പറഞ്ഞതിലുറച്ച് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പറഞ്ഞതില്‍ നിന്നും അണുവിട മാറില്ലെന്നും ആലോചിച്ച് പറഞ്ഞ വാക്കുകളാണതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. പൊറാട്ടു നാടകം കൊണ്ട് ഞങ്ങള്‍ പിന്‍മാറില്ല. ഞങ്ങള്‍ക്ക് കര്‍ഷക പക്ഷം മാത്രമേയുള്ളൂ. ഒരു രാഷ്ടീയ പാര്‍ട്ടിയുമായും ബാന്ധവമില്ലെന്നും രാഷ്ട്രീയത്തിന്റെ പുകമറ കൊണ്ട് മറയ്ക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കും. കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തു
എന്നാല്‍ നേരത്തെ പ്രസംഗം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിഷപ്പ് രംഗത്തെത്തിയിരുന്നു. ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ല. റബ്ബര്‍ കര്‍ഷകരെ ആരാണോ സഹായിക്കുന്നത് അവരെ പിന്തുണക്കാമെന്നാണ് പറഞ്ഞത്. മലയോര കര്‍ഷകരുടെ അഭിപ്രായം സഭയുടെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇടത് പക്ഷത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ദേശീയ തലത്തില്‍ ന്യൂന പക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിസാരമായി കാണുന്നില്ല. പള്ളി തകര്‍ക്കുന്നതിനെ അതിന്റേതായ ഗൗരവത്തിലാണ് കാണുന്നത്. അതേസമയം റബ്ബര്‍ കര്‍ഷകന്റെ ജീവിതവും വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here