സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് പീഡിപ്പിച്ച ഡിഎസ്പിയെ 24 മണിക്കൂറിനുള്ളിൽ തുറുങ്കിലടച്ച് കർണാടക പൊലീസ്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ പൊലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവം കർണാടകയിലെ തുമകുരു പൊലീസ് സ്റ്റേഷനിൽ നടന്നത്.
ഭൂമി തർക്ക പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് സ്റ്റേഷനകത്തെ തൻ്റെ മുറിയിൽ വെച്ച് ഡിഎസ്പി എ. രാമചന്ദ്രപ്പ ലൈംഗിക അതിക്രമത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിൻ്റെ ദൃശ്യങ്ങൾ സഹപ്രവർത്തകരായ മറ്റ് പൊലീസ് സേനാംഗങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വൻ വിവാദമാകുകയും ഡിഎസ്പി ഒളിവിൽ പോകുകയും ചെയ്തിരുന്നു. എന്നാൽ, സംഭവം സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതോടെ എസ്പിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കേസിൽ സജീവമായി ഇടപെടുകയും രാത്രിയോടെ തന്നെ ഡിഎസ്പിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്ന് യുവതിയെ ഡിഎസ്പി പീഡിപ്പിച്ച അതേ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ ഡിഎസ്പി രാമചന്ദ്രപ്പയെ സഹപ്രവർത്തകർ അടക്കുകയും ചെയ്തു. തുടർന്ന് രാത്രിയോടെ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നിലും പൊലീസ് ഹാജരാക്കി. പീഡനത്തിൻ്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇരയായ യുവതിയെ അന്വേഷണ സംഘം നേരിൽപോയി കണ്ട് അവരിൽ നിന്നും പരാതി എഴുതി വാങ്ങിയായിരുന്നു പൊലീസ് സംഘത്തിൻ്റെ നടപടി.
ഡിഎസ്പി രാമചന്ദ്രപ്പ പരാതി പറയാനെത്തുന്ന സ്ത്രീകളോട് സ്ഥിരമായി അപമര്യാദയായി പെരുമാറാറുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുകയാണ് ഡിഎസ്പി രാമചന്ദ്രപ്പ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here