പി എസ് സി നിയമനങ്ങളില്‍ കേരളം തന്നെ മുന്നില്‍; കണക്കുകള്‍

Kerala PSC

കേരള പബ്ലിക് സര്‍വീസ് കമീഷന്റെ നടപടിക്രമങ്ങളെപ്പറ്റി നിരവധി തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളുമാണ് പുറത്തുവരുന്നത്. പലരും സത്യാവസ്ഥ അറിയാതെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ന്യൂസ് ലെറ്ററിലെ വിവരങ്ങള്‍ പ്രകാരം 2023 ജനുവരിമുതല്‍ ഡിസംബര്‍വരെ കേരള പിഎസ്സി 34,410 പേരെ നിയമന ശുപാര്‍ശ ചെയ്തു. ഇത് രാജ്യത്ത് ഏറ്റവും കൂടുതലാണ്.

2023 ല്‍ രാജ്യത്താകെ പിഎസ്സി നിയമനങ്ങള്‍ 62580 ആണ്. ഇതില്‍ 54.5 ശതമാനവും കേരളത്തിലാണ്. ഈ വര്‍ഷം ഇതുവരെ പത്തൊമ്പതിനായിരത്തിലധികം നിയമന ശുപാര്‍ശയും നടന്നു. പ്രതിവര്‍ഷം ശരാശരി മുപ്പതിനായിരം നിയമനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിര നിയമനം കേരളത്തിലാണ്.

കേരളത്തേക്കാള്‍ ഇരുപത് കോടി ജനങ്ങള്‍ അധികമുള്ള ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ നടത്തിയ നിയമന ശുപാര്‍ശ 4120 മാത്രമാണ്. ആന്ധ്രപ്രദേശ് (332), ഗുജറാത്ത് (1680), മധ്യപ്രദേശ് (2123), മഹാരാഷ്ട്ര (3949), രാജസ്ഥാന്‍(3062). മറ്റു സംസ്ഥാനങ്ങളില്‍ ഇതിലും കുറവാണ് നിയമനങ്ങള്‍.

മറ്റു സംസ്ഥാനങ്ങളില്‍ അധ്യാപക നിയമനം, പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഇലക്ട്രിസിറ്റി, റവന്യു, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതും പ്രത്യേക ബോര്‍ഡുകളാണ്. കേരളമൊഴികെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇങ്ങനെ തന്നെയാണ് എന്നതാണ് വസ്തുത.

സ്ഥിര നിയമനത്തേക്കാള്‍ താല്‍ക്കാലിക, കരാര്‍ നിയമനങ്ങളാണ് ഈ ബോര്‍ഡുകള്‍ വഴി വ്യാപകമായി നടക്കുന്നത്. സംവരണം കാര്യക്ഷമമല്ല. ജനസംഖ്യാനുപാതികമായ പരിഗണന പിന്നാക്ക -ദളിത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. സര്‍ക്കാര്‍ ജോലി എല്ലാ ജനവിഭാഗങ്ങള്‍ക്കും ആനുപാതികമായി ലഭിക്കുന്നില്ല.

കേരളത്തേക്കാള്‍ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എട്ട് കമീഷനംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ ചെറിയ സംസ്ഥാനമായ കേരളത്തില്‍ എന്തിനാണ് 21 പിഎസ്സി അംഗങ്ങള്‍ എന്നാണ് ചോദ്യവും ഉയരുന്നുണ്ട്. യുപിയില്‍ 383 തസ്തികകളുടെ റിക്രൂട്ട്‌മെന്റ് മാത്രമാണ് നടത്തുന്നത്. പ്രതിവര്‍ഷം നാലായിരത്തോളം നിയമന ശുപാര്‍ശയും. ലഭിക്കുന്ന അപേക്ഷകള്‍ രണ്ടു ലക്ഷത്തില്‍ താഴെ മാത്രം. പരീക്ഷകള്‍, അഭിമുഖങ്ങള്‍, ചുമതലകള്‍ എന്നിവയിലെല്ലാം ഈ കുറവ് കാണാം.

കേരള പിഎസ്സി ഗാര്‍ഡനര്‍ മുതല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വരെയുള്ള ആയിരത്തി എണ്ണൂറോളം തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പ്രതിവര്‍ഷം ഒരു കോടിയോളം അപേക്ഷകള്‍. വാര്‍ഷിക കലണ്ടര്‍ പ്രസിദ്ധീകരിച്ച് ആയിരത്തിലധികം പരീക്ഷ നടത്തുന്നു. നിരന്തരം അഭിമുഖങ്ങള്‍ നടക്കുന്നു. വകുപ്പുതല പ്രൊമോഷന്‍ കൗണ്‍സില്‍ ചേരുന്നു. സര്‍ക്കാര്‍ സര്‍വീസിലെ സ്ഥാനക്കയറ്റ , അച്ചടക്ക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News