കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെയും ഗോൾകീപ്പറുടെയും മികവാണ് മത്സരം സമനിലയിൽ എത്തിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് മുപ്പതാം മിനുട്ടിൽ പത്തു പേരായി ചുരുങ്ങിയതോടെ പ്രതിരോധത്തിൽ ഊന്നിയ പ്രകടനമായിരുന്നു പുറത്തെടുത്തത്. പ്രതിരോധ നിര താരം ഐബാൻ റെഡ് കാർഡ് കണ്ടു പുറത്തായതാണ് തിരിച്ചടിയായത്. ആദ്യപകുതിയുടെ അവസാന നിമിഷം ഗോളെന്ന് ഉറപ്പിച്ച ഷോട്ട് സച്ചിൻ സുരേഷ് തട്ടിയകറ്റിയത് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റ് മുന്നേറ്റം പലതവണ ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് അപകട ഭീഷണി ഉയർത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ശക്തമായ പ്രതിരോധം തീർത്തു. കൗണ്ടർ അറ്റാക്കുകളിൽ മികച്ചു നിന്ന ബ്ലാസ്റ്റേഴ്സ് പലതവണ എതിർ ഗോൾമുഖം ലക്ഷ്യം വെച്ചു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് ലഗാറ്റൊറിനെ കളത്തിൽ ഇറക്കി. ഹോം ഗ്രൗണ്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡനെതിരെ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. സമനിലയോടെ ബ്ലാസ്റ്റേഴ്സ് 17 മത്സരങ്ങളിൽ നിന്നും 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here