കേരളം ജനാധിപത്യത്തിന്റെ പച്ചത്തുരുത്ത്: കൊച്ചി സര്‍വകലാശാല ചെയര്‍പേ‍ഴ്‌സണ്‍ നമിത ജോര്‍ജ്

കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍ത്തവ അവധി അനുവദിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ തുടക്കം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്നായിരുന്നു. ചെയര്‍പേഴ്സണ്‍ നമിത ജോര്‍ജിന്റെ നേതൃത്വത്തില്‍ വനിതകള്‍ അംഗങ്ങളായ യൂണിയന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേരളത്തില്‍ ആദ്യമായി കൊച്ചി സര്‍വകലാശാലയിലും തുടര്‍ന്ന് കേരളത്തിലെ എല്ലാ സര്‍വകലാശാലയിലും ആര്‍ത്തവ അവധി അനുവദിക്കാന്‍ തീരുമാനമായത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് സൗഹാര്‍ദപരമായ കലാലയമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച കോളേജ് യൂണിയന്‍ അത്തരത്തിലുള്ള നിരവധി മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ സര്‍വകലാശാലയില്‍ നടപ്പാക്കി. ചരിത്രപരമായ നിരവധി മുന്നേറ്റങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കാലാവധി അവസാനിക്കുന്ന യൂണിയന്റെ ചെയര്‍പേഴ്സണ്‍ നമിത ജോര്‍ജ്. കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് നമിത സംസാരിക്കുന്നു.

1) കുസാറ്റില്‍ നമിതയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ആര്‍ത്തവ അവധി എന്ന നൂതന ആശയം കൊണ്ടുവരുന്നു. കോളേജ് മാനേജ്മെന്റിനു മുമ്പില്‍ വിഷയം അവതരിപ്പിക്കുന്നതു വരെയുള്ള വഴികള്‍….

വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു ആര്‍ത്തവ അവധി. നിരവധി സുഹൃത്തുക്കളുമായും പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. എറണാകുളം തൃപ്പൂണിത്തുറയില്‍ 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആര്‍ത്തവ അവധി നല്‍കിയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ഇതു വലിയ തിരിച്ചറിവായിരുന്നു. നിരവധി രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്ക് ആര്‍ത്തവാവധി നല്‍കിയിരുന്നുവെന്നും മനസിലാക്കാന്‍ കഴിഞ്ഞു. ബിഹാര്‍ സര്‍ക്കാരും തൊഴിലാളികള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്ന് അറിഞ്ഞു.

കൊച്ചി സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്സണ്‍ പദവിയിലേക്ക് 2022 ഡിസംബറില്‍ അവിചാരിതമായാണ് കടന്നുവരുന്നത്. വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധി എന്ന നിലയില്‍ ആദ്യമായി നല്‍കിയ നിവേദനം ആര്‍ത്തവ അവധിയുടേതായിരുന്നു. സര്‍കലാശാലയില്‍ നിന്ന് വലിയ എതിര്‍പ്പുകളുമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീപക്ഷ മുന്നേറ്റങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആര്‍ത്തവ അവധി സംബന്ധിച്ച് യൂണിവേഴ്സിറ്റി അധികാരികളില്‍ നിന്നു പോലും വലിയ പിന്തുണയാണ് ലഭിച്ചത്. 14 ദിവസത്തിനകം സര്‍വകലാശാല ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ചരിത്രപരമായ നേട്ടത്തിന്റെ ചെറിയൊരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. കുസാറ്റില്‍ നടപ്പാക്കിയത് പിന്നീട് കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വകലാശാല അധികാരികളോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും സര്‍ക്കാരിനോടും വിദ്യാര്‍ഥി സമൂഹത്തോടും നന്ദിയുണ്ട്.

2) ഒന്നര പതിറ്റാണ്ടിന്റെ ഇടവേളക്കു ശേഷം യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്ത് ഒരു വനിത എത്തിയപ്പോഴാണ് ഈ നിര്‍ണായക ആവശ്യം. വനിതകള്‍ക്കായി വനിതകളേ ശബ്ദമുയര്‍ത്താനുണ്ടാകൂ എന്നൊരു അര്‍ത്ഥം ഇതിലുണ്ടോ?

