സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്

ദിപിന്‍ മാനന്തവാടി

ഹിന്ദുത്വയുടെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയപരീക്ഷണ ശാലയാണ് കര്‍ണാടക. അതിനാല്‍ തന്നെ മേയ് 10ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ തീവ്രഹിന്ദുത്വയുടെ കാര്‍ഡിറക്കി ഭരണവിരുദ്ധ വികാരത്തെ മറികടക്കാനാണ് ബിജെപി ശ്രമം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഘട്ടത്തിലും ബിജെപിക്കും കോണ്‍ഗ്രസിനും ജെഡിഎസിനും ഏതെങ്കിലും വിഷയത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സവിശേഷ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ബസവരാജെ ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഭരണനേട്ടങ്ങള്‍ പറഞ്ഞ് വോട്ടുപിടിക്കാനുള്ള സാഹചര്യം കര്‍ണ്ണാടകയിലില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണത്തുടര്‍ച്ചയ്ക്കായി വോട്ടുതേടാനുള്ള പ്രതിച്ഛായ സൃഷ്ടിക്കാനും ഒന്നേമുക്കാല്‍ വര്‍ഷത്തെ ഭരണംകൊണ്ട് ബൊമ്മെക്ക് സാധിച്ചിട്ടില്ല. യെദ്യൂരിയപ്പയെപ്പോലെ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലായെന്നത് തന്നെയാണ് കര്‍ണാടകയില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനെ നരേന്ദ്ര മോദിയുടെ പ്രതിച്ഛായയും തീവ്രഹിന്ദുത്വ നിലപാടും ഉയര്‍ത്തി പ്രതിരോധിക്കുകയാണ് ബിജെപി തന്ത്രം. ഈ വര്‍ഷം ഇതുവരെ 6 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടക സന്ദര്‍ശിച്ചത്. വ്യത്യസ്തങ്ങളായ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുത്തു. അമിത്ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളും ഇതിനകം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ണ്ണാടകയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. ഈ നിലയില്‍ കേന്ദ്രനേതാക്കളുടെ കരിസ്മയെ ഉപയോഗപ്പെടുത്തി സംസ്ഥാന നേതാക്കളുടെ പരിമിതികളെ മറികടക്കാനാണ് ബിജെപി ശ്രമം.

പഴയത് പോലെ വേവാത്ത തീവ്രഹിന്ദുത്വ അജണ്ടകള്‍

തീവ്രഹിന്ദുത്വ ഉയര്‍ത്തി ഭൂരിപക്ഷ സമുദായങ്ങളെ ഏകീകരിക്കുക എന്നതാണ് ബിജെപിയുടെ മറ്റൊരു തന്ത്രം. ഇതിനായി ന്യൂനപക്ഷ വിരുദ്ധതയുടെ വിദ്വേഷ രാഷ്ട്രീയം തന്നെയാണ് കര്‍ണാടകയിലും പയറ്റുന്നത്. ഹിജാബ് വിഷയവും ടിപ്പു ചരിത്രത്തിന്റെ വക്രീകരണവും മുസ്ലിംസംവരണം റദ്ദാക്കിയതുമെല്ലാം പൊതുശത്രുവിനെ മുന്നില്‍ നിര്‍ത്തി ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുക എന്ന സംഘപരിവാര്‍ തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തരം അജണ്ടകള്‍ ഉത്തരേന്ത്യയില്‍ ഏശിയത് പോലെ കര്‍ണാടകയില്‍ ഏശുന്നില്ല എന്നതാണ് ബിജെപിയെ അങ്കലാപ്പിലാക്കുന്നത്.

