‘ഒ നെഗറ്റീവാണ്, എവിടെയാണ് ബ്ലഡ് ബാങ്ക്’; പ്രതീക്ഷ വറ്റിയ അയാള്‍ക്ക് മുന്നിലേക്ക് പൊലീസുകാരനെത്തി; വൈറലായി കുറിപ്പ്

ഭാര്യയുടെ ചികിത്സയ്ക്കായി രക്തം തേടി അലഞ്ഞ യുവാവിന് രക്ഷകരായി കേരള പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. പ്രസവ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ രക്തം വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. റെയര്‍ ഗ്രൂപ്പായ ഒ നെഗറ്റീവായിരുന്നു യുവതിയുടെ ബ്ലഡ് ഗ്രൂപ്പ്. യുവതിയെ അടിയന്തരമായി എത്തിച്ചതിനാല്‍ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല. ഇതോടെ യുവതിയുടെ ഭര്‍ത്താവ് അജിത്ത് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു.

തിരുവല്ല പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുനില്‍ കൃഷ്ണനെയാണ് ഫോണില്‍ ലഭിച്ചത്. കാര്യം തിരക്കിയ ഇന്‍സ്‌പെക്ടറോട് അജിത്ത് വിവരം പറഞ്ഞു. തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ ഫോണ്‍ കട്ട് ചെയ്തു. പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന അജിത്തിന്റെ മുന്നിലേയ്ക്ക് പത്ത് മിനിറ്റിനുളളില്‍ തിരുവല്ല ഇന്‍സ്‌പെക്ടറുടെ പൊലീസ് വാഹനമെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥന്‍ രക്തം നല്‍കാന്‍ തയ്യാറായതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ സഹിതം സംഭവം വിവരിച്ചിരിക്കുന്നത്. നിരവധി പേര്‍ രക്തം നല്‍കാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥനേയും കേരള പൊലീസിനേയും അഭിനന്ദിച്ച് രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മെയ് 16 നു രാവിലെയാണ് തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയെ പ്രസവസംബന്ധമായ അസ്വസ്ഥതകളെത്തുടര്‍ന്ന് തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടനടി രക്തം സംഘടിപ്പിക്കണമെന്ന് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളെ അറിയിച്ചു. അത്ര സുലഭമല്ലാത്ത ഒ- നെഗറ്റീവ് ആയിരുന്നു യുവതിയുടെ ബ്ലഡ് ഗ്രൂപ്പ്. അടിയന്തരമായി എത്തിച്ചതിനാല്‍ രക്തം നല്‍കാമെന്ന് സമ്മതിച്ചിരുന്നവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതുമില്ല
.
രാവിലെ ഒമ്പത് മണിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് രക്തം അന്വേഷിച്ച് ഭര്‍ത്താവ് അജിത്ത് ഉച്ചയ്ക്ക് 12 മണിവരെ പലയിടങ്ങളിലും അലഞ്ഞു. പലരെയും വിളിച്ചു. ഒരിടത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ആകെ നിരാശനായി നിന്നപ്പോഴാണ് പോലീസ് സ്റ്റേഷനിലേയ്ക്ക് ഒന്നു വിളിച്ചുനോക്കാം എന്ന് തോന്നിയത്. ആരോ നല്‍കിയ നമ്പരില്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു. ലൈനില്‍ കിട്ടിയത് തിരുവല്ല പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുനില്‍ കൃഷ്ണനെയാണ്. കാര്യം തിരക്കിയ ഇന്‍സ്‌പെക്ടറോട് അജിത്ത് വിവരം പറഞ്ഞു. ‘സര്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല…ലോകം മൊത്തം ഞാന്‍ തപ്പി നടന്നു…ഒ നെഗറ്റീവ് ആണ്… ഒരിടത്തും കിട്ടാനില്ല’. തിരികെ വിളിക്കാമെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ ഫോണ്‍ കട്ട് ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന അജിത്തിന്റെ മുന്നിലേയ്ക്ക് പത്ത് മിനിറ്റിനുളളില്‍ തിരുവല്ല ഇന്‍സ്‌പെക്ടറുടെ പോലീസ് വാഹനമെത്തി. വാഹനത്തില്‍ നിന്നിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ‘ഒ നെഗറ്റീവ് ആണ്, എവിടെയാ ബ്ലഡ് ബാങ്ക്….’നിങ്ങള്‍ക്ക് അവശ്യസമയത്ത് രക്തലഭ്യത ഉറപ്പാക്കുന്നതിന് കേരളാ പോലീസിന്റെ പോല്‍-ബ്ലഡ് സംവിധാനം ഉപയോഗിക്കാം. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പിലൂടെ നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് പോല്‍-ബ്ലഡ്. രക്തദാതാക്കളെയും രക്തം ആവശ്യമുളളവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ആയി പോല്‍-ബ്ലഡ് പ്രവര്‍ത്തിക്കുന്നു. രക്തദാനത്തിനും നിങ്ങള്‍ തയ്യാറായാല്‍ മാത്രമേ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കാന്‍ കഴിയൂ എന്നതും വിനീതമായി ഓര്‍മിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News