ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് കെ.സി വേണുഗോപാൽ എം പി

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഈ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also read:ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു

നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയുമെന്ന് ചോദിക്കുന്ന വേണുഗോപാൽ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ അന്തർദേശീയ തലത്തിൽ നടത്തുന്നതിന് ഇന്ത്യ മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്ന് പറഞ്ഞ വേണുഗോപാൽ തുടക്കത്തിൽ ഇസ്രായേലിൽ ഹമാസ് അഴിച്ചുവിട്ട ക്രൂരതകൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഇസ്രയേൽ– പലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്നു പറയാതെ വയ്യ.
നിത്യേനയെന്നോണം നൂറുകണക്കിനു പേർ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു കൈ കഴുകുകയാണു കേന്ദ്ര സർക്കാർ. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടു മുതലേ ഇന്ത്യ പലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇസ്രയേലോ, പലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു. കൃത്യമായ, ഗൗരവമാർന്ന ഇടപെടലുകൾ നടത്തി സമാധാനം നിലനിർത്താൻ ആവുന്നതൊക്കെ ഈ മഹാരാജ്യം ചെയ്തിരുന്നു. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകളുടെ ശക്തി ലോകം ഇങ്ങനെ പലകുറി കണ്ടിട്ടുമുണ്ടെന്നതു ചരിത്രം. നിർഭാഗ്യവശാൽ, ഇപ്പോഴത്തെ ഇസ്രയേൽ– പലസ്തീൻ ആക്രമണ– പ്രത്യാക്രമണങ്ങളോടു ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാൻ ഒട്ടും പര്യാപ്തവുമല്ല. ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന ലോകരാജ്യങ്ങളും ഇപ്പോഴത്തെ ഈ അഴകൊഴമ്പൻ നിലപാട് കണ്ടു അത്ഭുതം കൂറുകയാവും.

Also read:ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു

നിത്യേനയെന്നോണം നൂറുകണക്കിനു ജീവനുകളാണു അവിടെ പിടഞ്ഞു വീഴുന്നത്. ഗാസയിലെ ആശുപത്രിക്കു നേർക്കു നടന്ന വ്യോമാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ മനുഷ്യർ. മനുഷ്യത്വരഹിതം എന്നൊരൊറ്റ വാക്കിൽ പറഞ്ഞൊതുക്കാൻ കഴിയുന്ന സംഭവങ്ങളല്ല അവിടെ നടക്കുന്നത്. മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകളാണെങ്ങും. നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇന്ത്യയ്ക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയും ?
ഇസ്രയേൽ ആണെങ്കിലും പലസ്തീൻ ആണെങ്കിലും രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാനുള്ള ബാധ്യതയുണ്ട്.

Also read:ലിയോയ്ക്ക് ടിക്കറ്റെടുക്കണോ? പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

തുടക്കത്തിൽ ഇസ്രയേലിൽ ഹമാസ് അഴിച്ചുവിട്ട ക്രൂരതകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷെ അവരെ ഈ സാഹചര്യങ്ങളിലേക്കു കൊണ്ടെത്തിച്ച ചരിത്ര പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അവിടെ നടന്നത് അങ്ങേയറ്റം ക്രൂരതയാണ്, മനുഷ്യത്വഹീനമായ നടപടികളാണ്. അതാണു തുടർ ആക്രമണങ്ങളിലേക്കു നയിച്ചത്. പക്ഷേ അതിനുശേഷവും ഗാസയെ പാടേ തുടച്ചു നീക്കാനെന്നോണം ഇസ്രയേൽ അഴിച്ചുവിടുന്ന അതിക്രൂര ആക്രമണത്തിനു ചില ലോകരാഷ്ട്രങ്ങൾ പിന്തുണ നൽകുന്നതാണ് അത്ഭുതാവഹം. അതിനു പിൻപറ്റി ഇന്ത്യ നിൽക്കാൻ പാടില്ല. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. അതിനുവേണ്ടിയുള്ള ഇടപെടലുകൾ അന്തർദേശീയ തലത്തിൽ നടത്തുന്നതിന് ഇന്ത്യ മുൻകൈയെടുക്കണം.ലോകരാജ്യങ്ങൾക്കിടയിൽ എല്ലാക്കാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നോർക്കണം. അതിനു തക്ക പക്വതയാണ്, ഗൗരവമാണ് ഇന്ത്യാരാജ്യത്തിൽ നിന്നു ലോകം പ്രതീക്ഷിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News