കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത തേടി കേരളം

1957-ലെ മൈന്‍സ് & മിനറല്‍സ് (ഡവലപ്പ്‌മെന്റ് ആന്റ് റെഗുലേഷന്‍സ്) നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിച്ച് വരികയാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഭേദഗതിക്കെതിരെ കേരളം ഒരു വര്‍ഷം മുന്‍പ് തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നതായും പി.രാജീവ് പറഞ്ഞു. കേന്ദ്ര ഖനനമന്ത്രി പ്രഹ്‌ളാദ് ജോഷിയെ നേരില്‍ കണ്ട് ഇതു സംബന്ധിച്ച നിവേദനം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന എം.പിമാരുടെ സമ്മേളനത്തില്‍ ഇത് ഒരു വര്‍ഷമായി പ്രധാന അജണ്ടയുമായിരുന്നു. കേരളത്തിന്റെ നിലപാട് നിയമസഭയിലും വ്യക്തമാക്കിയിരുന്നു. കേരളത്തിന്റ തീരപ്രദേശത്ത് കാണുന്ന കരിമണലിന്റെ (ബീച്ച് സാന്‍ഡ് മിനറല്‍സ്) ഖനനാനുമതി നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നതിനൊപ്പം സ്വകാര്യ സംരംഭകര്‍ക്ക് ഖനനം ചെയ്യുന്നതിന് അനുവാദം നല്‍കുന്നതിനും വഴിയൊരുക്കുന്നതാണ് ഭേദഗതി എന്നത് കൊണ്ടാണ് കേരളം എതിര്‍ക്കുന്നത്.

Also Read: മൂവാറ്റുപുഴയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ആൻസണെതിരെ കേസെടുത്തു

പുതിയ ഭേദഗതി സംസ്ഥാനത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും, ഖനനാനുമതി നല്‍കുന്നതിനുള്ള സംസ്ഥാനത്തിന്റെ അധികാരം കേന്ദ്ര സര്‍ക്കാര്‍ വീതിച്ചെടുക്കുന്നതുമാണ്. നിലവിലുള്ള നിയമപ്രകാരം കരിമണലില്‍ നിന്ന് കിട്ടുന്ന ധാതുക്കളുടെ ഖനനത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളെ മാത്രമെ നിയോഗിക്കാന്‍ കഴിയുകയുള്ളു. പുതിയ ഭേദഗതിയിലൂടെ ഖനനം പൊതുമേഖലാ കമ്പനിയില്‍ തന്നെ നിലനിര്‍ത്തണമെന്ന നയത്തില്‍ മാറ്റം വരുത്താനും, ആണവ ധാതുക്കളുടെ ഖനന മേഖലയില്‍ സ്വകാര്യവത്ക്കരണത്തിനുള്ള തടസ്സം ഒഴിവാക്കാനും സാധിക്കും. കൂടാതെ ആണവ ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 8 ധാതുക്കളെ പ്രസ്തുത പട്ടികയില്‍ നിന്നും മാറ്റിക്കൊണ്ട് സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നല്‍കുന്നതുവഴി രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുന്നതിനുമുള്ള കാരണമായിതീരുന്നതാണ്.

രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആണവ ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ധാതുക്കളായ മോണോസൈറ്റ്, ഇന്‍മനൈറ്റ്, സിലിമനൈറ്റ്, സില്‍ക്കോണ്‍, റൂട്ടൈല്‍ എന്നിവകള്‍ മാറ്റി ക്രിട്ടിക്കല്‍ മിനറല്‍ എന്ന വിഭാഗത്തില്‍ ആക്കുന്നതിന് തീരുമാനിച്ചിട്ടുള്ള കാരണങ്ങള്‍ ദുര്‍ബലവും, നിലനില്‍ക്കാത്തതുമാണ്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മൂലം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ കരിമണല്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. വളരെയേറെ ജനസാന്ദ്രതയുള്ളതും അതീവ ദുര്‍ബലവും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതുമായ കേരളത്തിന്റെ തീരമേഖല സ്വകാര്യ ഖനനത്തിന് നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Also Read: ഐഎൻഎസ് വിക്രാന്തിൽ നാവികന്‍ തൂങ്ങിമരിച്ച നിലയിൽ

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE ലിമിറ്റഡും ഖനന പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയും, പരിസ്ഥിതിയും മുന്‍ഗണന നല്‍കിയിട്ടുള്ള നിയന്ത്രിതമായ ഖനനാനുമതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്രകാരമുള്ള നിയന്ത്രിത ഖനനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പ്രസ്തുത പ്രദേശത്തെ പരിസ്ഥിതി സന്തുലനം ഇല്ലാതാകും. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന തീരപ്രദേശത്തെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിയാത്ത സാഹചര്യവും ഉണ്ടാവും.

Also Read: ബി ജെ പി ഭരണത്തിലെ സ്ത്രീസുരക്ഷ വെറും വാക്ക്; രണ്ട് വർഷത്തിനിടെ 10 ലക്ഷത്തിലധികം സ്ത്രീകളെയും പെൺകൂട്ടികളെയും കാണാതായി

നിലവിലുള്ള വ്യവസ്ഥ പ്രകാരം ഒരു ഖനിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന ധാതുക്കളുടെ 50% ആ ഖനിയിലെ ധാതുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ഉപയോഗം കഴിഞ്ഞതിനു ശേഷം മാത്രമേ വിപണനം നടത്താന്‍ സാധിക്കൂ. ഖനിയുമായി ബന്ധപ്പെടുത്തിയ കമ്പനിയുടെ ഉപയോഗത്തിനു ശേഷം എന്ന ഭാഗം ഒഴിവാക്കി നല്‍കുന്നതിനാണ് പുതിയ ഭേദഗതിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ തീരുമാനമുള്‍പ്പെടെ കേന്ദ്രം മുന്നോട്ടുവെക്കുന്ന ഭേദഗതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന 3 പൊതുമേഖലാ സ്ഥാപനങ്ങളായ KMML, IREL, TTPL എന്നിവയുടെ നിലനില്‍പ്പിനും വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാര്‍ ബീച്ച് സാന്‍ഡ് മിനറല്‍സുമായി ബന്ധപ്പെട്ട് മുന്നോട്ടുവച്ചിട്ടുള്ള ഭേദഗതികള്‍ സംസ്ഥാന താല്‍പര്യത്തിന് എതിരായതിനാല്‍ അവ പിന്‍വലിക്കണമെന്ന ആവശ്യം കേന്ദ്രത്തെ ഒരു വര്‍ഷം മുന്‍പ് തന്നെ രേഖാമൂലം അറിയിക്കുകയും ഇക്കാര്യത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here