2017 ഏപ്രില്‍ 30നാണ് നാടിനെ നടുക്കിയ അബ്ദുല്‍ സലാമിനെ കൊലപ്പെടുത്തിയ കേസിനാസ്പദമായ സംഭവം നടന്നത്. മണല്‍ക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് 26കാരന്റെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
അബ്ദുല്‍ സലാമിനെ മണല്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപ്പെടുത്തിയത്. 25 മീറ്റര്‍ ദൂരത്തിലാണ് തലയും ഉടലും ഉണ്ടായിരുന്നത്. സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ തല കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍.
നാട്ടുകാരായിരുന്നു കഴുത്തറുത്ത നിലയില്‍ സലാമിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. കൊലപാതകത്തിനിടെ സലാമിന്റെ സുഹൃത്തായ നൗഷാദിനും കുത്തേറ്റിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം 6 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
കുമ്പള ബദരിയ നഗറിലെ അബൂബക്കര്‍ സിദ്ദിഖ്, പേരാല്‍ സ്വദേശികളായ ഉമറുല്‍ ഫാറൂഖ് , സഹീര്‍, പെര്‍വാഡിലെ നിയാസ്, മാളിയങ്കര കോട്ടയിലെ ലത്തീഫ് , ബംബ്രാണയിലെ ഹരീഷ് എന്നിവരെയാണ് കാസര്‍കോഡ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവ പര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതികള്‍ ഒന്നര ലക്ഷം രൂപ പിഴയുമടക്കണം.
സിദ്ദീഖിന്റെ മണല്‍ ലോറി അബ്ദുല്‍ സലാം പൊലീസിന് വിവരം നല്‍കി പിടിപ്പിച്ചതും വീടുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതുമാണ് ക്രൂരമായ കൊലപാതകത്തിന് കാരണം. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ സലാമിനെയും സുഹൃത്ത് നൗഷാദിനെയും മൂന്നാംപ്രതി ഷഹീര്‍ മാളിയങ്കര കോട്ടയ്ക്കു സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്.
പ്രതിയായ സിദ്ദീഖ് മറ്റൊരു കൊലപാതക കേസിലും ഉമര്‍ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്. 53 സാക്ഷികളെയും കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളുമടക്കം 16 തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here