ലോകത്തിലെ മികച്ച രാജ്യാന്തര ചലച്ചിത്രമേളയായി മാറുക എന്നതാണ് ഐഎഫ്എഫ്‌കെയുടെ ലക്ഷ്യമെന്നു കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിലെ മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ സ്റ്റാളിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേള നടക്കുന്ന പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും ഹരിത പ്രോട്ടോക്കോൾ പാലിക്കുവാനും ശുചീകരണ തൊഴിലാളികളുടെയും ഹരിത കർമസേനാംഗങ്ങളുടെയും നിസ്വാർഥ സേവനം സഹായകരമാകുന്നു. പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഒഴിവാക്കി ഹരിതപ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുന്നത്. ശുചീകരണ പ്രവർത്തികൾക്ക് കഠിനപ്രയത്‌നം അർപ്പിച്ച പരിപാടിയുടെ വിജയത്തിനായി അകമഴിഞ്ഞു പ്രവർത്തിക്കുന്ന തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു.
ചലച്ചിത്രമേളയുടെ ജനപങ്കാളിത്തം ഉയരുകയാണ്. 15000ൽ കൂടുതൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടന്നു. മേളയിലെ സ്ത്രീ പ്രാതിനിധ്യവും മണ്മറഞ്ഞ കലാകാരന്മാരെ ആദരിച്ചു നടത്തിയ പരിപാടികളും രക്ത അവയവദാന പരിപാടികളും എക്‌സിബിഷനുകളും മേളയുടെ മാറ്റുകൂട്ടുന്നു. മേളയുടെ നാലാം ദിനം വരെയുള്ള പ്രദർശനങ്ങൾക്കു മികച്ച പ്രതികരണമാണെന്നും സദസുകൾ നിറഞ്ഞിരിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം വേർതിരിക്കൽ, സംസ്‌കരിക്കൽ എന്നിവയെക്കുറിച്ച് അറിവു നൽകാൻ സഹായിക്കുന്ന സ്റ്റാളിൽ പൊതു ശൗചാലയം, മാതൃകാ ഗ്രാമത്തിലെ മാലിന്യ സംസ്‌കരണം, ജൈവ മാലിന്യ കമ്പോസ്റ്റ് എന്നിവയുടെയെല്ലാം മാതൃകാ രൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
മാലിന്യത്തിൽ നിന്നുണ്ടാകുന്ന സമ്പത്ത് എന്നതാണ് ആപ്തവാക്യം. മാലിന്യത്തെപ്പറ്റിയുള്ള തുറന്ന ചർച്ചകൾക്കായി ‘വേസ്റ്റ് ചാറ്റ്’ എന്നൊരു വേറിട്ട സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ സ്വച്ഛ് സർവേക്ഷൺ പ്രചരണ പരിപാടിയുടെ പോസ്റ്ററും ചെയർമാൻ പ്രകാശിപ്പിച്ചു. ശുചിത്വ മിഷൻ കോഓർഡിനേറ്റർ അരുൺരാജ്, അസിസ്റ്റൻ്റ് കോഓർഡിനേറ്റർ സുജ പി.എസ്, പ്രോഗ്രാം ഓഫിസർ ബബിത എൻ.സി. എന്നിവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here