13 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വനിതയായിരുന്നു കുസാറ്റിലെ ആദ്യത്തെ ചെയര്‍പേഴ്സണ്‍. ഒന്നര പതിറ്റാണ്ടിനു ശേഷം ആ അവസരം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഓരോ സമൂഹത്തില്‍ നിന്നുള്ള വ്യക്തികള്‍ കടന്നു വരുമ്പോഴാണ് അതത് സമൂഹത്തിന്റെ ശബ്ദങ്ങള്‍ കൂടുതല്‍ ഉയര്‍ത്തപ്പെടുക. വനിതകള്‍ക്ക് വേണ്ടി വനിതകള്‍ മാത്രമേ സംസാരിക്കാനുണ്ടാകൂ എന്ന അഭിപ്രായമില്ല. പക്ഷേ നമ്മുടെ അനുഭവങ്ങള്‍ കുറച്ച് കൂടി മറ്റുള്ളവര്‍ക്ക് മനസിലാകണമെങ്കില്‍ നാം തന്നെ ശബ്ദമുയര്‍ത്തണം. അതുകൊണ്ട് സ്ത്രീകള്‍ക്ക് അവരുടേതായ വിഷയങ്ങള്‍ പുറംലോകവുമായി സംവദിക്കാനാകും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ അവകാശങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് കൂടുതല്‍ സംവദിക്കാനാകും. വിവിധ വിഭാഗത്തിലുള്ള, വിവിധ ജെന്‍ഡറുകളിലുള്ളവര്‍ സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് വരുമ്പോള്‍ മാത്രമേ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള മനുഷ്യരുടെ ആവശ്യങ്ങള്‍ സംവദിക്കാനും നയങ്ങളില്‍ വ്യത്യാസം കൊണ്ടുവരാനും സാധിക്കൂ. വനിതയായതു കൊണ്ട് തന്നെയാണ് വനിതകളുടെ ബുദ്ധിമുട്ടുകള്‍ കൂടുതലായി മനസിലാക്കാന്‍ സാധിച്ചത്. പക്ഷേ അതിന് വനിത തന്നെയാകണമെന്ന് നിര്‍ബന്ധമില്ല. ആര്‍ത്തവ അവധിക്ക് സ്ത്രീകളില്‍ നിന്നു മാത്രമല്ല, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പിന്തുണ കിട്ടി. ഇതിന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാവരും മനസിലാക്കുന്നുണ്ട്. പലതരം മനുഷ്യര്‍ നിരവധി വിഷയങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ഒത്തിരി മാറ്റങ്ങളുണ്ടാകും. ജനുവരി മൂന്നിനാണ് ആര്‍ത്തവ അവധിയെക്കുറിച്ച് നിവേദനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ഇറക്കിയപ്പോള്‍ തന്നെ മികച്ച പ്രതികരണം ലഭിച്ചു.

3) ആവശ്യങ്ങള്‍ക്കു വേണ്ടി പോരാടണം എന്ന മാതൃകയുമായി നമിത മുന്നിട്ടിറങ്ങിക്കഴിഞ്ഞു. സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പ്രതികരണം – അല്ലെങ്കില്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെ വിലയിരുത്തുന്നു ?

സര്‍വകലാശാലയുടെ പുറത്തു നിന്നും നല്ല പിന്തുണ ലഭിച്ചു. ചിലര്‍ നെഗറ്റീവായും പ്രതികരിച്ചിട്ടുണ്ട്. എങ്കിലും നെഗറ്റീവായാണെങ്കിലും ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കാന്‍ പലരും തയാറായി. പലരും സംസാരിക്കാതിരുന്ന വിഷയത്തെക്കുറിച്ച് വിമര്‍ക്കാനെങ്കിലും പലരും സംസാരിച്ചു തുടങ്ങി. പക്ഷേ സമൂഹം ഒരുപാട് മാറി എന്നാണ് വിശ്വാസം. പൊതുസമൂഹത്തിന്റെ പൊതുബോധം ഇതിനെ ന്യായീകരിക്കുന്ന വിധത്തിലെത്തി.

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവാവധി അനുവദിക്കണം എന്നാണ് നിവേദനത്തില്‍ എഴുതിയിരുന്നത്. ട്രാന്‍സ് വുമണെ കൂടി അവധിയിലുള്‍പ്പെടുത്തണം എന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് മനപൂര്‍വ്വം വിട്ടുപോയതല്ല. അതേക്കുറിച്ച് നിവേദനം നല്‍കുന്ന സമയത്ത് ചിന്തിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഇനിയും ഒരു അവസരം ലഭിച്ചാല്‍ ഇതിനായി പരിശ്രമിക്കണമെന്നാണ് കരുതുന്നത്. നിരവധി കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിളിച്ചിരുന്നു. ഇതു വളരെ പ്രചോദനമായി. ഓരോ വിഭാഗത്തിലുമുള്ളവരുടെ അവകാശ പോരാട്ട മുന്നേറ്റത്തിന് കരുത്തു നല്‍കുന്നതായിരുന്നു ആര്‍ത്തവാവധി പ്രഖ്യാപനം.

