അങ്കോള മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ കുടുംബം. ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ല’, എന്ന ലോറി ഉടമയുടെ വാക്കുകളാണ് അവർക്ക് ഏറെ പ്രതീക്ഷ നൽകുന്നത്.
25 ടണ്ണിലേറെ ഭാരമുള്ള ഈ വണ്ടിയുടെ അകത്തേക്ക് മണ്ണ് കയറില്ലെന്നും, വണ്ടിക്കകത്ത് എസി അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടെന്നും ഉടമ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം 8ന് ആണ് അർജുൻ കർണാടകയിൽ പോയത്. 17ന് ജോലി കഴിഞ്ഞ് തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ മടക്കം വൈകിയതിനെ തുടർന്ന് അർജുന്റെ സുഹൃത്ത് സമീറാണ് മണ്ണിടിച്ചിലിനെ കുറിച്ചും, അതിൽ അകപ്പെട്ട എന്ന ആശങ്കയെ കുറിച്ചും കുടുംബത്തോട് പങ്കുവെച്ചത്. തലേന്ന് രാത്രി വരെ അമ്മയും ഭാര്യയും അടക്കം അർജുനോട് സംസാരിച്ചിരുന്നു. പിന്നീട് വിളിക്കുമ്പോൾ ഫോൺ റിങ് ചെയ്യുകയും എന്നാൽ ആരും കാൾ എടുക്കാതാവുകയുമായിരുന്നു.
‘4 ദിവസമായി മോനെ കാണാതായിട്ട്. എന്റെ മോനെ ഇവിടെ എത്തിച്ചു തന്നാൽ മതി. ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. നാലു ദിവസമായി മരുമകൻ അടക്കമുള്ളവർ അവിടെ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ തിരച്ചിൽ വേഗം പൂർത്തിയാക്കി മോനെ ഇങ്ങോട്ടു തിരിച്ചു കൊണ്ടു വരൂ’, എന്നാണ് പ്രമുഖ മാധ്യമത്തോട് അർജുന്റെ പിതാവ് പറഞ്ഞത്.
അതേസമയം, അങ്കോള രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുബാംഗങ്ങളുമായി നേരിട്ട് സംസാരിച്ചുവെന്നും മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്ത് കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.കർണാടക സർക്കാരിൻ്റെ ഇടപെടലിനെകുറിച്ച് പറയേണ്ട സമയമല്ല ഇത്, അപകടത്തിൽപ്പെട്ടയാളെ എത്രയും വേഗം കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here