ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മത്സരം വിജയിച്ചത്. പുതുവർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. സ്വന്തം തട്ടകത്തിൽ, സ്വന്തം ആരാധകർക്ക് മുന്നിൽ പതറിച്ചയോടെയായിരുന്നു മഞ്ഞപ്പടയുടെ തുടക്കം. കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഒഡിഷ വെടി പൊട്ടിച്ചതോടെ മഞ്ഞയണിഞ്ഞ് എത്തിയവരെല്ലാം നിരാശരായി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പാളിച്ച മുതലെടുത്ത് ഒഡിഷ മിഡ്ഫീൽഡർ ജെറി മവിമിങ്താംഗയാണ് ഗോൾ നേടിയത്.
ആരാധകർക്കൊപ്പം ആത്മവിശ്വാസം നഷ്ട്ടപെട്ട കളിക്കാർ ചില പരിശ്രമങ്ങളൊക്കെ നടത്തി മൈതാനത്ത് ഓടി നടന്നതല്ലാതെ ആദ്യ പകുതിയിൽ ഗോളൊന്നും സ്കോർ ചെയ്യാനായില്ല. 12ാം മിനിറ്റിൽ ലഭിച്ച ആദ്യ കോർണർ കിക്കും ഗോളാക്കാൻ ആതിഥേയർക്കായില്ല.
ALSO READ; വെറും 157 പന്തില്‍ പുറത്താകാതെ 346, ടീമിന് 563 റണ്‍സ്!; ഏകദിനത്തിൽ റെക്കോർഡ് സൃഷ്ടിച്ച് ഈ 14കാരി
എന്നാൽ ആദ്യ പകുതി കളിച്ചവർ തന്നെയല്ലേ രണ്ടാം പകുതിയും കളിക്കുന്നത് എന്ന് ആരാധകരിൽ സംശയം ജനിപ്പിച്ചു കൊണ്ട് മഞ്ഞപ്പട എതിരാളികൾക്ക് നേരെ ഇരച്ചു കയറി. 60ാം മിനിറ്റിൽ കോറോ സിങ് നൽകിയ പാസിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ പെപ്ര ആദ്യ ഗോളിന് തിരിച്ചടി നൽകി. അതുവരെ നിശബ്ദരായിരുന്ന ഗ്യാലറിയിൽ പൊട്ടിത്തെറിച്ചു. 13 മിനിറ്റിനുള്ളിൽ അടുത്ത വേദിയും പൊട്ടി.
അലക്സാണ്ടര്‍ കോയെഫിനു പകരക്കാരനായി എത്തിയ ജീസസ് ജെമിനിസ് ആണ് മഞ്ഞപ്പടക്ക് തന്‍റെ ഗോളിലൂടെ ആധിപത്യം നേടിക്കൊടുത്തത്. 80ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികെ നിന്ന് ലഭിച്ച ഫ്രീകിക്കിനൊടുവില്‍ ഒഡീഷ രണ്ടാം ഗോള്‍ നേടി ഒപ്പം പിടിച്ചു. കളി സമനിലയിൽ അവസാനിച്ചെന്ന് കരുതിയെങ്കിലും ഇഞ്ചുറി ടൈമിൽ നോഹ സാധോയിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here