ഈ വർഷത്തെ കേരള സെന്റർ പുരസ്ക്കാരങ്ങൾ എട്ട് പേർക്ക്

ന്യുയോർക്ക്: സമൂഹനന്മക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് അമേരിക്കൻ മലാളികൾക്ക് കേരള സെന്റർ പുരസ്ക്കാരം. ജോൺസൺ സാമുവൽ (ലോംഗ് ഐലൻഡ്), ഹ്യൂമാനിറ്റേറിയൻ ആൻഡ് സോഷ്യൽ സർവീസ്; സുജ തോമസ് (ആൽബനി), നഴ്സിംഗ് ലീഡർഷിപ്പ്; വെസ്ലി മാത്യൂസ് (ട്രെന്റൺ), പബ്ലിക് സർവീസ്; സുനന്ദ നായർ (ഹൂസ്റ്റൺ), പെർഫോർമിംഗ് ആർട്സ്, ഡോ. ഹാഷിം മൂപ്പൻ (വാഷിംഗ്ടൺ ഡി.സി.), ലീഗൽ സർവീസ്; സാംസി കൊടുമൺ (L.I., NY), പ്രവാസി മലയാള സാഹിത്യം; സിബു നായർ (ബഫലോ), കമ്മ്യൂണിറ്റി സർവീസ്; വർക്കി എബ്രഹാം (ലോംഗ് ഐലൻഡ്), ബിസിനസ് ലീഡർഷിപ്പ്. ഒക്ടോബർ 19 ശനിയാഴ്ച്ച അഞ്ചരയ്ക്ക് കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മുപ്പത്തിരണ്ടാമത് വാർഷിക അവാർഡ് ചടങ്ങിൽ വച്ച് ഇവരെ ആദരിക്കും. അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ നേതാക്കന്മാർ ഈ ചടങ്ങിൽ പങ്കെടുക്കും.

പുരസ്ക്കാര ജേതാക്കൾ

വെസ്‌ലി മാത്യൂസ് – പബ്ലിക് സർവീസ്

wesly-mathewsവെസ്‌ലി മാത്യൂസ് ന്യൂജേഴ്‌സിയിലേക്ക് ബിസിനസ്സ് ആകർഷിക്കുന്ന പ്രമുഖ നോൺ പ്രൊഫിറ്റ് സംഘടനയായ ചൂസ് ന്യൂജേഴ്‌സിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്. ബിസിനസ്സ് കെട്ടിപ്പടുക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രധാന അമേരിക്കൻ സംസ്ഥാനമായി അദ്ദേഹം ന്യൂജേഴ്‌സിയെ രാജ്യത്തിനകത്തും വിദേശത്തും അവതരിപ്പിക്കുന്നു. ചൂസ് ന്യൂജേഴ്‌സിയിൽ ചേരുന്നതിന് മുമ്പ്, യു.എസ്. ഫോറിൻ സർവീസിലെ കരിയർ ഡിപ്ലോമറ്റായിരുന്നു. സൗദി അറേബ്യ, ഇന്ത്യ, പാകിസ്ഥാൻ, ജർമ്മനി, നൈജീരിയ എന്നിവിടങ്ങളിലെ എംബസികളിലും കോൺസുലേറ്റുകളിലും വാഷിംഗ്ടൺ ഡി. സി. യിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗവർണർ ഫിൽ മർഫിയുടെ ക്ഷണപ്രകാരം ഈ സമയത്ത് ന്യൂജേഴ്‌സി ഇക്കണോമിക് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഫെഡറൽ എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച്, സംസ്ഥാനത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ ഓഫീസ് സ്ഥാപിച്ചു. ന്യൂജേഴ്‌സിയുടെ ആഗോള വ്യാപനം വർദ്ധിപ്പിക്കുന്നതിലും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള വിജയകരമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ന്യൂജേഴ്‌സി-ഇന്ത്യ കമ്മീഷൻ ചെയർമാനായും ന്യൂജേഴ്‌സി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഫിഫ വേൾഡ് കപ്പ് 26 ന്യൂയോർക്ക് ന്യൂജേഴ്‌സി ഹോസ്റ്റ് കമ്മിറ്റി എന്നിവയുൾപ്പെടെ നിരവധി ബോർഡുകളിലും മാത്യൂസ്സ് സേവനമനുഷ്ഠിക്കുന്നു.

