ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കാസര്‍കോഡ്, പാലക്കാട്‌ സാംസ്കാരിക സമുച്ചയങ്ങള്‍; കാണാം ചിത്രങ്ങൾ

സാംസ്‌കാരിക കേരളത്തിന്‌ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് കാസര്‍കോഡ്, പാലക്കാട്‌ സാംസ്‌കാരിക സമുച്ചയങ്ങള്‍ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജൂണ്‍ 4 ന് കഴിഞ്ഞാല്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ സമയലഭ്യത അനുസരിച്ച് ഉദ്ഘാടന തീയതി പ്രഖ്യാപിക്കും.

കേരളത്തിന്റെ സാംസ്‌കാരിക പെരുമ നിലനിർത്തി വരുംതലമുറയ്ക്ക് പകർന്നു നല്‍കുന്നതിന് ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് കിഫ്ബി സാമ്പത്തിക സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ജില്ലാ സാംസ്‌കാരിക സമുച്ചയങ്ങൾ.

നവോത്ഥാന നായകരുടെ പേരിലാണ് സമുച്ചയങ്ങള്‍ ആരംഭിക്കുന്നത്. കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ പേരില്‍ ആരംഭിച്ച സാംസ്‌കാരിക സമുച്ചയം കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സാംസ്‌ക്കാരിക വൈവിധ്യങ്ങളാലും വ്യത്യസ്ത ഭാഷകളിലും സമ്പന്നമായ പൈതൃകമുള്ള കാസര്‍കോട് ജില്ലയില്‍ മടിക്കൈ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാംസ്‌കാരിക സമുച്ചയം കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ടി എസ് തിരുമുമ്പിന്റെ നാമധേയത്തിലാണ് ആരംഭിക്കുന്നത്. 56.91 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം.

4 ഏക്കർ വിസ്തൃതിയിൽ 650 സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒരു ആംഫി തിയേറ്റർ, 294 സീറ്റിംഗ് കപ്പാസിറ്റിയുള്ള എസി ഓഡിറ്റോറിയം, കഫറ്റീരിയ ബ്ലോക്ക്, ട്രൈബൽ ആർട്ട് മ്യൂസിയം, സെമിനാർ ഹാളോട് കൂടിയ എക്‌സിബിഷൻ ബ്ലോക്ക്, ബ്ലാക്ക്‌ബോക്‌സ് തിയേറ്റർ, വർക്ക്‌ഷോപ്പുകൾ , ക്ലാസ് മുറികൾ, സ്മാരക ഹാൾ, ലൈബ്രറി, വായനശാല തുടങ്ങിയവ ഉൾപ്പെടുന്നതാണ് സാംസ്‌കാരിക സമുച്ചയം.

ഏറെ പ്രതീക്ഷയോടെയാണ് കലാകാരന്മാര്‍ കാസര്‍കോഡ് സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനത്തെ നോക്കിക്കാണുന്നത് എന്ന് സിനിമാതാരവും നാടകപ്രവര്‍ത്തകനുമായ കുഞ്ഞികൃഷ്ണന്‍ ഉദിനൂര്‍ പറഞ്ഞു. പാലക്കാട് യാക്കരയിലാണ് വി.ടി ഭട്ടതിരിപ്പാടിന്റെ നാമധേയത്തില്‍ സാംസ്‌കാരിക നിലയം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

68.34 കോടി രൂപ ചെലവില്‍ 1.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് സാംസ്‌കാരിക നിലയം ഒരുങ്ങിയത്. ഓഡിറ്റോറിയം, എ.വി തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, സെമിനാര്‍ ഹാള്‍, മിക്‌സിംഗ് ലാബ്, ശില്‍പശാലകള്‍, ക്ലാസ് മുറികള്‍, റിഹേഴ്‌സല്‍ ഹാള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പ്രദര്‍ശന സ്ഥലങ്ങള്‍, ആര്‍ട്ട് ഗാലറി, ഫോക്ലോര്‍ സെന്റര്‍, സ്മാരക ഹാള്‍, കഫറ്റീരിയ, അടുക്കള, വിവരാന്വേഷണ കേന്ദ്രം, ഡിജിറ്റല്‍ ലൈബ്രറി, അഡ്മിന്‍ ഓഫീസ് എന്നിവയാണ് മൂന്നു നിലകളിലായി സജ്ജീകരിച്ചിട്ടുള്ളത്.

ജില്ലകളിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് ഒരു സ്ഥിരം വേദി എന്ന നിലയിലും കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്ന കേന്ദ്രം എന്ന നിലയിലും സാംസ്‌കാരിക രംഗത്തും ടൂറിസം രംഗത്തും സാംസ്‌കാരിക സമുച്ചയങ്ങള്‍ വലിയ പങ്ക് വഹിക്കും എന്നാണ് കലാകാരന്മാരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News