ഹിജാബ് വിവാദം കോസ്റ്റല്‍ കര്‍ണാടകയില്‍ നേരത്തെ ഉണ്ടാക്കിയ ചലനങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കുന്നില്ല. മുസ്ലിംങ്ങള്‍ക്ക് സ്വാധീനമുള്ള ചില മേഖലകളില്‍ ഹിന്ദു-മുസ്ലിം ദ്വന്ദങ്ങളെ ഒരുപരിധിവരെ ഇത് സ്വാധീനിച്ചിട്ടുണ്ട്. ഹിജാബ് വിഷയം മുസ്ലിം സ്വാധീന മേഖലകളില്‍ എസ്ഡിപിഐ രാഷ്ട്രീയവിഷയമായി ഉപയോഗിക്കുന്നുമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ധ്രുവീകരണം സൃഷ്ടിച്ചാല്‍ അതിന്റെ ഗുണഭോക്താക്കളായി മാറുക ബിജെപിയാകും. ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ ഈ നിലയില്‍ ഭിന്നിച്ച് പോയത് മുന്‍തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് സഹായകമായതായി വിലയിരുത്തലുകളുണ്ടായിരുന്നു.

ടിപ്പു വിരുദ്ധതയെ ഭൂരിപക്ഷ കേന്ദ്രീകരണത്തിന് ഉപയോഗിക്കുക എന്ന നിലയിലുള്ള പ്രചാരണ തന്ത്രം സംഘപരിവാര്‍ കര്‍ണാടകയില്‍ സ്വീകരിച്ചിരുന്നു. ടിപ്പു വിരുദ്ധ ചരിത്രനിര്‍മ്മിതികളിലൂടെ പഴയ മൈസൂരുവില്‍ (മൈസൂരു കര്‍ണാടക) സ്വാധീനമുറപ്പിക്കുക എന്ന തന്ത്രമായിരുന്നു പയറ്റിയിരുന്നത്. ടിപ്പു വിരുദ്ധത ഉപയോഗിച്ച് ഈ മേഖലയിലെ സ്വാധീന സമുദായമായ വൊക്കലിംഗക്കാരെ കൂടെ നിര്‍ത്താനുള്ള സംഘപരിവാര്‍ നീക്കം പക്ഷെ പാളിയിരിക്കുകയാണ്.

ടിപ്പുവിനെ പ്രകീര്‍ത്തിക്കുന്ന ധാരാളം നാടോടിപാട്ടുകള്‍ സാമുദായിക വ്യത്യാസങ്ങളില്ലാതെ പ്രചാരത്തിലിരിക്കുന്ന മേഖലയാണ് പഴയ മൈസൂരുവിന്റെ ഭാഗങ്ങള്‍. ഇവിടെ ടിപ്പു വീരനായകനുമാണ്. ടിപ്പു വിരുദ്ധതയെ പഴയ മൈസൂരുവിന് പുറത്ത് വിഭാഗീയ ലക്ഷ്യത്തോടെ പ്രയോജനപ്പെടുത്താന്‍ ഒരുപരിധിവരെ സംഘപരിവാറിന് സാധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വൊക്കലിംഗ സ്വാധീനമേഖലകളിലും ടിപ്പു വിരുദ്ധതയെ ഉപയോഗപ്പെടുത്താനുള്ള വിവരണം സംഘപരിവാര്‍ മുന്നോട്ടുവച്ചത്. ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിനെ വധിച്ചത് ഉറി ഗൗഢ, നഞ്ചെ ഗൗഢ എന്ന രണ്ടു വൊക്കലിംഗ യുദ്ധവീരന്മാരാണ് എന്ന വിവരണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. വൊക്കലിംഗ സമുദായത്തില്‍പ്പെട്ട രണ്ടുപേരെ ടിപ്പു ഘാതകരായി ചിത്രീകരിച്ച്, വൊക്കലിംഗ സമുദായത്തെ ടിപ്പുവിരുദ്ധരാക്കി ഈ വിവരണത്തിന് പിന്നില്‍ അണിനിരത്താനായിരുന്നു നീക്കം. എന്നാല്‍ വൊക്കലിംഗ സമുദായത്തിന്റെ ആത്മീയ ആചാര്യന്മാരില്‍ ഒരാളായ ശ്രീ ആദി ചുഞ്ചനഗിരി മഠത്തിലെ സ്വാമി നിര്‍മ്മാലനന്ദനാഥ ഇത്തരം വിവരണങ്ങള്‍ ചരിത്രവിരുദ്ധമാണെന്ന വിമര്‍ശനവുമായി രംഗത്ത് വന്നു. പ്രമുഖരായ ചരിത്രകാരന്മാരും ഇത്തരം വിവരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന സമീപനം സ്വീകരിച്ചിരുന്നു.