വർക്കി എബ്രഹാം – ബിസിനസ് ലീഡർഷിപ്പ്

varkey_abrahamബഹുമുഖ രംഗങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന വർക്കി എബ്രഹാം, ഹാനോവർ ബാങ്ക് , USA – യുടെ സ്ഥാപക ഡയറക്ടറാണ്. എ ആൻഡ് എസ് ലെതർ കമ്പനിയുടെയും വി എ സ്മിത്ത് ഷൂ കമ്പനി ഇന്റർനാഷണലിന്റെയും സിഇഒ കൂടിയാണ്. കൂടാതെ, എബ്രഹാം ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപകനും പ്രവാസി ടെലിവിഷൻ ചാനലിന്റെ ചെയർമാനായും പ്രവർത്തിക്കുന്നു. അദ്ദേഹം ലോക കേരള സഭയിലെ അംഗമാണ് (Invitee).  ഇൻഡോ-അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ മുൻ പ്രസിഡന്റായും മാർത്തോമ്മാ സഭാ കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകൻ ആണ്.

സാംസി കൊടുമൺ – പ്രവാസി മലയാള സാഹിത്യം

samsy1970 കളുടെ അവസാനത്തിൽ കേരളത്തിലും 1990 കളുടെ അവസാനത്തിൽ അമേരിക്കയിലും എഴുതിത്തുടങ്ങിയ സാംസി ഒരു അമേരിക്കൻ മലയാളി എഴുത്തുകാരൻ എന്ന നിലയിൽ തന്റേതായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. പത്രങ്ങളിലും സാഹിത്യ മാസികകളിലും അദ്ദേഹം തന്റെ  അസ്തിത്വവാദ ചെറുകഥകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. യുഎസിൽ അദ്ദേഹം ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നതോടൊപ്പം  പേപ്പർബാക്ക് പ്രസിദ്ധീകരണങ്ങൾ തുടങ്ങുകയും ചെയ്തു. ഇതിനകം 3 ചെറുകഥാ സമാഹാരങ്ങളും 4 നോവലുകളും പ്രസിദ്ധീകരിച്ചു. The first Book of an Exotic (Barnes & Noble പോലുള്ള അമേരിക്കൻ ബുക്ക് സ്റ്റോറുകളിൽ ലഭ്യമാണ്) എന്ന പേരിൽ തന്റെ ആദ്യ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ കൃതി.

ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക), കെസിഎഎൻഎ (കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) എന്നിവയിൽ അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. വിചാരവേദി NY എന്നറിയപ്പെടുന്ന സാഹിത്യവേദി അദ്ദേഹം സ്ഥാപിച്ചു. MAM (മലയാളി അസോസിയേഷൻ ഓഫ് മേരിലാൻഡ്), ജനനി, ഫൊക്കാന എന്നിവയുൾപ്പെടെ ചെറുകഥകൾക്കും നോവലുകൾക്കും നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. സാംസിയുടെ ഏറ്റവും പുതിയ കൃതി തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്, യുഎസിലെ [കറുത്ത] അടിമത്തത്തെ കുറിച്ച് നന്നായി ഗവേഷണം ചെയ്തതും പിടിച്ചിരുത്തുന്നതുമായ ഒരു ചരിത്ര നോവൽ, നിലവിൽ Emalayalee.com – ൽ സീരിയൽ ആയി പ്രസിദ്ധീകരിക്കുന്നു.  ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ഭാര്യയ്ക്കും കുട്ടികൾക്കും ഒരു പേരക്കുട്ടിക്കുമൊപ്പം താമസിക്കുന്നു.

സുജ തോമസ് – നഴ്സിംഗ് ലീഡർഷിപ്പ്

sujaനാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ (NAINA) പ്രസിഡൻ്റാണ് സുജ തോമസ്. കൂടാതെ CGFNS അലയൻസ് ഫോർ ഇൻ്റർനാഷണൽ എത്തിക്കൽ റിക്രൂട്ട്മെൻ്റ് പ്രാക്ടീസസിൻ്റെ ഉപദേശക ബോർഡ് അംഗവുമാണ്. സാമുവൽ എസ്. സ്ട്രാറ്റൺ വി.എ. മെഡിക്കൽ സെൻ്ററിൽ ക്ലിനിക്കൽ ലീഡായും ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്പർവൈസറായും   പ്രവർത്തിക്കുന്നു. അതോടൊപ്പം ജെറിയാട്രിക്സ്, രോഗികളുടെ സുരക്ഷ, നഴ്സിംഗ് വിദ്യാഭ്യാസത്തിലെ സിമുലേഷൻ എന്നിവയിൽ ഗവേഷണത്തിലും പങ്കാളിയാണ് .

2016-ൽ ക്ലിനിക്കൽ എക്സലൻസിനുള്ള റോബർട്ട് സ്കോളർ അവാർഡ് നൽകി അവരെ ആദരിച്ചു. മിനിമൽ ലിഫ്റ്റ് പ്രോഗ്രാമിലൂടെ ആരോഗ്യ പ്രവർത്തകരുടെ നടുവേദനയുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഗവേഷണ പഠനത്തിന് 2014-ൽ ട്രാൻസ്ഫോർമേഷനൽ ലീഡർഷിപ്പ് അവാർഡ് അവർക്ക് ലഭിച്ചു. നൈനയിൽ നിന്ന് 2021-ൽ ക്വാണ്ടം ലീഡർഷിപ്പ് അവാർഡും 2022-ൽ നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ – ക്ലിനിക്കൽ എക്സലൻസ് അവാർഡും അവർക്ക് ലഭിച്ചു.

