക്കും..

സ്വാധീന മേഖലകള്‍ നിലനിര്‍ത്തുന്നതോടൊപ്പം എതിരാളികളുടെ കോട്ടകളില്‍ വിള്ളലുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് അവസാന ഘട്ടത്തില്‍ അണിയറയില്‍ നടക്കുന്നത്

അവസാന ഘട്ടമെത്തി നില്‍ക്കുമ്പോള്‍ ആവനാഴിയിലെ ആയുധങ്ങളെല്ലാമെടുത്ത് പ്രയോഗിക്കുകയാണ് പാര്‍ട്ടികള്‍… വൈകാരിക വിഷയങ്ങളിലൂന്നി ബിജെപി ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയിലുള്ള സര്‍ക്കാരിനെതിരായ വികാരം വോട്ടാക്കി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News