സിബിഐ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ച് കേജരിവാള്‍

ആം ആദ്മി പാര്‍ട്ടിയെ രാജ്യത്ത് നിന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പക്ഷേ രാജ്യത്തെ ജനങ്ങള്‍ എഎപിയോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദില്ലിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി സ്‌കൂളുകളും ആശുപത്രികളും പണിതു. അതിനു സാധിക്കാത്തതില്‍ ബിജെപി ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

2021-22 വര്‍ഷത്തെ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ 56 ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം താന്‍ ഉത്തരം നല്‍കിയെന്നും കേജരിവാള്‍ പറഞ്ഞു. ഒന്‍പതര മണിക്കൂറാണ് സിബിഐ ചോദ്യം ചെയ്തത്. ദില്ലി മദ്യനയത്തെ പറ്റിയുള്ള അഴിമതി ആരോപണം വ്യാജമാണ് എന്നും കേജരിവാള്‍ വ്യക്തമാക്കി. ഞായറാഴ്ച സിബിഐ ചോദ്യംചെയ്യലിന് ഹാജരായതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൈക്കൂലി നല്‍കിയ ചില മദ്യവ്യാപാരികളെ വഴിവിട്ട് സഹായിക്കുന്ന വിധത്തിലാണ് 2021-22 വര്‍ഷത്തെ മദ്യനയം ദില്ലി സര്‍ക്കാര്‍ തയാറാക്കിയതെന്നാണ് സിബിഐയുടെ ആരോപണം. ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ട്. ചിലരുടെ ലൈസന്‍സ് ഫീസ് കുറച്ചുകൊടുത്തു. ചിലരുടേത് ഒഴിവാക്കി. വഴിവിട്ട് ലൈസന്‍സ് കാലാവധി നീട്ടിക്കൊടുത്തു എന്നും സിബിഐ ആരോപിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 26ന് ദില്ലി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യനയ അഴിമതി ആരോപണക്കേസില്‍ സിബിഐ അറസ്റ്റുചെയ്തിരുന്നു. ദില്ലിയില്‍ അറസ്റ്റിലായി രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. സത്യേന്ദ്ര ജെയിനാണ് ആദ്യം അറസ്റ്റിലായ മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News