ഇന്ത്യയിൽ ആദ്യമായി നഗരനയം ആവിഷ്കരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. നഗരനയം ആവിഷ്കരിക്കുന്നതിന് അന്താരാഷ്ട്രതലത്തിലെ വിദഗ്ദ്ധരടങ്ങിയ ഒരു കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ സങ്കീർണമായ നഗരവത്കരണത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാകും ഈ നഗരനയം എന്നും നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കമ്മിഷന് പ്രവര്ത്തനം സഹായകമാവും എന്നും മന്ത്രി കുറിച്ചു.
ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനമുള്ള ഈ പ്രവർത്തനം നവകേരള സദസ്സിനിടെ തന്നെ ആരംഭിക്കാനായി എന്നതും ശ്രദ്ധേയമാണ് എന്നും മന്ത്രി വ്യക്തമാക്കി. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും സമഗ്രമായ നഗരനയം രൂപീകരിക്കാനുള്ള ഈ ഇടപെടൽ എന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചു.
ALSO READ: ട്രോളുകള്‍ അതിരുകടന്നു; തനിക്ക് ഒസിഡി ഉണ്ടെന്ന് തുറന്നു പറഞ്ഞ് പ്രശാന്ത് നീല്‍
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
ഒരിക്കൽക്കൂടി നാം ഇന്ത്യയ്ക്ക് മാതൃകയാവുകയാണ്. ഇന്ത്യയിൽ ആദ്യമായി നഗരനയം ആവിഷ്കരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗം നഗരനയം ആവിഷ്കരിക്കുന്നതിന് അന്താരാഷ്ട്രതലത്തിലെ വിദഗ്ദ്ധരടങ്ങിയ ഒരു കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു നവകേരള നഗരവികസനനയം ആവിഷ്കരിക്കുമെന്നത്. ബജറ്റ് പ്രഖ്യാപനം യാഥാർഥ്യമാവുകയാണ്. കേരളത്തിന്റെ സങ്കീർണമായ നഗരവത്കരണത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതാകും ഈ നഗരനയം. ലോകത്തെ വിവിധ നഗരങ്ങളില് പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കമ്മിഷന് പ്രവര്ത്തനം സഹായകമാവും. ഡോ. എം. സതീഷ് കുമാര് ആയിരിക്കും നവകേരള നഗര നയ കമ്മിഷന്റെ അദ്ധ്യക്ഷന്. യുകെയിലെ ബെല്ഫാസ്റ്റ് ക്വീന്സ് യൂണിവേഴ്സിറ്റിയില് സീനിയര് അസ്സോഷിയേറ്റ് പ്രൊഫെസര് ആണ് ഇദ്ദേഹം. ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനമുള്ള ഈ പ്രവർത്തനം നവകേരള സദസ്സിനിടെ തന്നെ ആരംഭിക്കാനായി എന്നതും ശ്രദ്ധേയമാണ്.
കമ്മിഷന്റെ സഹ അധ്യക്ഷരായി കൊച്ചി മേയര് അഡ്വ. എം. അനില് കുമാറും അഹമ്മദാബാദ് സെപ്റ്റ് മുന് അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണനും പ്രവർത്തിക്കും. എല് എസ് ജി ഡി പ്രിന്സിപ്പല് സെക്രട്ടറി ആയിരിക്കും മെമ്പര് സെക്രട്ടറി. ഡോ. ജാനകി നായര് (സെന്റര് ഫോര് ഹിസ്റ്റോറിക്കല് സ്റ്റഡീസ്, ജെ എന് യു), എം. കൃഷ്ണദാസ് (മുനിസിപ്പല് ചെയര്മെന്സ് ചേംബര്), പ്രൊഫ. കെ എസ് ജെയിംസ് (മുന് ഡയറക്ടര്, ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന് സ്റ്റഡീസ്, മുംബൈ), വി സുരേഷ് (മുന് സി എം ഡി, ഹഡ്കോ), ഡോ. ഹിതേഷ് വൈദ്യ (മുന് ഡയറക്ടര്, നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അര്ബന് അഫയേഴ്സ്), പ്രൊഫ. ഡോ. അശോക് കുമാര് (ഡീന്, സ്കൂള് ഓഫ് പ്ലാനിംഗ് ആന്ഡ് ആര്ക്കിടെക്ച്ചര്, ന്യൂ ഡല്ഹി), ഡോ. വൈ വി എന് കൃഷ്ണമൂര്ത്തി (മുന് റെജിസ്ട്രാര്, ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, തിരുവനന്തപുരം), പ്രൊഫ. കെ ടി രവീന്ദ്രന് (അക്കാദമിക് അഡ്വൈസര്, റിക്സ് സ്കൂള് ഓഫ് ബില്റ്റ് എന്വയേന്മെന്റ്), തെക്കിന്ദര് സിംഗ് പന്വര് (നഗരകാര്യ വിദഗ്ധന്) എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ
ഒരു വര്ഷത്തെ പ്രവര്ത്തന കാലാവധിയാണ് കമ്മീഷനു നല്കുന്നത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന് സെക്രെട്ടറിയേറ്റായി പ്രവര്ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല് രൂപീകരിക്കും. നഗര പഠനത്തില് അന്തര്ദേശീയമായി ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ ഒരു കേന്ദ്രമായി കിലയുടെ നഗരഭരണ പഠന കേന്ദ്രത്തെ അര്ബന് കമ്മീഷന് പ്രവര്ത്തനത്തിലൂടെ മാറ്റിയെടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും സമഗ്രമായ നഗരനയം രൂപീകരിക്കാനുള്ള ഈ ഇടപെടൽ.