നൂതന ശാസ്ത്ര സാങ്കേതിക വിഹായസ്സിലേക്ക് കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല

ആത്യാധുനിക വിവരസാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം മുന്നേറ്റത്തിലാണ്. നൂതന പഠനശാഖകള്‍ കണ്ടെത്തി വിദഗ്ധരായ തലമുറയെ വാര്‍ത്തെടുത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഡിജിറ്റല്‍ സര്‍വ്വകലാശാലയിലൂടെ സംസ്ഥാന സര്‍ക്കാര്‍.

ഉത്തരവാദിത്വമുള്ള ഒരു ഡിജിറ്റല്‍ ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഡിജിറ്റല്‍ സര്‍വ്വകലാശാല) രൂപീകരിച്ചത്. ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സര്‍വ്വകലാശാലയാണിത്. വിവരസാങ്കേതികവിദ്യയിലും അനുബന്ധ മേഖലകളിലും നേതൃത്വം നല്‍കുന്ന പ്രമുഖ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായി മാറ്റുകയെന്ന ഉദ്ദേശത്തോടെ കേരള സര്‍ക്കാര്‍ 2000ല്‍ തുടക്കമിട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരള (IIITM-K) യില്‍ നിന്നാണ് ഡിജിറ്റല്‍ സര്‍വ്വകലാശാല വികസിപ്പിച്ചത്.

Also Read: കേരളത്തില്‍ ഹെലി ടൂറിസം പദ്ധതി ഉടന്‍ ആരംഭിക്കും : മന്ത്രി മുഹമ്മദ് റിയാസ്

വളരെ ചുരുങ്ങിയ കാലം കൊണ്ട് സര്‍ക്കാരിന്റെ വിവിധ ഇ-ഗവേണന്‍സ് പദ്ധതികള്‍ ഏറ്റെടുത്ത് കഴിവ് തെളിയിക്കാന്‍ IIITM-K യ്ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനത്തിന്റെ ഘടനയില്‍ അന്തര്‍ലീനമായ ചില പരിമിതികള്‍ കൊണ്ട് രാജ്യത്തെ സമാന സ്ഥാപനങ്ങളില്‍ നടത്തുന്ന ആധുനിക കോഴ്‌സുകള്‍ നടപ്പിലാക്കാനാകാതെ വന്നു. ഈ ന്യൂനതകള്‍ പരിഹരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ IIITM-K യെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയായി 2021ലെ ആക്ട് 10 ലൂടെ നവീകരിച്ചത്. 2021 ഫെബ്രുവരി 20-ാം തിയതിയായിരുന്നു ഉദ്ഘാടനം.

വിദ്യാഭ്യാസം, ഗവേഷണം, വ്യാപനം എന്നീ മേഖലകളിലാണ് ഊന്നല്‍. ഇതിലേക്കായി ഗവേഷണ കേന്ദ്രങ്ങളും സെന്റര്‍ ഫോര്‍ എക്‌സലന്‍സും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മാറ്റിക്‌സ്, ഡിജിറ്റല്‍ സയന്‍സ് എന്നീ മേഖലകളില്‍ മാസ്റ്റേഴ്‌സ്-ഡോക്ടറല്‍ കോഴ്‌സുകള്‍ നടത്തി ശേഷി വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധ. ആധുനിക കാലത്തെ തൊഴില്‍ മേഖലക്ക് ആവശ്യമായ മാനവവിഭവശേഷി വികസിപ്പിക്കുന്നതിന് ഉതകുന്നതാണ് കോഴ്‌സുകളെല്ലാം.

നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലും ഇ-ഗ്രാന്റ്‌സ് കേരളയിലും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ലൈബ്രറി സൗകര്യവും ലഭ്യമാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനോടകം പ്രമുഖ കമ്പനികളില്‍ 100% ക്യാമ്പസ് നിയമനം ലഭിച്ചിട്ടുണ്ട്.

Also Read: അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ടൈറ്റിൽ സോങ് പുറത്തിറങ്ങി

യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരുടെയും മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയും നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും ഡിജിറ്റല്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തിവരുന്നുണ്ട്. ഒട്ടനവധി പ്രോജക്ടുകള്‍ നടപ്പിലാക്കി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വിദേശ സര്‍വകലാശാലകളായ എഡ്വിന്‍ബറോ യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി, സിജെന്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് ഗവേഷണ പദ്ധതികള്‍ക്കായി കൈകോര്‍ക്കുന്നതിന് ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്.

അത്യാധുനിക സൗകര്യങ്ങളിലൂടെയും മികവുറ്റ പഠനരീതിയിലൂടെയും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വികസനത്തിന്റെ പാതയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയാണ് ഈ സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥി ശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News