വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നത്: മന്ത്രി പി രാജീവ്

IMECC

അടുത്ത ഏതാനം വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി  ഇന്‍ഡോ ഗള്‍ഫ് & മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ ‘സല്യൂട്ട് കേരള 2024’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു. കേരളത്തെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിയമനിര്‍മ്മാണ സംരംഭങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ ഇതേവരെ സ്വീകരിച്ച നടപടികളുടെ വിശദമായ അവതരണവും  മന്ത്രി നടത്തി.

ALSO READ; പിടി മുറുക്കി ബിജെപി; പിടി വിടാതെ ശിവസേന; മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സസ്പെൻസ് ഇന്ന് അവസാനിക്കും ? 

വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്ന വികസന മേഖല ആഗോള വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് നിക്ഷേപം നടത്താന്‍ മികച്ച അവസരമൊരുക്കുന്നതായി കൊച്ചിയില്‍ നടന്ന സല്യൂട്ട് കേരള പരിപാടിയില്‍ ധനമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷിക സംസ്കരണം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകള്‍ കേരളത്തിന്‍റെ ഭാവി പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

.ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നിര്‍മിതബുദ്ധി വമ്പിച്ച മാറ്റങ്ങളാണ് കൊണ്ട് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.  കേരളം ബിസിനസ് സൗഹൃദമല്ലാത്ത സ്ഥലമാണെന്നത് തെറ്റിദ്ധാരണയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെപ്പോലുള്ള പുതുതലമുറ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉത്തരവാദിത്തത്തോടെ പ്രശ്നങ്ങളെ സമീപിക്കുകയും പ്രശ്നങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഹരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ സംരംഭകത്വ സാധ്യതകള്‍ വികസിപ്പിക്കുന്നതില്‍  പ്രവാസി മലയാളികള്‍ വഹിച്ച  പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ കേരള ബ്രാന്‍ഡ് വികസിപ്പാക്കണമെന്നും  കേരളത്തിന്‍റെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് ജലാശയങ്ങളെ ഏറ്റവും വൃത്തിയുള്ളതാക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഗള്‍ഫര്‍ ഗ്രൂപ്പിന്‍റെ സ്ഥാപകന്‍ പി മുഹമ്മദ് അലി  പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യവസായ നയത്തിന്‍റെ വിശദമായ അവതരണം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് നടത്തി. 

ആജീവനാന്ത സംഭാവനയ്ക്കുള്ള  ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്കാരം ഡോ. പി.മുഹമ്മദ് അലി ഗള്‍ഫാറിനു മന്ത്രി സമ്മാനിച്ചു.  കേരളത്തിന്‍റെ വ്യവസായിക ഭൂപടത്തെ രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ ഒരു മികച്ച സംരംഭകത്വ സൗഹൃദമാക്കി വളര്‍ത്തുന്നതിനുമായ പരിശ്രമിച്ച ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്, ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രെെവറ്റ് ലിമിറ്റഡ്, ഗോകുലം ഗോപാലന്‍,  ഗോകുലം ഗ്രൂപ്പ്, വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്വെയര്‍,  ഡോ. കെ വി ടോളിന്‍ ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ്,  കെ.മുരളീധരന്‍, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്, വി കെ റസാഖ്, വികെസി ഗ്രൂപ്പ്, ഷീല കൊച്ചൗസേപ്പ്, വി സ്റ്റാര്‍ ക്രിയേഷന്‍സ് പ്രെെവറ്റ് ലിമിറ്റഡ്, പി കെ മായന്‍ മുഹമ്മദ്, വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡ്, ഡോ. എ വി അനൂപ്, എ വി എ മെഡിമിക്സ് ഗ്രൂപ്പ് എന്നിവര്‍ക്ക്  څഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട് പുരസ്കാരവും നല്‍കി. 

കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022ല്‍ സ്ഥാപിതമായ സംഘടനയാണ് ഇന്‍മെക്ക്. കേരളത്തിന്‍റെ വ്യാവസായിക ഭൂമികയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്‍റെ അടിസ്ഥാനത്തില്‍ ആദരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ‘സല്യൂട്ട് കേരള 2024’ പുരസ്കാരങ്ങള്‍. ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവരും ചടങ്ങില്‍  പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News