4) ആര്‍ത്തവാവധിയ്ക്ക് ശേഷം കുസാറ്റില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന പുതിയ ചുവട് വയ്പ് നടത്തി. അതേക്കുറിച്ച്?

കൂടുതല്‍ വിദ്യാര്‍ഥിനി സൗഹൃദമായ, ഭിന്നശേഷി സൗഹൃദമായ, ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദമായ കലാലയം സൃഷ്ടിച്ചെടുക്കുക, കൂടുതല്‍ ജെന്‍ഡല്‍ ന്യൂട്രലായ കലാലയം സൃഷ്ടിക്കണം എന്ന ആഗ്രഹത്തോടെയാണ് വിദ്യാര്‍ഥി യൂണിയന്‍ ചുമതല ഏറ്റെടുത്തത്. അതിന്റെ ആദ്യപടി എന്ന നിലയിലാണ് ആര്‍ത്തവ അവധി നടപ്പാക്കാന്‍ കഴിഞ്ഞത്. രണ്ടാമത്തെ നിവേദനം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നതിനായിട്ടായിരുന്നു. ആണ്‍കുട്ടികള്‍ക്ക് പാന്റ്സും ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും ആയിരുന്നു കുസാറ്റിലെ യൂണിഫോം. മറ്റു പല സര്‍ക്കാര്‍ സ്‌കൂളുകളിലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെ തുടര്‍ന്നാണ് യൂണിവേഴ്സിറ്റിയിലും ഇതിനുള്ള നീക്കങ്ങള്‍ നടത്തിയത്. നിവേദനം നല്‍കിയതിന്റെ ഫലമായി നിലവിലുള്ള യൂണിഫോം ഏത് ജെന്‍ഡറിലുള്ളവര്‍ക്കും ധരിക്കാന്‍ അനുവാദം നല്‍കി സര്‍വകലാശാല ഉത്തരവായി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്ന സമയത്താണ് ഇത് കൂടുതല്‍ പ്രസക്തമാകുന്നത്. ഓരോ വ്യക്തിയും കംഫര്‍ട്ടബിളാകുന്ന ഏത് വസ്ത്രവും ഏത് വ്യക്തിക്കും ധരിക്കാം. വളരെ പുരോഗമനപരമായ തീരുമാനമാണ് സര്‍വകലാശാല സ്വീകരിച്ചത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ കുസാറ്റില്‍ പഠിക്കുന്നില്ലെങ്കിലും അവര്‍ക്കായി ഒരു വാഷ്റൂം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനവും പരിഗണിക്കപ്പെട്ടു. സര്‍വകലാശാലയിലെ അമിനിറ്റി സെന്ററില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യൂണിയന്‍ കാലാവധി തീരുകയാണ്. ഏറ്റവും അവസാനമായി ചെയ്തത് കെല്‍ട്രോണുമായി സഹകരിച്ച് 480 മെന്‍സ്ട്രല്‍ കപ്പുകള്‍ വിദ്യാര്‍ഥിനികള്‍ക്കായി വിതരണം ചെയ്തു. മെന്‍സ്ട്രല്‍ ഹൈജീന്‍, മെന്‍സ്ട്രല്‍ ബോധവത്കരണം എന്നിവയുടെ പ്രാധാന്യം മനസിലാക്കി സസ്റ്റെയ്നബിള്‍ മെന്‍സ്ട്രേഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. പുതിയ മുന്നേറ്റങ്ങള്‍ ഇക്കാലയളവില്‍ ചെയ്യാന്‍ സാധിച്ചുവെന്നാണ് വിശ്വാസം. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലിഫ്റ്റുകളും വീല്‍ച്ചെയര്‍ സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അവ കുറച്ചെങ്കിലും ഉപകാരപ്രദമായി എന്ന് കരുതുന്നു.

5)അഭിഭാഷകയാകാനുള്ള തയ്യാറെടുപ്പിലാണല്ലോ. കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തില്‍ നമിതയുടെ പ്രവര്‍ത്തന മേഖല എങ്ങനെയാണ് വിഭാവനം ചെയ്യുന്നത്?

അഭിഭാഷയായി എന്റോള്‍ ചെയ്തിട്ടുണ്ട്. നിലവില്‍ പ്രാക്ടീസ് ആരംഭിച്ചിട്ടില്ല. ഏറ്റവും നല്ല രീതിയില്‍ എന്റെ കാഴ്ചപ്പാടില്‍ ഉറച്ചുനിന്നു കൊണ്ടും എന്റെ രാഷ്ട്രീയത്തില്‍ വിശ്വസിച്ചുകൊണ്ടും ഈ പ്രൊഫഷനില്‍ തുടരണമെന്നാണ് ആഗ്രഹം. നിലവില്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ പ്രവര്‍ത്തനത്തില്‍ വ്യാപൃതയാണ്. ഓരോ നിയമങ്ങളും കാവിവത്ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ സാധാരണ മനുഷ്യര്‍ക്ക് അടിസ്ഥാന നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തം അഭിഭാഷകര്‍ക്ക് തന്നെയാണ്. കഴിയും വിധം ആ ഉദ്യമത്തില്‍ പങ്കാളിയാകണം.

