വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണ്. പ്രകൃതി ദുരന്തത്തിന്റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. എന്നാല്‍ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ചിത്രമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
എസ്ഡിആര്‍എഫ് വിഹിതത്തെ വയനാട് പാക്കേജില്‍ തട്ടിക്കിഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം നിന്ദ്യവും ക്രൂരവുമാണ്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. അതിനായി സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാടിനെതിരെ കേരളത്തിന്റെ പൊതുവികാരം പ്രതിഷേധമായി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയും വേണം. കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അതിശക്തമായ പ്രക്ഷോഭം രാജ്യതലസ്ഥാനത്തേക്ക് അഴിച്ചുവിടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
Also Read; ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണം; എഴുന്നള്ളിപ്പില്‍ മാര്‍ഗരേഖയുമായി ഹൈക്കോടതി
450 ലധികം പേരുടെ ജീവനും അതിലേറെ കുടുംബങ്ങളുടെ ജീവിതവും തകര്‍ത്ത സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉരുള്‍പൊട്ടല്‍. വയനാട് ദുരന്തമുഖത്ത് വന്ന് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനമന്ത്രിക്ക് വയനാട് ജനതയുടെ യഥാര്‍ത്ഥ ദുരിതം തിരിച്ചറിയാനുള്ള മനസുണ്ടായില്ല. കേരളം ഒറ്റക്കല്ലെന്നും പുനരധിവാസത്തിന് പണത്തിന് യാതൊരു തടസ്സമുണ്ടാകില്ലെന്നും ദുരന്തമുഖം സന്ദര്‍ശിച്ച ശേഷം പറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കൈമലര്‍ത്തുന്നത് എന്നും കെസി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here