കാസർഗോഡ് കാറഡുക്ക അഗ്രിക്കൾച്ചർ സഹകരണ സൊസൈറ്റി തട്ടിപ്പിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് അരക്കിണർ സ്വദേശി പി നബീൽ (34) ആണ് അറസ്‌റ്റിലായത്. കാറഡുക്ക അഗ്രിക്കൾച്ചർ സഹകരണ സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപ തട്ടിയ കേസിലെ പ്രധാന കണ്ണിയായ പി നബീലിനെ മലപ്പുറം ചേളാരിയിലെ താമസസ്ഥലത്തു നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
Also read:മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ഞായറാഴ്ച; മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതികളായ സൊസൈറ്റി സെക്രട്ടറി കാറഡുക്ക കർമംതോടി ബാളക്കണ്ടം കെ രതീശൻ, കണ്ണൂർ താണെ സ്വദേശി മഞ്ഞക്കണ്ടി അബ്ദുൽ ജബ്ബാർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടിപ്പിലുൾപ്പെട്ട കൂടുതൽ പേരെക്കുറിച്ച് വിവരം ലഭിച്ചത്. റിയൽ എസ്‌റ്റേറ്റിലും മറ്റും നിക്ഷേപിച്ച് ഇരട്ടിയാക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന മാഫിയാ സംഘത്തിൻ്റെ ബന്ധവും തെളിഞ്ഞു. കോടികൾ ആസ്‌തിയുണ്ടെന്ന് കാണിക്കാൻ നബീനും അബ്ദുൾ ജബ്ബാറും റിസർവ് ബാങ്കിന്റെ പേരിലടക്കം വ്യാജ രേഖകൾ ഹാജരാക്കി സൊസൈറ്റി സെക്രട്ടറി രതീശന്റെ വിശ്വാസം നേടിയെടുത്തു. പണം കൈപ്പറ്റി മുതലും ഉയർന്ന ലാഭവിഹിതവും നൽകാമെന്ന ധാരണയിലാണ് തട്ടിപ്പ് നടത്തിയത്.
Also read:കൊല്ലത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്
എന്നാൽ നൽകിയ പണം കൃത്യസമയത്ത് തിരിച്ചു കിട്ടാതായതോടെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ പള്ളിക്കര സ്വദേശിയെ കൂടി അന്വേഷിക്കുന്നുണ്ട്. കേസിൽ കൂട്ടുപ്രതികളായ പള്ളിക്കര പഞ്ചായത്തിലെ മുസ്ലിംലീഗ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ള മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൊസൈറ്റിയിൽ നിന്നും തട്ടിയെടുത്ത് വിവിധ ബാങ്കുകളിൽ പണയം വെച്ച സ്വർണ്ണം അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here