കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിന്റെ ഈ വർഷത്തെ കലാലയ മാഗസിൻ തുറക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളിലേക്ക് വാതിൽതുറക്കുന്ന അംബേദ്കറുടെ ചിത്രമാണ് ആദ്യം കാണുക. അത് വലിയൊരു സൂചനയാണ്. കാണാൻ പോകുന്നതും വായിക്കാൻ പോകുന്നതും എന്താണ് എന്നതിലേക്കുള്ള വലിയ ഒരു സൂചന.
തുടർന്നങ്ങോട്ട് സഫ്‌ദർ ഹാഷ്മി. രോഹിത് വെമുല, ഗൗരി ലങ്കേഷ്, ഇന്ത്യയുടെ തകർക്കപ്പെട്ട മതേതരത്വ പ്രതീകമായ ബാബറി; എല്ലാറ്റിനുമുപരി ബിൽക്കിസ് ബാനുവിന്റെ ഗർഭപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന, വർഗീയ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ത്രിശൂലം ! അടിമുടി രാഷ്ട്രീയം പറയുകയാണ് ഇക്കൊല്ലത്തെ മാഗസിൻ ‘നാങ്കൾ ഇരു\റന്തത് ഉങ്കളുക്ക് തെരിയുമാ’
ഇരുന്തതും ഇറന്തതും ഉങ്കളുക്ക് തെരിയുമാ ?
രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് മാഗസിന്റെ പേരുതന്നെ മുന്നോട്ടുവെക്കുന്നത്. ഞങ്ങൾ ഇവിടെയുണ്ടായിരുന്നത് നിങ്ങൾ അറിഞ്ഞോയെന്നും ഞങ്ങൾ ഇവിടെ മരിച്ചുവീണത് നിങ്ങൾ അറിയുന്നുണ്ടോ എന്നും ! നിലനിൽപ്പും അസ്തിത്വവും ചോദ്യചിഹ്നമാകുന്ന വർത്തമാന ഇന്ത്യയിൽ ഈ രണ്ട് ചോദ്യങ്ങൾക്കും വലിയ അർത്ഥമാണുള്ളത്. ചില മനുഷ്യർ ഇവിടെ ജീവിപ്പിച്ചിരിപ്പുണ്ടായിരുന്നു എന്ന് ഓർമിപ്പിക്കുന്ന മാഗസിൻ ചില മരണങ്ങളെ മനുഷ്യർ മനഃപൂർവം മറക്കുന്നതെങ്ങനെ എന്ന പ്രധാനപ്പെട്ട ചോദ്യമാണ് എഴുത്തുകളിലൂടെ മുന്നോട്ടുവെക്കുന്നത്.
“മനുഷ്യരുടെ നിലനില്പിനെയാണ് നമ്മൾ അഡ്രസ് ചെയ്യുന്നത്. പല മനുഷ്യർ പലപ്പോഴുമായി ചെയ്ത കാര്യങ്ങൾ അവർ മരണപ്പെടുന്നതോടുകൂടി അവസാനിക്കുകയാണോ എന്ന ചോദ്യം ഈ മാഗസിൻ അന്വേഷിക്കുന്നുണ്ട്. പൊതുവെ ഈ പേര് സംസാരിക്കുന്നത് മരണവും ജീവിതവും തമ്മിലുള്ള ചില ബന്ധപ്പെടുത്തലുകളെപ്പറ്റിയാണ്”; മാഗസിൻ എഡിറ്റർ അഭിമന്യു ജാല പറയുന്നു.
മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയും പേരുകൾ പോലും പലരെയും അലോസരപ്പെടുത്തുന്ന കാലമാണിത്. പേരുകളിലൂടെയും രൂപങ്ങളിലൂടെയും ഒരു മനുഷ്യന്റെ ഐഡന്റിറ്റി ചോദ്യചിഹ്നമാകുന്ന കാലമാണിത്. അത്തരമൊരു കാലത്ത് പേരുകൊണ്ട് പല അർത്ഥതലങ്ങളിലേക്ക് സഞ്ചരിക്കുകയാണ് മാഗസിൻ.
മാഗസിന്റെ മറ്റൊരു പ്രത്യേകത ബഹുഭാഷകളിലെ സാഹിത്യരചനകളെ ഉൾക്കൊള്ളുന്നു എന്നതാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലെയും ഹിന്ദിയിലെയും ഇംഗ്ലീഷിലെയുമെല്ലാം രാഷ്ട്രീയരചനകൾക്ക് മാഗസിനിൽ സ്ഥാനമുണ്ട്. ഭാഷ എന്നത് ഏകീകൃത സ്വാഭാവമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോളാണ് ബഹുഭാഷകളെ വെച്ചുകൊണ്ടുള്ള ഒരു പ്രതിരോധ ശബ്ദം വിദ്യാർത്ഥികളിലൂടെ ഉയരുന്നത്.
