കേരള ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകൻ മനുവിനെതിരായ പീഡനകേസിൽ ആരോപണ വിധേയനെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കെ സി എ. അത്തരത്തിലൊരാളെ സംരക്ഷിച്ചു നിർത്തേണ്ട ആവശ്യം അസോസിയേഷന് ഇല്ല. മനുവിനെതിരായ കേസ് അന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷൻ സഹകരിക്കുന്നുണ്ട്. മനു കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായി എത്തിയത് 2012 ഒക്ടോബർ 12 നാണ്. 2022ൽ മനുവിനെതിരെ ആദ്യ ആരോപണമുയർന്നു. അപ്പോൾ കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനിൽ പരാതി നൽകിയിരുന്നില്ല.
പിന്നീട് ചൈൽഡ് ലൈനും പൊലീസും അന്വേഷണം നടത്തിയപ്പോഴാണ് കെസിഎ കാര്യങ്ങൾ അറിഞ്ഞത്. മനുവിനെ മാറ്റി നിർത്തിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മനുവിനെ തിരിച്ചെടുത്തത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഈ വിഷയങ്ങളിൽ പ്രതികരിക്കാതെ മാറി നിന്നിട്ടില്ല. സംഭവത്തിൽ കെ സി എക്ക് വീഴ്ച വന്നിട്ടുണ്ട്. ചില കാര്യങ്ങൾ അന്വേഷിക്കാതെയും മാതാപിതാക്കളുടെയും കുട്ടികളുടെയും ആവശ്യപ്രകാരം മനുവിനെ വീണ്ടും തിരിച്ചെടുക്കേണ്ടി വന്നു.
പോക്സോ കേസിൽ പ്രതിയായ ഒരാൾ ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം വീണ്ടും പരിശീലകനായി നിയമിച്ചത് കെസിഐയുടെ തെറ്റാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ചോദിക്കുമ്പോൾ ഉത്തരമില്ല. കഴിഞ്ഞ ഏപ്രിൽ 19നാണ് ജില്ലാ അസോസിയേഷൻ മനുവിനെതിരെ ആദ്യ പരാതി ലഭിക്കുന്നത്. ഈ പരാതിയിൽ മനുവിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും 21ന് രാജി നൽകിയിരുന്നു. നടപടിക്രമം ഉള്ളതിനാൽ കാലാവധി പൂർത്തിയാക്കണമെന്ന് മനുവിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here