എന്നാല്‍ മൈസൂരുവിലെ കര്‍ണാടക സര്‍ക്കാരിന്റെ നാടക ഇന്‍സ്റ്റിറ്റ്യൂട്ടായ രംഗായനയുടെ ഡയറക്ടര്‍ അദ്ദണ്ട കരിയപ്പ നിര്‍മ്മലാനന്ദനാഥയെ വിമര്‍ശിച്ച് രംഗത്ത് വന്നതും വൊക്കലിംഗ സമുദായത്തിന്റെ വികാരം ബിജെപിക്ക് എതിരാക്കിയിരുന്നു. ഗിരീഷ് കര്‍ണ്ണാട്ടിന്റെ നാടകമായ ‘ടിപ്പുവിന്റെ സ്വപ്‌നങ്ങള്‍’ക്ക് പ്രതിനാടകം എഴുതി സംഘപരിവാറിന്റെ ടിപ്പു വിരുദ്ധ അജണ്ടയുടെ പ്രചാരകനായി മാറിയ ആളാണ് അദ്ദണ്ട കരിയപ്പയെന്ന് വിമര്‍ശനമുണ്ട്. സ്വാമി നിര്‍മ്മലാനന്ദനാഥിനെതിരെ അദ്ദണ്ട കരിയപ്പ രംഗത്ത് വന്നത് ഈ വിഷയത്തില്‍ വൊക്കലിംഗ സമുദായത്തിന്റെ വികാരം ബിജെപിക്കെതിരാക്കിയിട്ടുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.

ബംഗളൂരൂ-മൈസൂരു എക്‌സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിനായി തയ്യാറാക്കിയ കമാനങ്ങളില്‍ ടിപ്പുവിനെ വധിച്ച വീരനായകരായി സംഘപരിവാര്‍ അവതരിപ്പിച്ച ഉറി ഗൗഢയും, നഞ്ചെ ഗൗഢയും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന്റെ തലേന്ന് മാണ്ഡ്യയില്‍ സ്ഥാപിച്ച ഈ കമാനം എടുത്തുമാറ്റാന്‍ ബിജെപി നിര്‍ബന്ധിതരായിരുന്നു. ടിപ്പു വിഷയത്തില്‍ വൊക്കലിംഗ സമുദായത്തെ കൂടെ നിര്‍ത്താന്‍ ബിജെപി ഉണ്ടാക്കിയ വിവരണം പാളിപ്പോയെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അതിനാല്‍ തന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ ടിപ്പു വിരുദ്ധത പഴയത് പോലെ ചെലവാകില്ല എന്നും ബിജെപി നേതൃത്വം കണക്കാക്കുന്നു. അത് കൊണ്ടുകൂടിയാണ് വിഭാഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് മുസ്ലിം സംവരണം പിന്‍വലിക്കുക എന്ന അടുത്ത അജണ്ട ബിജെപി പരീക്ഷിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികള്‍ക്കും മുസ്ലീം ന്യൂനപക്ഷത്തിന് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കാനായിരുന്നു ബൊമ്മെ സര്‍ക്കാരിന്റെ തീരുമാനം. മുസ്ലീം വിഭാഗത്തിന്റെ റദ്ദാക്കിയ നാല് ശതമാനം സംവരണത്തില്‍ നിന്ന് രണ്ട് ശതമാനം വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു ബൊമ്മെ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്ന രാഷ്ട്രീയം സുവ്യക്തമാണ്.

(നാളെ: സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News