ഡോ. സുനന്ദ നായർ – പെർഫോർമിംഗ് ആർട്സ്

sunanda-nairഡോ. സുനന്ദ നായർ പ്രശസ്തയായ  മോഹിനിയാട്ടം നർത്തകിയും അധ്യാപികയും നൃത്തസംവിധായകയുമാണ്. ‘മോഹിനിയാട്ടത്തിൻ്റെ ഗ്ലോബൽ അംബാസഡർ’ ആയി അവർ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ നൃത്ത വിദ്യാലയമായ SPARC വഴിയും ദേശീയ അന്തർദേശീയ വേദികളിലെ നിരവധി പ്രകടനങ്ങളിലൂടെയും മോഹിനിയാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു. മുംബൈ ദൂരദർശൻ്റെ എ-ഗ്രേഡ് ആർട്ടിസ്റ്റായ അവർ ന്യൂയോർക്കിലെ കാർണഗീ ഹാൾ, മോസ്കോയിലെ ബോൾഷോയ് തിയേറ്റർ തുടങ്ങിയ പ്രശസ്തമായ വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. 2010-ൽ കേരള സംഗീത നാടക അക്കാദമി അവാർഡും 2016-ൽ കേരള കലാമണ്ഡലത്തിൻ്റെ ‘കലാരത്നം’ അവാർഡും സുനന്ദയെ തേടിയെത്തി.

അവരുടെ പിഎച്ച്ഡി തീസിസ്, ‘മോഹിനിയാട്ടത്തിൽ അന്തർലീനമായ ലിറിക്കൽ ഫെമിനിസം’ (മുംബൈ യൂണിവേഴ്സിറ്റി, 2016), ഈ മേഖലയിലെ അവരുടെ വൈജ്ഞാനിക സംഭാവനകളെ പ്രതിഫലിപ്പിക്കുന്നു. മോഹിനിയാട്ടത്തോടുള്ള തൻ്റെ സമർപ്പണത്തിലൂടെ, സുനന്ദ നായർ ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ഈ ക്ലാസിക്കൽ കലാരൂപത്തിൻ്റെ സൗന്ദര്യം ആഗോള വേദിയിൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.

ഹാഷിം മൂപ്പൻ – ലീഗൽ സർവീസ്

Hashimഹാഷിം മൂപ്പൻ ദേശീയതലത്തിൽ ഒരു മുൻനിര    അറ്റോർണിയും നിയമ തന്ത്രജ്ഞനുമായി  അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  നിലവിൽ ജോൺസ് ഡേ എന്ന നിയമ സ്ഥാപനത്തിന്റെ പാർട്ണർ ആണ്.  മുമ്പ് സോളിസിറ്റർ ജനറലിൻ്റെ കൗൺസിലറായും സിവിൽ അപ്പലേറ്റ് സ്റ്റാഫിൻ്റെ ഡെപ്യൂട്ടി അസിസ്റ്റൻ്റ് അറ്റോർണി ജനറലായും യു.എസ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.   ജസ്റ്റിസ് അൻ്റോണിൻ സ്കലിയയുടെ മുൻ  ക്ളാർക്കായിരുന്ന  ഹാഷിം യുഎസ് സുപ്രീം കോടതിയിൽ അഞ്ച് കേസുകളും   ഫെഡറൽ കോടതികളിൽ ഡസൻ കണക്കിന് കേസുകളും വാദിച്ചിട്ടുണ്ട്. പ്രസിഡൻ്റിൻ്റെ അധികാരത്തിൻ്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട നിരവധി  പ്രമുഖ  കേസുകൾ ഉൾപ്പെടെ.  50-ലധികം സുപ്രീം കോടതി മെരിറ്റ്സ് കേസുകളിലും 100-ലധികം അപ്പീൽ കേസുകളിലും ഹാഷിം വ്യക്തിപരമായി പ്രവർത്തിച്ചു.  ഫെഡറൽ ഭരണഘടനാപരവും നിയമപരവും റഗുലേറ്ററി പരവുമായ കേസ് നടത്തുന്നതിന്  വിപുലമായ അനുഭവപരിചയം നേടി .

ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് magna cum laude – ആയും  ഹാർവാർഡ് കോളേജിൽ നിന്ന് cum laude – ആയും ലോ ബിരുദം നേടി. കുടുംബത്തോടൊപ്പം ആർലിംഗ്ടൺ, VA – യിൽ താമസിക്കുന്നു. ന്യു യോർക്കിലുള്ള   ഡോ.  ഉണ്ണി മൂപ്പന്റെയും ഹസീന   മൂപ്പന്റെയും മകനാണ്.  സലീം മൂപ്പൻ  സഹോദരൻ.

ജോൺസൺ സാമുവൽ – ഹ്യൂമാനിറ്റേറിയൻ ആൻഡ് സോഷ്യൽ സർവീസ്

johnsonജോൺസൺ സാമുവൽ (സാം/റെജി) 2013-ൽ സ്ഥാപിതമായ ലൈഫ് ആൻഡ് ലിംബ് എന്ന സംഘടനയുടെ സ്ഥാപകനാണ്. ഇത് കേരളത്തിലുടനീളമുള്ള കാലുമുറിച്ച് കഷ്ട്പ്പെടുന്നവരുടെ   ആവശ്യങ്ങൾക്കായി, അവർക്ക് ഏറ്റവും ഉയർന്ന നിലവാരമുള്ള കൃത്രിമ കാലുകൾ (prosthetic limbs) നൽകുന്ന   പ്രസ്ഥാനമാണ്. ഇന്നുവരെ, ലൈഫ് ആൻഡ് ലിംബ് 204 കൃത്രിമ കാലുകൾ  ദാനം ചെയ്തിട്ടുണ്ട്. ഒരു അവയവത്തിന് ശരാശരി $2,000 ചിലവ്. 2024-ൽ 170,000 ഡോളർ ചെലവിൽ 100 കൃത്രിമ കാലുകൾ  നൽകാൻ അവർ പദ്ധതിയിടുന്നു. കേരളത്തിലെ അംഗവൈകല്യം സംഭവിച്ച ആയിരക്കണക്കിന് ആളുകളെ അവരുടെ ജീവിതത്തിന്റെ  നിയന്ത്രണം വീണ്ടെടുക്കുന്നതിന്  പ്രാപ്തരാക്കുന്ന വ്യക്തിഗത പരിചരണവും പിന്തുണയും നൽകുക എന്നതാണ് അവരുടെ ദൗത്യം.

ജോൺസൺ സാമുവൽ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ താമസിക്കുന്നു. 17 വയസ്സുള്ളപ്പോൾ അദ്ദേഹം യുഎസ്എയിൽ എത്തി. മിനിയോള ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ക്വീൻസിലെ കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി. കഴിഞ്ഞ 22 വർഷമായി മോണ്ടിഫിയോർ മെഡിക്കൽ സെന്ററിൽ ഐടി നെറ്റ്വർക്കിംഗ് ഡിപ്പാർട്ട്മെന്റിൽ സീനിയർ മാനേജരായി ജോലി ചെയ്യുന്നു.

സിബു നായർ – കമ്മ്യൂണിറ്റി സർവീസ്

sibu-nairസിബു നായർ  നിലവിൽ ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലിൻ്റെ ഭരണത്തിൽ  ഏഷ്യൻ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. 2005-ൽ യുഎസിലെത്തി.  University at Buffalo, NY – ലെ ഡിപ്പാർട്ട്മെന്റ് ഓഫ്  മെഡിസിനിൽ    ജോലി ചെയ്തുകൊണ്ട്  അദ്ദേഹത്തിന്റെ കരിയറിന് തുടക്കം കുറിച്ചു.

സിബു നായർ CHAI – യുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് (കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് ആർട്സ് ഓഫ് ഇന്ത്യ, Inc.).  പ്രധാനമായും Upstate  NY – ൽ ഇന്ത്യയുടെ കല, സംസ്കാരം, പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനാണ് CHAI.  2018 മുതൽ അദ്ദേഹം ഈ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്. ഏഷ്യയുടെ പൈതൃകവും സമ്പന്നമായ സംസ്കാരവും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്ന ഒരു ദാർശനികനാണ് അദ്ദേഹം. ഇന്ത്യ അസോസിയേഷൻ ഓഫ് ബഫല്ലോയുടെ മുൻ പ്രസിഡൻ്റായിരുന്നു. 2018-ൽ ഹിന്ദു കൾച്ചറൽ സൊസൈറ്റി ഓഫ് WNY – ന്റെ വൈസ് പ്രസിഡൻ്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ആംഹെർസ്റ്റ് പട്ടണത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചുകൊണ്ട് പൗരസ്ത്യ പാശ്ചാത്യ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലെ വിടവ് നികത്തുവാൻ അദേഹത്തിന് കഴിഞ്ഞു. 2021-ൽ സിബു നായരെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ വച്ച് ഇന്ത്യ സർക്കാർ വിദേശ ഇന്ത്യക്കാർക്ക്  നൽകുന്ന ഉന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News