കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും

ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയിലാണ് ക്യൂബന്‍ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സഹകരിക്കാനുള്ള താല്പര്യം അറിയിച്ചത്.

പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയവും നടത്തും. ഉഷ്ണമേഖലാ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെപ്പറ്റി ഗവേഷണവും അതിവേഗ രോഗനിര്‍ണയത്തിനുള്ള ചികിത്സാ സാധ്യതകളും പങ്കു വെക്കും. ക്യൂബയില്‍ ആയുര്‍വേദം വികസിപ്പിക്കാന്‍ കേരളം സഹായിക്കും. ക്യൂബക്കാര്‍ക്ക് അതിന് വേണ്ട പരിശീലനവും വൈദഗ്ദ്ധ്യവും നല്‍കും.

ആരോഗ്യമേഖലയില്‍ ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകം അത്ഭുതാദരവോടെയാണ് കാണുന്നതെന്നും ആരോഗ്യമേഖലയില്‍ ക്യൂബയുമായുള്ള സഹകരണം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, മെഡിക്കല്‍ ഗവേഷണം, ട്രോപ്പിക്കല്‍ മെഡിസിന്‍, കാന്‍സര്‍ ചികിത്സ, ടെലിമെഡിസിന്‍ മുതലായ മേഖലയില്‍ ക്യൂബയുടെ സഹകരണം കേരളത്തിന് ഗുണകരമാകുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുള്ള കേരളത്തിന്റെ ശ്രമത്തിനു ക്യൂബന്‍ മാതൃകയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവച്ചു.

ക്യൂബയിലെ പഞ്ചകര്‍മ്മ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കാന്‍ കേരളത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. പഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ ക്യൂബയിലേയ്ക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും അറിയിച്ചു.

Also Read: ക്യൂബന്‍ പ്രസിഡന്റുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും സംസാരിച്ചു. ക്യൂബന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികള്‍, ക്യൂബന്‍ മെഡിക്കല്‍ സര്‍വീസസ് ട്രേഡിങ്ങ് കമ്പനി പ്രസിഡണ്ട് യമില ഡി അര്‍മാസ് അവില, ഐപികെ (ട്രോപ്പിക്കല്‍ മെഡിസിന്‍) ഡയറക്ടര്‍ യാനിരിസ് ലോപസ് അല്‍മാഗ്വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News