കേരള തീരത്ത് ഓഫ്‌ഷോർ മണൽ ഖനനം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ സംസ്ഥാന സർക്കാർ എതിർപ്പ് അറിയിച്ചു. സംസ്ഥാന താൽപര്യങ്ങൾ കണക്കിലെടുക്കാതെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയുമാണ് ഓഫ്‌ഷോർ മണൽ ഖനനത്തിന് കേന്ദ്രം തുനിയുന്നതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേന്ദ്ര ഏജൻസിയായ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കേരള തീരത്ത് നടത്തിയ പഠനത്തിൽ നിർമ്മാണപ്രവർത്തനങ്ങൾക്കു ഉപയുക്തമാകുന്ന 745 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര നീക്കം.
കേന്ദ്ര നിയമമായ 2002ലെ ഓഫ്‌ഷോർ മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി ധാതു വിഭവമടങ്ങുന്ന ബ്ലോക്കുകൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഖനനത്തെക്കുറിച്ച് ആലോചിക്കുന്നതിനായി കൊച്ചിയിൽ കേന്ദ്ര മൈനിംഗ് മന്ത്രാലയം സംഘടിപ്പിച്ച റോഡ് ഷോയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിയിച്ചു.
ALSO READ; ഫുട്ബാളിന്‍റെ മിശിഹാ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക്… ഒക്ടോബർ 25 മുതൽ നവംബർ 2 വരെ മെസി കേരളത്തിൽ
കാലാകാലങ്ങളിൽ സമുദ്രനിരപ്പിൽ ഉണ്ടായ മാറ്റത്തിന് അനുസൃതമായി സമുദ്രത്തോട് ചേരുന്ന നദികളുടെ വിന്യാസത്തിനനുസരിച്ച് അവ നിക്ഷേപിച്ച മണൽ സഞ്ചയങ്ങളാണ് ഓഫ്‌ഷോർ മണൽ നിക്ഷേപങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കേരള തീരത്തിന്റെ ഭാഗമായ 5 പ്രധാനപ്പെട്ട മേഖലകളാണ് നിലവിൽ മണൽ സഞ്ചയങ്ങളായി കണ്ടെത്തിയിട്ടുള്ളത്. പൊന്നാനി സെക്ടർ, ചാവക്കാട് സെക്ടർ, ആലപ്പുഴ സെക്ടർ, കൊല്ലം വടക്കു സെക്ടർ, കൊല്ലം തെക്ക് സെക്ടർ എന്നിവയാണ് അവ. ഈ മേഖലയിൽ ഏകദേശം 745 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. തീരദേശം മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള ‘ഇന്ത്യൻ ടെറിറ്റോറിയൽ വാട്ടേർസ്’ ഭാഗത്തും 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന്റെ ഭാഗത്തും ഈ മണലിന്റെ വിന്യാസം കണ്ടെത്തിയിട്ടുണ്ട്.
മണൽ ബ്ലോക്ക് ലേലവുമായി ബന്ധപ്പെട്ട് നിലവിൽ പരിഗണിക്കുന്ന കൊല്ലം മേഖലയിലെ 3 ബ്ലോക്കുകളിലായി ഏകദേശം 300 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയിൽ സമുദ്രത്തിനു ഏകദേശം 48മീറ്റർ മുതൽ 62മീറ്റർ വരെ ആഴമുണ്ട്. കേരളത്തിന്റെ നിർമ്മാണമേഖലയ്ക്ക് അടുത്ത 50 വർഷത്തേക്കാവശ്യവുമായ മുഴുവൻ മണലും ഈ ഓഫ്‌ഷോർ മണൽ ഖനനത്തിലൂടെ ലഭ്യമാകുമെന്നാണ് അവകാശവാദം.
ALSO READ; കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ രാജ്യമൊട്ടാകെ ജലഗതാഗതം; പഠന ചുമതല കെഎംആര്‍എല്ലിന്
2002ലെ ഓഫ്‌ഷോർ മിനറൽ (ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലെ മാനദണ്ഡങ്ങളും വ്യവസ്ഥകളും അവയിൽ 2023ൽ വരുത്തിയ ഭേദഗതികളും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾ കണക്കിലെടുക്കുന്ന വിധത്തിൽ അല്ല എന്ന് കേരളം ചൂണ്ടിക്കാണിക്കുന്നു. ധാതു സമ്പത്തിന്റെ ഖനനത്തിലൂടെ ലഭിക്കുന്ന റോയൽറ്റി പൂർണ്ണമായും കേന്ദ്ര സർക്കാരിനുള്ളതാണ്. 2023ലെ ഭേദഗതിയിലൂടെ സ്വകാര്യമേഖലക്ക് കൂടി ഖനനമേഖലയിൽ പങ്കാളിത്തം നൽകിയിട്ടുണ്ട്. നിയമത്തിലെ പോരായ്മകളെക്കുറിച്ച് സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്.
പാരിസ്ഥിതികമായ ഒരു ഘടകവും പരിഗണിക്കുന്നില്ല എന്നതാണ് നിയമ ഭേദഗതിയിലെ പ്രധാന ന്യൂനത. ഓഫ്‌ഷോർ ധാതു നിക്ഷേപവും സമുദ്രാന്തർ ഭാഗത്തെ ജീവികളുടെ അതിലോല ആവാസവ്യവസ്ഥയും പരസ്പര സഹവർത്തിത്വത്തിൽ അധിഷ്ടിതമാണ്. ധാതു ഖനനത്തിലൂടെ ഈ ആവാസവ്യവസ്ഥയ്ക്കും മൽസ്യസമ്പത്തിനും ഉണ്ടാകുന്ന ആഘാതം വിലയിരുത്തപ്പെട്ടിട്ടില്ല. നേരത്തെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഇന്ത്യൻ ബ്യുറോ ഓഫ് മൈൻസ്, അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയിരുന്നു ഓഫ്‌ഷോർ പര്യവേഷണങ്ങളും ഖനനവും നടന്നുവന്നിരുന്നത്. എന്നാൽ 2023ലെ ചട്ടഭേദഗതിയിൽ ഈ അധികാരം നീക്കം ചെയ്തു. ഈ കാര്യങ്ങൾ കണക്കിലെടുത്ത് ഖനന നീക്കം ഉപേക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here