രാഷ്ട്രീയത്തെ വരച്ചിടുമ്പോൾ
മനുഷ്യരുടെ രാഷ്ട്രീയം പല രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കും. കലയിലൂടെയാകുമ്പോൾ അതിന് ശക്തി കൂടും. ഈ മാഗസിന്റെ പല പുറങ്ങളിലായി അനവധി രാഷ്ട്രീയ ചിത്രങ്ങൾ കാണാം. ഗാന്ധിവധം ‘ആത്മഹത്യ’ ആക്കി മാറ്റപ്പെടുന്ന കാലത്ത് ഗാന്ധിയെ RSS കൊന്നതാണ് എന്നുറക്കെ പറയുന്നുണ്ട് മാഗസിന്റെ ഒരു താൾ.’അനേകായിരം മന്ദിരങ്ങൾ ഉയർന്നാലും ബാബറി സത്യമാണ്’ എന്ന ചിത്രത്താള് കലയിലൂടെ നമുക്ക് നേടിയെടുക്കാവുന്ന ഒരു പ്രതിരോധത്തെയാണ് മുന്നോട്ടുവെക്കുന്നത്. മുൾവേലി കെട്ടിയ അതിർത്തികളും, പ്രത്യയശാസ്ത്രങ്ങളോടുള്ള വലതുപക്ഷ അസഹിഷ്ണുതയും, നീതിയെയും നിയമത്തെയും നോക്കുകുത്തിയാക്കി നടക്കുന്ന ബുൾഡോസർ രാജുമെല്ലാം മാഗസിനിൽ വരച്ചിടപ്പെട്ട രാഷ്ട്രീയങ്ങളാണ്.
പല കോളേജ് മാഗസിനുകളിലുമായി കണ്ടുവരുന്ന കാല്പനികവത്കരണത്തെ പൊളിച്ചെഴുതുക തന്നെയാണ് ഈ മാഗസിൻ. അത്തരം പ്രവണതകളെ പൊളിച്ചെഴുതുക വഴി പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയത്തെ നേരിട്ട്, കാര്യശുദ്ധിയോടെ അവതരിപ്പിക്കുകയാണ് ഇവിടം. എഴുത്തിന്റെ ഫോണ്ടുകളിൽ മണ്ണിന്റെ നിറങ്ങൾ ഉപയോഗിച്ചും, തീയുടെ ലേയറുകൾ ചിത്രീകരണങ്ങളിൽ ഉപയോഗിച്ചും കാലത്തെ അടയാളപ്പെടുത്തുകയാണ് ഇവിടം.
മാഗസിന്റെ മധ്യഭാഗങ്ങളിൽ ഭരണകൂടത്തിന്റെ സെൻസറിങ് പ്രയോഗത്തെ വിമർശിച്ചുകൊണ്ടുള്ള ഗംഭീരമായ ഒരു ചിത്രീകരണമുണ്ട്. കഴുകന്റെ തലയ്ക്കുപകരം ജനങ്ങളെ സദാ നിരീക്ഷിക്കുന്ന ക്യാമറക്കണ്ണുകളിൽ നമുക്ക് കാണാവുന്നത് നമ്മുടെ ഭരണകൂടത്തെ തന്നെയാണ്. തൊട്ടുതാഴെ ഇന്ത്യൻ ഭരണകൂടത്തെ തോറ്റുതൊപ്പിയിടിയിച്ച കർഷക മാർച്ചും, ദില്ലി ചലോ മാർച്ചുമെല്ലാമുണ്ട്. ഇത്തരത്തിൽ ഇന്നത്തെ ഇന്ത്യയുടെ ഒരു സമ്പൂർണ്ണ വരച്ചുകാട്ടലാണ് ‘നാങ്കൾ ഇരു\റന്തത് ഉങ്കളുക്ക് തെരിയുമാ’.
പല ക്യാമ്പസുകളിലും മാഗസിൻ എന്നത് എഡിറ്ററുടെ മാത്രം ചുമതലയാണ്. എന്നാൽ ഈ മാഗസിനിൽ അങ്ങനെയൊന്നില്ല എന്നതാണ് സത്യം. മാഗസിൻ കമ്മിറ്റി അംഗങ്ങളുടെ നിതാന്ത പരിശ്രമവും, നേരവും കാലവും നോക്കാതെയുള്ള ഓട്ടവുമെല്ലാമാണ് ഈ മാഗസിനെ ഇത്ര രാഷ്ട്രീയവത്കരിക്കുന്നത് എന്ന് അഭിമന്യു പറയുന്നു. പറഞ്ഞുവെക്കുന്ന രാഷ്ട്രീയത്തിൽ മാത്രമല്ല, പറയുന്ന രീതിയിലൂടെയും ഇത്തരത്തിൽ വ്യത്യസ്തമാകുകയാണ് ‘നാങ്കൾ ഇരു\റന്തത് ഉങ്കളുക്ക് തെരിയുമാ’.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here