കീം 2024: എം.ബി.ബി.എസ്./ബി.ഡി.എസ്. രണ്ടാം അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന 2024-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്റെ ഭാഗമായുള്ള രണ്ടാം അലോട്‌മെന്റ് ഫലം www.cee.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തി.

രണ്ടു കോഴ്‌സുകള്‍ക്കുമായി മൊത്തം 58 സര്‍ക്കാര്‍/സ്വകാര്യ സ്വാശ്രയ, മെഡിക്കല്‍/ ഡെന്റല്‍ കോളേജുകള്‍ അലോട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. എം.ബി.ബി.എസിന് 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ബി.ഡി.എസിന് ആറ് സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലുമാണ് അലോട്‌മെന്റ് നല്‍കിയിട്ടുള്ളത്.

എം.ബി.ബി.എസിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്റ്റേറ്റ് മെറിറ്റില്‍ 894 വരെ കേരള മെഡിക്കല്‍ റാങ്കുള്ളവര്‍ക്കും സ്വാശ്രയവിഭാഗത്തില്‍ സ്റ്റേറ്റ് മെറിറ്റല്‍ 9627 വരെ സംസ്ഥാന മെഡിക്കല്‍ റാങ്കുള്ളവര്‍ക്കും അലോട്‌മെന്റ് ലഭിച്ചു.

ബി.ഡി.എസിന് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകള്‍ 4298 (ഗവ.), 31,419 (സ്വാശ്രയം)

ALSO READ:മഴ മുന്നറിയിപ്പില്‍ മാറ്റം, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിന് സാധ്യത

അലോട്‌മെന്റ് ലഭിച്ചവര്‍, അവരുടെ ഹോംപേജില്‍നിന്നും അലോട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡുചെയ്ത് അതിന്റെ പ്രിന്റ് ഔട്ട് എടുക്കണം. അപേക്ഷാര്‍ഥിയുടെ പേര്, റോള്‍നമ്പര്‍, അലോട്ടുചെയ്യപ്പെട്ട കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീവിവരങ്ങള്‍ തുടങ്ങിയവ അതില്‍ ഉണ്ടാകും.

പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അടയ്‌ക്കേണ്ട തുക അതില്‍ രേഖപ്പെടുത്തിയിരിക്കും. ആ തുക ഓണ്‍ലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസില്‍ (ലിസ്റ്റ് വെബ്‌സൈറ്റില്‍ ഉണ്ട്) പണമായോ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് മൂന്നിനകം അടയ്ക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാരും വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാരും പ്രവേശനപരീക്ഷാ കമ്മിഷണറുടെപേരില്‍ തുകയൊന്നും അടയ്‌ക്കേണ്ടതില്ല.

എന്നാല്‍, അവര്‍ക്ക് സ്വാശ്രയകോളേജിലെ മൈനോറിറ്റി/ എന്‍.ആര്‍.ഐ. ക്വാട്ടയിലാണ് അലോട്‌മെന്റ് ലഭിച്ചതെങ്കില്‍ അലോട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവര്‍ക്ക് ഈ സീറ്റുകളില്‍ ഫീസിളവിന് അര്‍ഹത ഉണ്ടാകില്ല.

പരീക്ഷാര്‍ഥിയുടെ അടിസ്ഥാനവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡേറ്റാഷീറ്റും ഹോംപേജില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കണം.

പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് തുക അടയ്‌ക്കേണ്ടതുണ്ടെങ്കില്‍ അത് അടച്ചശേഷം അലോട്‌മെന്റ് മെമ്മോ, ഡേറ്റാഷീറ്റ്, കീം 2024 പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1-ല്‍ (പേജ് 79) നല്‍കിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള രേഖകള്‍ എന്നിവസഹിതം അഞ്ചിന് വൈകീട്ട് നാലിനകം അലോട്‌മെന്റ് ലഭിച്ച കോളേജില്‍ ഹാജരായി പ്രവേശനം നേടണം.

ഈ സമയപരിധിക്കകം കോളേജില്‍ പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. അലോട്‌മെന്റ് ലഭിച്ച് സമയപരിധിക്കകം പ്രവേശനം നേടാത്തവര്‍, പ്രവേശനം നേടിയശേഷം സീറ്റ് ഉപേക്ഷിക്കുന്നവര്‍ എന്നിവരുടെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ഫീസ് പിഴയായി കണക്കാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News