കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയിൽ 154 പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ സന്ദീപ് എന്നയാളെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജ് അടക്കമുള്ള വിവിധ ആശുപത്രികളിലായിട്ടാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.
ALSO READ; ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു
തെയ്യം കെട്ട് മഹോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിന്‍റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.
അപകടം നടന്നസ്ഥലത്ത് നൂറുകണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Updating…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here