ഒരു മുഴം മുന്നേയെറിഞ്ഞ് കോണ്‍ഗ്രസ്, കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ കര്‍ണ്ണാടകയില്‍ 124 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമ്പോള്‍ ശിവകുമാര്‍ കനകപുരയില്‍ മത്സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര കൊരട്ടഗെരെയില്‍ നിന്നും മത്സരിക്കുമ്പോള്‍ മുന്‍മന്ത്രിമാരായ കെഎച്ച് മുനിയപ്പ ദേവനഹള്ളിയില്‍ നിന്നും പ്രിയങ്ക് ഖാര്‍ഖെ ചിത്തപൂരില്‍ നിന്നും ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഖെ. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഇലക്ഷന്‍ കമ്മിറ്റിയാണ് കര്‍ണ്ണാടകയിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പുറത്തിറക്കിയത്. രാഹുല്‍ ഗാന്ധിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.

കര്‍ണ്ണാടക നിയമയഭയുടെ കാലാവധി മെയ് മാസത്തില്‍ അവസാനിക്കുമെന്നതിനാല്‍ ഉടനെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചില്ലെങ്കിലും കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു കഴിഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള റാലികളും പ്രചാരണ പരിപാടികളും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

ഈ വര്‍ഷം ഇതുവരെ 6 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണ്ണാടക സന്ദര്‍ശിച്ചത്. വ്യത്യസ്തങ്ങളായ പദ്ധതികളുടെ ഉത്ഘാടന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുത്തു. അമിത്ഷാ ഉള്‍പ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കളും ഇതിനകം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ണ്ണാടകയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു കഴിഞ്ഞു. കര്‍ണ്ണാടകയില്‍ ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി കരുക്കള്‍ നീക്കുമ്പോള്‍ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നത് അതിനാല്‍ തന്നെ ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News