സുതാര്യം സൗഹൃദം; കരുതലിന്റെ ‘മലൈക്കോട്ടൈ’ ബജറ്റ്

സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത ബജറ്റായിരിക്കും 2024ലേത് എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിവെയ്ക്കുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. കാരണം ഒരു സാധാരണക്കാരനേയും ഒരുരീതിയിലും ബുദ്ധിമുട്ടിക്കാത്ത സാമ്പത്തികമായി ഞെരുക്കാത്ത സൗഹൃദപരമായ ബജറ്റാണ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തില്‍ത്തന്നെ സാമ്പത്തിക സൗഹൃദബജറ്റാണ് 2024ലേത് എന്ന് വ്യക്തമാണ്.

കേരളത്തിന്റെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്ന എന്ന ഏറെ പ്രസക്തമായ നിരീക്ഷണം പങ്കുവെച്ചുകൊണ്ടാണ് 2024-2025ലേക്കുള്ള ബജറ്റ് പ്രസംഗം മന്ത്രി ആരംഭിച്ചത്. വികസന മാതൃകയില്‍ സംശയം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടങ്ങള്‍. പശ്ചാത്തല മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി എന്നതിന്റെ ഉദാത്തമായ മാതൃകകൂടിയാണ് 2024 സംസ്ഥാന ബജറ്റ്.

വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന് സര്‍ക്കാരിന്റെ വാക്കുകള്‍ ബജറ്റില്‍ ധനമന്ത്രി ആവര്‍ത്തിച്ചു. സാധാരണക്കാരനെ ബാധിക്കുന്ന ഒരു മേഖലയിലും സര്‍ക്കാര്‍ സാമ്പത്തിക ഞെരുക്കമുണ്ടാക്കിയിട്ടില്ല. ജനജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നരീതിയില്‍ ഒരു വിലക്കയറ്റവും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടു പോകുമെന്ന ധനമന്ത്രിയുടെ വാക്കുകളെ അര്‍ത്ഥവത്താക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ബജറ്റ്. ഈ വര്‍ഷംമാത്രം 57,000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കേരളത്തെ പൂര്‍ണമായും തഴഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കിടയിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടല്‍ ബജറ്റിലുണ്ടായത്.

ജനങ്ങളുടെമേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടായത് കേരളത്തിനും ഓരോ സാധാരണക്കാര്‍ക്കും വളരെ സഹായകമാണ്. കേന്ദ്രത്തിന്റെ നിലപാട് മൂലം സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പ്രയാസങ്ങളെ മറികടക്കാന്‍ ഉള്ള ശ്രമം ബജറ്റിലുണ്ടായി എന്നത് ശ്രദ്ധേയമാണ്.

ബജറ്റ് 2024-25 ഒറ്റനോട്ടത്തില്‍

1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
3. ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
4. നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍
6. വിളപരിപാലനത്തിന് 535.90 കോടി.
7. ഏഴ് നെല്ലുല്‍പ്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60 കോടി.
8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
9. നാളീകേര കൃഷി വികസനത്തിന് 65 കോടി.
10. ഫലവര്‍ഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതില്‍ 25 ശതമാനം ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കും.
11. കാര്‍ഷികോല്‍പ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍
14. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക്
15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
18. ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 80.91 കോടി.
19. തീരദേശ വികസനത്തിന് 136.98 കോടി.
20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയ്ക്ക് 10 കോടി.
22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
23. പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.
24. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി.
25. മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ 10 കോടി
27. പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി
28. നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍.
29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
31. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
32. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
33. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 6 കോടി
34. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി. ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
35. പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.
36. നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി
37. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.
38. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)
39. ഗ്രാമവികസനത്തിന് 1768.32 കോടി.
40. തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
41. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
42. കുടുംബശ്രീയ്ക്ക് 265 കോടി
43. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
44. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
45. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
46. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.
47. മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
48. എം.എന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി.
49. കാസര്‍ഗോഡ്, ഇടുക്കി, വയനാട് പാക്കേജുകള്‍ക്ക് 75 കോടി വീതം
50. ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.
51. സഹകരണ മേഖലയ്ക്ക് 134.42 കോടി.
52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
53. ഊര്‍ജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
54. സൗരോര്‍ജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കല്‍ ലക്ഷ്യം.
55. കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി
56. ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
58. ഇടത്തരവും വലുതുമായ വ്യവസായങ്ങള്‍ക്ക് 773.09 കോടി.
59. കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
60. കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
61. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
62. കാഷ്യു ബോര്‍ഡിന് റിവോള്‍വിംഗ് ഫണ്ടായി 40.81 കോടി
63. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
64. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
65. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
66. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
67. കയര്‍ വ്യവസായത്തിന് 107.64 കോടി
68. ഖാദി വ്യവസായത്തിന് 14.80 കോടി
69. കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
70. നിക്ഷേപ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് 22 കോടി.
71. സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് ഉദ്യമങ്ങള്‍ക്കായി 6 കോടി
72. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.
73. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകള്‍ക്കായി ഓഫീസ് കോംപ്ലക്‌സ് തിരുവനന്തപുരത്ത് നിര്‍മ്മിക്കും.
74. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവര്‍ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തില്‍ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
75. ലൈഫ് സയന്‍സ് പാര്‍ക്കിന് 35 കോടി.
76. കേരള റബ്ബര്‍ ലിമിറ്റഡിന് 9കോടി
77. വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി
78. കിന്‍ഫ്രയ്ക്ക് 324.31 കോടി
79. കെല്‍ട്രോണിന് 20 കോടി
80. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
81. കേരള സ്‌പേസ് പാര്‍ക്കിന് 52.50 കോടി.
82. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി
83. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയ്ക്ക് 23.51 കോടി
84. ഗ്രാഫീന്‍ അധിഷ്ഠിത ഉല്‍പ്പന്ന വികസനത്തിന് 260 കോടി
85. ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
86. കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.
87. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
88. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.
89. റബ്ബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തി.
90. നഗര വികസന പരിപാടികള്‍ക്ക് 961.14 കോടി.
91. ബി.ഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്‌കരണവും കശുവണ്ടി, കയര്‍, തഴപ്പായ കരകൗശല നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.
92. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
93. പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.
94. മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.
95. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
96. മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
97. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകള്‍
98. 3 വര്‍ഷത്തിനുള്ളില്‍ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍.
99. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക ഡെവലപ്‌മെന്റ് സോണുകള്‍. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും.
100. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News