136 സീറ്റുകള്‍ നേടി കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും ബി ജെ പി തകര്‍ന്നടിഞ്ഞപ്പോള്‍ ജെഡിഎസ്സിനും തിരിച്ചടി നേരിട്ടു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ പതിയെ കോണ്‍ഗ്രസ് മുന്നേറ്റം തെളിഞ്ഞു തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നൂറിലധികം സീറ്റുകളില്‍ ലീഡുയര്‍ത്തി. ഒടുവില്‍ 113 എന്ന മാന്ത്രിക സംഖ്യയും മറികടന്ന് വലിയ ഭൂരിപക്ഷത്തിലേക്കുള്ള കുതിപ്പ്. ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 56 സീറ്റ് കോണ്‍ഗ്രസ്  വര്‍ധിപ്പിച്ചപ്പോള്‍ ബിജെപിക്ക് 39 സീറ്റും ജെഡിഎസ്സിന് 18 സീറ്റും നഷ്ടമായി.

കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളായ മുംബൈ കര്‍ണാടകയിലും മധ്യ കര്‍ണാടകയിലുമെല്ലാം ബി ജെ പി തകര്‍ന്നടിഞ്ഞു. തീരദേശ കര്‍ണാടക മാത്രമാണ് ബിജെപിക്ക് ആശ്വാസമായത്. പഴയ മൈസൂരു മേഖലയിലും കോണ്‍ഗ്രസ് കുതിപ്പ് നടത്തിയപ്പോള്‍ ജെഡിഎസ്സിന് തിരിച്ചടി നേരിട്ടു.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ മൈസൂരു ജില്ലയിലെ വരുണ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനകപുരയില്‍ നിന്നും ജയിച്ചു കയറി. ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയ ലക്ഷ്മണ്‍ സാവദി അദാനിയില്‍ നിന്ന് ജയിച്ചപ്പോള്‍ ലിംഗായത്ത് നേതാവായ ജഗദീഷ് ഷെട്ടര്‍ ഹുബ്ബള്ളി ധാര്‍വാദ് സെന്‍ട്രലില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി.

ബി ജെ പി നേതാവായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവോണിലും മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്ര ശിക്കാരിപുരയിലും ജയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടതിനിടെ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി ചന്നപട്ടണയില്‍ വിജയിച്ചു.

മകന്‍ നിഖില്‍ കുമാര സ്വാമി ജെഡിഎസ് ശക്തികേന്ദ്രമായ രാമനഗരയില്‍ കോണ്‍ഗ്രസിന്റെ ഇഖ്ബാല്‍ ഹുസൈനോട് തോല്‍വിയേറ്റു വാങ്ങി. ഭരണ വിരുദ്ധ വികാരത്തില്‍ കൈ പൊള്ളിയ ബി ജെ പി യിലെ 11 മന്ത്രിമാര്‍ ജനവിധിയില്‍ പരാജയപ്പെട്ടു. കര്‍ണാടകയിലെ ഉജ്ജ്വല വിജയം കോണ്‍ഗ്രസ് രാജ്യമാകെ ആഘോഷമാക്കി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News