സംസ്ഥാനത്ത് ആദ്യമായി നടത്തിയ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷ ചരിത്രവിജയം കുറിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാൻ എൻട്രൻസ് കമ്മീഷണർക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ‘കീം’ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഏവരെയും മന്ത്രി നന്ദിയും അനുമോദനവും അറിയിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ ഇതുവഴി പുതിയ അദ്ധ്യായം കുറിച്ചിരിക്കുകയാണ് കേരളം – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
79,044 വിദ്യാര്‍ത്ഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. ഈ മാസം 5 മുതൽ 9 വരെ എഞ്ചിനീയറിംഗ് പരീക്ഷയും10ന് ഫാർമസി പരീക്ഷയുമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തിയത്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്വെയർ ഒരുക്കിയത് സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ്. സോഫ്റ്റ്വെയറും അനുബന്ധ ഉപകരണങ്ങളും വിലയിരുത്താനായി മോക്ക് ടെസ്റ്റും ട്രയല്‍ പരീക്ഷയും നടത്തി പരീക്ഷ സുഗമമമായി നടക്കുമെന്ന് ആദ്യം ഉറപ്പാക്കി. വിവിധ ജില്ലകളിലായി 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിൽ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത്.
Also read:പന്തീരാങ്കാവ് ഗാർഹിക പീഡനകേസ്; രാഹുൽ നിരപരാധി, താൻ പറഞ്ഞ ആരോപണങ്ങൾ കളവ്; പരാതിയിൽ മൊഴിമാറ്റി യുവതി
ഏറ്റവും സുഗമമായി പരീക്ഷ പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിയ കോളീജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ്, സോഫ്റ്റ്വെയർ തയ്യാറാക്കിയ സി-ഡിറ്റ്, പരീക്ഷാ കേന്ദ്രങ്ങളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾ, പരീക്ഷാർത്ഥികൾക്കായി പ്രതേക സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി, മന്ത്രിയുടെ അഭ്യർത്ഥനപ്രകാരം അധിക കോച്ച് അനുവദിച്ച റെയിൽവേ, വിവരങ്ങൾ യഥാക്രമം നൽകിയ മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവർക്കും മന്ത്രി ഡോ. ആർ ബിന്ദു നിറഞ്ഞ നന്ദി അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here