6) കേരളത്തില്‍ സ്ത്രീകള്‍ നേടിയ മുന്നേറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരള സമൂഹത്തില്‍ സ്ത്രീകളെല്ലാവരും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. പുരോഗമന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഏതുരംഗത്തും കടന്നു വരാനും സ്വന്തം അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. സംവരണത്തെക്കുറിച്ചുള്ള പലരുടെയും തെറ്റിദ്ധാരണ മാറണമെന്ന് അഭിപ്രായമുണ്ട്. പെണ്‍കുട്ടികള്‍, ട്രാന്‍ഡസ്ജെന്‍ഡറുകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും ജാതിയുടെ പേരിലുള്ള സംവരണവുമൊക്കെ എന്തിനാണെന്ന് ചോദിക്കാറുണ്ട്. ആര്‍ത്തവ അവധിയുടെ കാര്യത്തില്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാത്രം അധിക ആനുകൂല്യമെന്തിന് എന്നെല്ലാം ചിലര്‍ ചോദിച്ചിരുന്നു. തുല്യത എന്നാല്‍ എല്ലാവര്‍ക്കും ഒരേ കാര്യങ്ങള്‍ കൊടുക്കുകയെന്നതല്ല തുല്യമായ അവസരം നല്‍കുകയെന്നതാണ് എന്ന അടിസ്ഥാന പാഠം എല്ലാവരും മനസിലാക്കണം. ഒരേ സ്ഥലത്തെത്താന്‍ ഒരാള്‍ക്ക് കൂടുതല്‍ പ്രയത്നം ആവശ്യമാണെങ്കില്‍ അതിനാവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നതാണ് സംവരണത്തിന്റെ അടിസ്ഥാനം. ഇക്കാര്യം എല്ലാവരും തിരിച്ചറിയണം. ഒരു വനിത കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ എന്തിന്റെയെങ്കിലും പേരില്‍ ഒരു വ്യക്തി കൂടുതലായി ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ക്കാവശ്യമായ പ്രത്യേക ആനുകൂല്യമോ പരിഗണനയോ നല്‍കണം. ഏത് കാലഘട്ടത്തിലാണോ അത്തരം ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുക അതുവരെ തുല്യമായ അവസരങ്ങള്‍ നല്‍കണം. ഒരു പെണ്‍കുട്ടി വലിയ നേട്ടം കൈവരിക്കുന്നത് സമൂഹത്തില്‍ വലിയ വാര്‍ത്ത അല്ലാതാകുന്ന കാലമാണ് ഞാന്‍ സ്വപ്നം കാണുന്നത്. മറ്റ് വ്യത്യാസങ്ങള്‍ക്കപ്പുറത്ത്, എല്ലാവര്‍ക്കും സ്വന്തം കഴിവിന്റെയും വ്യക്തിത്വത്തിന്റെയും പേരില്‍ തന്നെ നിലനില്‍ക്കാന്‍ സാധിക്കുന്ന സമൂഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

7) മലയാളി എന്ന നിലയിലുള്ള ഏറ്റവും വലിയ അഭിമാനം?

സമീപകാല രാഷ്ട്രീയ പശ്ചാത്തലം ചിന്തിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ കേരള നിയമസഭ പ്രമേയം പാസാക്കി കൃത്യമായ ഒരു രാഷ്ട്രീയ പ്രസ്താവന നടത്തുമ്പോള്‍ ഏറെ അഭിമാനം തോന്നാറുണ്ട്. ഏക സിവില്‍ കോഡിനെതിരേയും നിയമസഭ പ്രമേയം പാസാക്കി. കാവിവത്കരണത്തിനെതിരേ ജനാധിപത്യത്തിന്റെ പച്ചത്തുരുത്തായി കേരളം നിലകൊള്ളുന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

നമ്മുടെ നാടിന്റെ പേരും പെരുമയും ലോകമെമ്പാടും അറിയേണ്ടതുണ്ട്. അത് കേരള എന്ന പേര് മാറി കേരളം എന്നായതില്‍ തുടങ്ങി നാടിന്റെ തനിമയും സംസ്‌കാരവും രാഷ്ട്രീയവുമെല്ലാം ലോകം മുഴുവന്‍ അറിയണം. ഇതിനായി സംഘടിപ്പിക്കുന്ന കേരളീയത്തിന് എല്ലാ ആശംസകളും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News